Accident: കൽപ്പറ്റയിൽ ബസും വാനും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റവരിൽ വയനാട് ദുരന്തബാധിതരായ ശ്രുതിയും ജെൻസണും
അപകടത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ വയനാട് ദുരന്തബാധിതരായ ശ്രുതിയും ജെൻസണും ഉണ്ട്.
വയനാട്: കൽപറ്റയിൽ സ്വകാര്യബസും വാനും കൂട്ടിയിടിച്ച് അപകടം. കൽപ്പറ്റ വെള്ളാരംകുന്നിലാണ് സംഭവം. അപകടത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ വയനാട് ദുരന്തബാധിതരായ ശ്രുതിയും ജെൻസണും ഉണ്ട്. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ ജെൻസണെ മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
അതേസമയം വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ ശ്രുതിക്ക് അച്ഛനും അമ്മയും അനുജത്തിയുമടക്കം കുടുംബത്തിലെ ഒൻപത് പേരെ നഷ്ടപ്പെട്ടിരുന്നു. അനുജത്തി ശ്രേയയുടെ മൃതദേഹം മാത്രമാണ് ലഭിച്ചത്. കോഴിക്കോട് ജോലിസ്ഥലത്തായതിനാല്‍ ശ്രുതി മാത്രം ജീവനോടെ രക്ഷപ്പെട്ടത്. അമ്പലവയൽ സ്വദേശി ജെൻസനുമായി ശ്രുതിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ദീർഘനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം ഉറപ്പിച്ചത്. ശ്രുതിയുടെ വിവാഹം ഡിസംബറിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. പിന്നീട് സെപ്റ്റംബറിലേക്ക് മാറ്റി. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയവും നടന്നിരുന്നു. വിവാഹാവശ്യത്തിനായി നാലര ലക്ഷം രൂപയും പതിനഞ്ച് പവനും സ്വരുക്കൂട്ടിയിരുന്നു. എന്നാൽ ഉരുൾപൊട്ടലിൽ ശ്രുതിക്ക് ഇതും നഷ്ടമായി. ഇതിനു ശേഷം ആകെ ആശ്രയം ഉണ്ടായത് ജെൻസൻ മാത്രമാണ്. വീടും വീട്ടുക്കാരും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപിൽ എത്തിയ ശ്രുതിക്ക് ജെൻസൻ കൂട്ടുണ്ടായിരുന്നു. മരണാനന്തര ചടങ്ങുകൾ കഴിഞ്ഞാൽ ഉടൻ വിവാഹം നടത്തുമെന്ന് ജെൻസൻ അന്ന് പറഞ്ഞിരുന്നു. ആഘോഷങ്ങളൊന്നുമില്ലാതെ ശ്രുതിയെ ചെറിയൊരു ചടങ്ങോട് കൂടി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമെന്നും ജെന്‍സണ്‍ പറഞ്ഞിരുന്നു.
അതേസമയം വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടമായി താത്ക്കാലിക വീടുകളിൽ കഴിയുന്നവർക്ക് വാടക ഓണത്തിനു മുൻപ് നൽകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ചുണ്ടേൽ സ്കൂളിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. താൽക്കാലിക വീടുകളിൽ കഴിയുന്ന 535 കുടുംബങ്ങളുടെ വാടക ബാങ്ക് വഴി എത്തിക്കാൻ വൈത്തിരി താലൂക്ക് ഓഫീസുമായി തീരുമാനിച്ചിട്ടുണ്ട്. ബന്ധുവീടുകളിലേക്ക് മാറി താമസിച്ച 174 പേരുടെ വിവരങ്ങൾ അടങ്ങിയ പുതിയ ലിസ്റ്റ് മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലഭ്യമാക്കിയിട്ടുണ്ട്. ഈ ലിസ്റ്റ് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറി, തഹൽസിദാർ, താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹൽസീദാർ എന്നിവർ ഉൾപ്പെടുന്ന മൂന്ന് അംഗ സംഘം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. സ്വന്തം വീടുകളിലേക്ക് മാറി താമസിച്ചവർ 24 പേരാണ്. ഇവരുടെ ലിസ്റ്റ് തയ്യാറാക്കി ഓണത്തിന് മുമ്പ് ഇവർക്ക് ഏതെങ്കിലും വിധത്തിൽ കുടിശ്ശിക നൽകാൻ ഉണ്ടെങ്കിൽ അത് നൽകും. റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇത് സംബന്ധിച്ച് പ്രത്യേകം നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.