Wayanad Landslide Survivor Shruthi: ഉരുൾപൊട്ടലിൽ തനിച്ചായ ശ്രുതിക്ക് സർക്കാർ ജോലി; റവന്യൂ വകുപ്പിൽ ക്ലാർക്കായി നിയമനം
Wayanad Landslide Survivor Shruti : റവന്യൂ വകുപ്പിൽ ക്ലാർക്ക് തസ്തികയിലാണ് നിയമനം. നിയമനം നടത്താൻ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കി.
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ വീടും വീട്ടുക്കാരും പിന്നീടുണ്ടായ വാഹന അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി പ്രഖ്യാപിച്ചു. റവന്യൂ വകുപ്പിൽ ക്ലാർക്ക് തസ്തികയിലാണ് നിയമനം. ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് പ്രഖ്യാപിച്ചിരുന്നു. നിയമനം നടത്താൻ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. വയനാട് ജില്ലയില്‍തന്നെ റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ശ്രുതിക്ക് ജോലിയിൽ പ്രവേശിക്കാന്‍ കഴിയുമെന്ന് റവന്യൂമന്ത്രി കെ. രാജന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ചൂരല്‍മല ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെടുകയും പിന്നീട് പ്രതിശ്രുത വരന്‍ അപകടത്തില്‍ മരണപ്പെടുകയും ചെയ്തപ്പോള്‍ ഒറ്റക്കായി പോയ ശ്രുതിയ ഈ സര്‍ക്കാര്‍ ചേര്‍ത്തു പിടിക്കുമെന്ന് അന്ന് കേരളത്തിന് നല്‍കിയ വാക്ക് സര്‍ക്കാര്‍ പാലിച്ചിരിക്കുകയാണ്. ഇനി മുതല്‍ ശ്രുതി ഞങ്ങളുടെ റവന്യൂ കുടുംബത്തിലെ അംഗമാണ്. വയനാട് ജില്ലയില്‍ തന്നെ റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ശ്രുതി ജോലിക്ക് കയറും.
ഈ സര്‍ക്കാര്‍ കൂടെയുണ്ടാകും.
ജുലൈ 30നുണ്ടായ വയനാട് ദുരന്തത്തിൽ അച്ഛൻ ശിവണ്ണനും അമ്മ സബിതയും അനിയത്തി ശ്രേയയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലിസ്ഥലത്തായതിനാൽ ശ്രുതി മാത്രം ജീവനോടെ രക്ഷപ്പെട്ടു. പിന്നീട് വിറങ്ങലിച്ചു നിന്നവൾക്ക് താങ്ങായി ജെൻസൻ മാത്രമായിരുന്നു ഉണ്ടായത്. ഉള്ളുപിടയുമ്പോഴും ശ്രുതി സമാധാനം കണ്ടെത്തിയത് ജെൻസൻ കൂടെയുള്ള വിശ്വാസത്തിലായിരുന്നു. എന്നാൽ അധികം വൈകാതെ വാഹനാപകടത്തിൽ ജെൻസണും മരിച്ചു. അപകടത്തില്‍ രണ്ട് കാലും ഒടിഞ്ഞ ശ്രുതി ഇപ്പോള്‍ കല്‍പ്പറ്റയില്‍ ബന്ധുക്കളോടൊപ്പമാണ് കഴിയുന്നത്. അപകടത്തിലേറ്റ പരുക്കിൽ നിന്ന് പതിയെ കരകയറുകയാണ് ശ്രുതി. മാസങ്ങള്‍ നീളുന്ന വിശ്രമം കൊണ്ട് മാത്രമേ സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ ശ്രുതിക്കാകൂ.