Wayanad Landslide : ‘ഈ നയം സർക്കാരിനില്ല’; ദുരന്തമേഖല സന്ദർശിക്കുന്നതിൽ നിന്ന് ശാസ്ത്രജ്ഞരെ വിലക്കിയ ഉത്തരവ് പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
Wayanad Landslide Pinarayi Vijayan : വയനാട് ഉരുൾ പൊട്ടൽ മേഖല സന്ദർശിക്കുന്നതിൽ നിന്നും മാധ്യമങ്ങളോട് അഭിപ്രായം പറയുന്നതിൽ നിന്നും ശാസ്ത്രജ്ഞരെ വിലക്കിയ ഉത്തരവ് പിൻവലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദ്ദേശം. ഉത്തരവ് പിന്‍വലിക്കാന്‍ ഇടപെടണമെന്ന് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തമേഖല സന്ദർശിക്കുന്നതിൽ നിന്ന് ശാസ്ത്രജ്ഞരെ വിലക്കിയ ഉത്തരവ് പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. ദുരന്തമേഖല സന്ദർശിക്കുന്നതിനും അഭിപ്രായം പറയുന്നതിനും ഏർപ്പെടുത്തിയ വിലക്ക് നീക്കാനാണ് നിർദ്ദേശം. സർക്കാരിന് ഇങ്ങനെ ഒരു നയമില്ലെന്നും വാർത്ത തെറ്റിദ്ധാരണ പരത്തുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തരവ് പിന്‍വലിക്കാന്‍ ഇടപെടണമെന്ന് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത സ്ഥലം സന്ദര്‍ശിക്കരുതെന്നും ഇത് സംബന്ധിച്ച അഭിപ്രായങ്ങൾ മാധ്യമങ്ങളോട് പങ്കുവെക്കരുതെ എന്നുമായിരുന്നു ശാസ്ത്രജ്ഞര്‍ക്ക് ദുരന്തനിവാരണ അതോറിറ്റി പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ നല്‍കിയ നിര്‍ദേശം. ദുരന്തബാധിത മേഖലയില്‍ പഠനം നടത്തണമെങ്കില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുവാദം വാങ്ങണമെന്നും മുന്‍ പഠനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുതെന്നും ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രഫ. കെ പി സുധീറിന് അയച്ച ഉത്തരവിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് വ്യാപകമായ വിമർശനങ്ങൾക്കിടയാക്കി. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
Also Read : Wayanad Landslide : ചൂരൽമല മേഖലയെ ആറ് സോണുകളാക്കും; 40 സംഘങ്ങൾ ഇന്ന് തിരച്ചിലിനിറങ്ങും
മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്ക് പേജിലെ പോസ്റ്റ്:
വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അവിടം സന്ദർശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോടും ശാസ്ത്രജ്ഞരോടും സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി ആവശ്യപ്പെടണമെന്ന് നിർദ്ദേശം നൽകിയതായ വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. അത്തരം ഒരു നയം സംസ്ഥാന സർക്കാരിന് ഇല്ല. അങ്ങനെ ദ്യോതിപ്പിക്കുംവിധം ആശയവിനിമയം നടത്തിയത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉടനെ പിൻവലിക്കാൻ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു.
വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തിരച്ചിൽ ഇന്നും തുടരും. ഇന്ന് ചൂരൽ മല മേഖലയെ ആറ് സോണുകളാക്കി തിരിച്ച് 40 സംഘങ്ങൾ തിരച്ചിൽ നടത്തും. ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലുള്ള 8 പോലീസ് സ്റ്റേഷൻ അതിർത്തികളിലും ഇന്ന് തിരച്ചിൽ നടത്തും. പോലീസും സന്നദ്ധപ്രവർത്തകരും ചേർന്നാവും ചാലിയാറിൻ്റെ തീരങ്ങളിൽ തിരച്ചിൽ നടത്തുക.
ചൂരൽ മല മേഖലയിൽ തിരച്ചിൽ നടത്തുന്ന ഓരോ ടീമിലും മൂന്ന് നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും. കോസ്റ്റ് ഗാർഡ്, ഫോറസ്റ്റ്, നേവി ടീമും തിരച്ചിലിൽ പങ്കെടുക്കും. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോൺ. പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും സോൺ ആണ്. ജിവിഎച്ച്എസ്എസ് വെള്ളാർമലയാണ് അഞ്ചാമത്തെ സോൺ. പുഴയുടെ അടിവാരം ആറാം സോണാണ്.