Wayanad Landslide : ദുരന്തമേഖലയിൽ ആറ് മാസത്തെ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് മന്ത്രി
Wayanad Landslide Free Electricity : വയനാട് ഉരുൾപൊട്ടൽ ദുരന്ത മേഖലയിൽ ആറ് മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കരുതെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി. കുടിശ്ശിക ഉള്ള ഉപഭോക്താക്കളിൽ നിന്ന് അത് ഈടാക്കരുതെന്നും മന്ത്രി നിർദ്ദേശം നൽകി. 1139 ഉപഭോക്താക്കള്‍ക്കാണ് ഈ തീരുമാനം ഗുണം ചെയ്യുക.
വയനാട് ഉരുൾപൊട്ടൽ (Wayanad Landslide) ബാധിച്ച മേഖലകളിൽ ആറ് മാസത്തെ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി. ആറ് മാസത്തേക്ക് ഇവിടെ വൈദ്യുതി ചാർജ് ഈടാക്കരുതെന്നാണ് നിർദ്ദേശം. കുടിശ്ശിക ഉള്ള ഉപഭോക്താക്കളിൽ നിന്ന് അത് ഈടാക്കരുതെന്നും മന്ത്രി നിർദ്ദേശം നൽകി.
മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലാണ് സൗജന്യ വൈദ്യുതി ലഭിക്കുക. ചൂരല്‍മല എക്‌സ്‌ചേഞ്ച്, ചൂരല്‍മല ടവര്‍, മുണ്ടക്കൈ, കെ കെ നായര്‍, അംബേദ്കര്‍ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്കാണ് വൈദ്യുതി ബിൽ ഒഴിവാക്കിയത്. ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കള്‍ക്ക് ഈ തീരുമാനം ഗുണം ചെയ്യും. പ്രദേശത്ത് 385 ഓളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു പോയെന്നാണ് കെഎസ്ഇബിയുടെ കണക്കുകള്‍.
വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരായ കുട്ടികൾക്ക് 20 ദിവസത്തിനകം ക്ലാസ് ആരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞിരുന്നു. കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കും. ദുരിതബാധിതരായ കുട്ടികളെ ക്ലാസിലെത്തിക്കാനുള്ള നടപടി സ്വീകരിക്കും. വെള്ളാർമല, മുണ്ടക്കൈ സ്കൂളുകളിലെ കുട്ടികളെ മേപ്പാടി സ്കൂളിലാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ മേപ്പാടി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് സ്ഥിതി ചെയ്യുകയാണ്. ക്യാമ്പ് മാറുന്നതിനനുസരിച്ച് പഠനം പുനരാരംഭിക്കും. ഇതിന് മുൻപ് സ്കൂളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ നോഡൽ ഓഫീസറായി വയനാട് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് ഐഎഎസ് ഇതിന് മേൽനോട്ടം വഹിക്കും. ദുരന്തം ബാധിച്ച വെള്ളാര്‍മല, മുണ്ടക്കൈ സ്കൂളുകളിലെ വിദ്യാർത്ഥികളെ മേപ്പാടി സ്കൂളിൽ ചേർക്കും. ഇവർക്ക് കൗൺസിലിംഗ് നൽകും. ഈ രണ്ട് സ്കൂളുകളിലെയും സെപ്തംബർ മാസത്തിലെ ആദ്യ പാദ പരീക്ഷ മാറ്റിവച്ചു.
ദുരന്തത്തിൽ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട കുട്ടികൾക്ക് തിരുവനന്തപുരം ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഉദ്യോഗസ്ഥര്‍ വയനാട്ടിലെത്തി ക്യാമ്പ് നടത്തി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ഉരുള്‍പൊട്ടലില്‍ പൂര്‍ണമായി തകര്‍ന്ന വെള്ളാര്‍മല സ്‌കൂള്‍ പുനര്‍ നിര്‍മ്മിക്കും. ഇത് എവിടെ വേണമെന്നതിൽ തീരുമാനമായിട്ടില്ല. കുട്ടികളുടെ ഗതാഗത്തിനും ഉച്ചഭക്ഷണത്തിനും സൗകര്യമൊരുക്കും. ദുരിതബാധിതർക്കായി നിർമ്മിക്കാനുദ്ദേശിക്കുന്ന ടൗൺഷിപ്പിനോട് ചേർന്ന് സ്കൂൾ നിർമിക്കാൻ ആലോചനയുണ്ടെന്നും മന്ത്രി അറിയിച്ചു.