Wayanad Landslide : കേരളത്തിന് നേരത്തെ മുന്നറിയിപ്പ് നൽകിയെന്ന് പറഞ്ഞത് വസ്തുതാവിരുദ്ധം; അമിത് ഷായെ തള്ളി പിണറായി വിജയൻ
Wayanad Landslide Pinarayi Vijayan Amit Shah : വയനാട്ടിലെ മണ്ണിടിച്ചിലിനെപ്പറ്റി കേരളത്തിന് നേരത്തെ മുന്നറിയിപ്പ് നൽകിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും പ്രദേശത്ത് ഓറഞ്ച് അലർട്ടാണ് നൽകിയിരുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന് നേരത്തെ മുന്നറിയിപ്പ് നൽകിയെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിന് (Wayanad Landslide) മുൻപ് റെഡ് അലർട്ട് ലഭിച്ചിരുന്നില്ല. ഓറഞ്ച് അലർട്ടായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് രണ്ട് തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് കേരള സര്‍ക്കാര്‍ ശ്രദ്ധിച്ചില്ലെന്നായിരുന്നു പാർലമെൻ്റിൽ അമിത് ഷായുടെ ആരോപണം.
കേന്ദ്രസര്‍ക്കാര്‍ പറയുന്ന കാലാവസ്ഥാ മുന്നറിയിപ്പ് സംസ്ഥാനം അതീവഗൗരവത്തോടെ എടുക്കാറുണ്ട്. ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ് ആ ഘട്ടത്തില്‍ ഉണ്ടായിരുന്നത്.115 മില്ലിമീറ്ററിനും 204 മില്ലിമീറ്ററിനും ഇടയില്‍ മഴ പെയ്യുമെന്നായിരുന്നു മുന്നറിയിപ്പ്. ആദ്യ24 മണിക്കൂറില്‍ തന്നെ 200 മില്ലിമീറ്ററിന് അടുത്ത് മഴപെയ്തു. അടുത്ത 24 മണിക്കൂറില്‍ 372 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. 48 മണിക്കൂറില്‍ ആകെ പെയ്തത് 572 മില്ലിമീറ്റര്‍, മുന്നറിയിപ്പിനേക്കാള്‍ എത്രയോ അധികമാണ് ലഭിച്ച മഴ. കേരളം എന്താണ് ചെയ്തതെന്നാണ് കേന്ദ്ര ആഭ്യന്തരമമന്ത്രി ചോദിച്ചത്. പരസ്പരം പഴിചാരേണ്ട സന്ദർഭമല്ല ഇത് എന്നും അദ്ദേഹം പറഞ്ഞു.
Also Read : Amit Shah on Wayanad Landslide: കേന്ദ്ര മുന്നറിയിപ്പ് കേരള സർക്കാർ വിലയ്‌ക്കെടുത്തില്ല: അമിത് ഷാ
പ്രദേശത്ത് ഒരു തവണ പോലും റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ല. അപകടമുണ്ടായ ശേഷം രാവിലെ ആറ് മണിക്കാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് ഇവിടെ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നറിയിച്ച് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കേന്ദ്ര ഏജന്‍സിയായ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വയനാട്ടിലെ മണ്ണിടിച്ചിലില്‍ സാധ്യതയ്ക്ക് പച്ച അലര്‍ട്ടാണ് നല്‍കിയത്. പ്രളയമുന്നറിയിപ്പ് നല്‍കേണ്ട കേന്ദ്ര ജലകമ്മീഷന്‍ ചാലിയാറില്‍ പ്രളയുമുന്നറിയിപ്പ് നല്‍കിയിരുന്നില്ല. ദുരന്തനിവാരണ സേനയെ കേന്ദ്രം അയച്ചത് കേരളം നേരത്തെ ആവശ്യപ്പെട്ടതുകൊണ്ടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പാർലമെൻ്റിലാണ് അമിത് ഷാ കേരള സർക്കാരിനെതിരെ ആഞ്ഞടിച്ചത്. കേരള സര്‍ക്കാര്‍ എന്താണ് അവിടെ ചെയ്യുന്നത്? എന്തുകൊണ്ട് ആളുകളെ അവിടെ നിന്നും നേരത്തെ മാറ്റിപാര്‍പ്പിച്ചിച്ച എന്ന് അമിത് ഷാ ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആളുകളെ മാറ്റിയിട്ടുണ്ട് എന്നാണെങ്കില്‍ ഇത്രയും ആളുകള്‍ എങ്ങനെ മരിച്ചു. ഈ വിഷയത്തില്‍ ഒരിക്കലും രാഷ്ട്രീയം കൊണ്ടുവരരുത്. ജൂലൈ 23,24,25 തീയതികളിലാണ് കേരള സര്‍ക്കാരിന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. ജൂലൈ 26ന് ശക്തമായ മഴയുണ്ടാകുമെന്നും ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്നും ഞങ്ങള്‍ നേരത്തെ അറിയിച്ചതാണ്. ഈ അപകടം സംഭവിച്ചാല്‍ നിരവധിയാളുകള്‍ മരിക്കുമെന്നും മുന്നറിയിപ്പില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി രൂപപ്പെട്ടിട്ടുണ്ട്. അതിനാല്‍ പടിഞ്ഞാറന്‍, വടക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുമെന്നും സംസ്ഥാനത്ത് അതീവ ജാഗ്രത ഉറപ്പാക്കണമെന്നും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു.