5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad Landslide : സഹായമായി 5 കോടി രൂപ നൽകുമെന്ന് സ്റ്റാലിൻ; യുഡിഎഫ് പ്രവർത്തകർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കണമെന്ന് രാഹുൽ

Wayanad Landslide MK Stalin : വയനാട് ഉരുൾപൊട്ടലിലെ രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി അഞ്ച് കോടി രൂപയുടെ സഹായം നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. യുഡിഎഫ് പ്രവർത്തകർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടു.

Wayanad Landslide : സഹായമായി 5 കോടി രൂപ നൽകുമെന്ന് സ്റ്റാലിൻ; യുഡിഎഫ് പ്രവർത്തകർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കണമെന്ന് രാഹുൽ
Wayanad Landslide MK Stalin (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 30 Jul 2024 15:18 PM

വയനാട് ഉരുൾപൊട്ടലിലെ (Wayanad Landslide) രക്ഷാപ്രവർത്തനത്തിന് ആളെ എത്തിക്കാമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. കേരളത്തിന് യന്ത്ര സാമഗ്രികളും മാനവശേഷിയും ഉൾപ്പെടെ ആവശ്യമായ എല്ലാ സഹായങ്ങളും നൽകും. രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി അഞ്ച് കോടി രൂപ നൽകുകയാണെന്നും സ്റ്റാലിൻ തൻ്റെ ഫേസ്ബുക്ക് പേജിൽ മലയാളത്തിലും ഇംഗ്ലീഷിലും കുറിച്ചു.

അഞ്ച് കോടി രൂപയുടെ സഹായത്തിനൊപ്പം രക്ഷാപ്രവർത്തനത്തെ സഹായിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളെ അയക്കുന്നുണ്ടെന്നും സ്റ്റാലിൻ കുറിച്ചു. ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന ഒരു മെഡിക്കൽ സംഘത്തെയും ഫയർ & റെസ്‌ക്യൂ സർവീസസ് ടീമിനെയും അയയ്‌ക്കുന്നുണ്ട്. മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു എന്നും നമ്മൾ ഒറ്റക്കെട്ടായി ഇത് തരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്റ്റാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തിൽ തമിഴ്നാട് പങ്കുചേരുന്നു. രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി ഞങ്ങൾ 5 കോടി രൂപ നൽകുന്നു. IAS ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളെ സഹായിക്കാൻ അയക്കുന്നുണ്ട്. ഇത് കൂടാതെ, ഞങ്ങൾ ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന ഒരു മെഡിക്കൽ സംഘത്തെയും ഫയർ & റെസ്‌ക്യൂ സർവീസസ് ടീമിനെയും അയയ്‌ക്കുന്നുണ്ട്. സഖാവ് പിണറായി വിജയനുമായി ഞാൻ ഫോണിൽ സംസാരിച്ചു. നമ്മൾ ഒറ്റക്കെട്ടായി തരണം ചെയ്യും!

അതേസമയം, രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവാൻ യുഡിഎഫ് പ്രവർത്തകരോട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനുമായും വയനാട് ജില്ലാ കലക്ടറുമായും സംസാരിച്ചു. എന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരും ദുരന്തത്തില്‍ ദുഃഖം അറിയിച്ചു. ഉരുള്‍പൊട്ടലുണ്ടായ പ്രദേശം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു.

Also Read : Kerala Rain Alert: മഴ മുന്നറിയിപ്പിൽ മാറ്റം; 8 ജില്ലകളിൽ റെ‍ഡ് അലർട്ട്, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റമുണ്ടായിരുന്നു. എട്ട് ജില്ലകളിലാണ് നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനത്തിൽ പറയുന്നത്. മൺസൂൺ പാത്തി സജീവമായി തുടരുന്നതാണ് നിലവിലെ മഴയ്ക്ക് കാരണം. കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തിയും നിലനിൽക്കുന്നുണ്ട്.