5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad Landslide: രാഹുലും പ്രിയങ്കയും മുഖ്യമന്ത്രിയും ഇന്ന് വയനാട്ടിലെത്തും; സർവകക്ഷിയോഗം ചേരും

Rahul Gandhi and Priyanka Visit Wayanad: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ രാവിലെ 11.30ന് സർവകക്ഷിയോഗം ചേരും. വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ, ജില്ലയിലെ എംഎൽഎമാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, രാഷ്ട്രീയപ്പാർട്ടി നേതാക്കൾ എന്നിവർ യോ​ഗത്തിൽ പങ്കെടുക്കും.

Wayanad Landslide: രാഹുലും പ്രിയങ്കയും മുഖ്യമന്ത്രിയും ഇന്ന് വയനാട്ടിലെത്തും; സർവകക്ഷിയോഗം ചേരും
Rahul Gandhi, Priyanka, Pinarayi Vijayan
neethu-vijayan
Neethu Vijayan | Published: 01 Aug 2024 08:02 AM

കല്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ (Wayanad Landslide) ദുരന്തബാധിതരെ കാണുന്നതിനായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും (Rahul Gandhi and Priyanka) ഇന്ന് വയനാട്ടിലെത്തും. അപകടത്തിൽപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരേയും ആശുപത്രിയിൽ ചികിത്സയിലുള്ളവരെയും ഇരുവരും സന്ദർശിക്കും. രാവിലെ ഏഴിനു ഡൽഹിയിൽ നിന്നു പ്രത്യേക വിമാനത്തിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന ഇവർ റോഡ് മാർഗം ഒരുമണിയോടെ മേപ്പാടിയിലെത്തും.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് വയനാട്ടിലെത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ രാവിലെ 11.30ന് സർവകക്ഷിയോഗം ചേരും. വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ, ജില്ലയിലെ എംഎൽഎമാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, രാഷ്ട്രീയപ്പാർട്ടി നേതാക്കൾ എന്നിവർ യോ​ഗത്തിൽ പങ്കെടുക്കും. രാവിലെ 10.30-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗവും ഉണ്ടാകും.

പ്രതികൂല കാലാവസ്ഥ മൂലമാണ് രാഹുലിൻ്റെയും പ്രിയങ്കയുടെയും വയനാട് സന്ദർശനം ഇന്നലെ മുടങ്ങയത്. യാത്ര ചെയ്യാൻ കഴിയുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് തന്നെ വയനാട് സന്ദർശിക്കുമെന്നും രാഹുൽ അറിയിച്ചിരുന്നു. എന്നാൽ മുണ്ടക്കൈയിൽ ബെയ്ലി പാലത്തിന്റെ നിർമ്മാണം പുരോ​ഗമിക്കുകയാണ്. ഉച്ചയോടെ പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാകുമെന്നാണ് സൈന്യം അറിയിച്ചത്. ബെയ്‌ലി പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ രക്ഷാദൗത്യം കൂടുതൽ വേ​ഗത്തിലാകും.

ALSO READ: കനത്ത മഴ തുടരും; സംസ്ഥാനത്ത് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാവതിൻ്റെ നേതൃത്വത്തിലാണ് പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനം പുരോ​ഗമിക്കുന്നത്. 17 ട്രക്കുകളിലായാണ് പാലം നിർമ്മാണത്തിന്റെ സാമഗ്രികൾ വയനാട്ടിലേക്ക് കഴിഞ്ഞ ദിവസം എത്തിച്ചത്. പുഴയിൽ പ്ലാറ്റ്‌ഫോം നിർമ്മിച്ച് പാലത്തിന്റെ ബലമുറപ്പിക്കാനുള്ള തൂൺ സ്ഥാപിച്ചാണ് നിർമ്മാണം പുരോഗമിക്കുന്നത്.

ഇപ്പോൾ രക്ഷാപ്രവർത്തനത്തിനായി 1167 പേരെയാണ് നിയോ​ഗിച്ചിട്ടുള്ളത്. മൃതദേഹങ്ങൾ കണ്ടെത്താൻ കെ 9 ടീമിനെയും നിയോഗിച്ചിട്ടുണ്ട്. കേരള പൊലീസിന്റെ കഡാവർ നായകളും തെരച്ചിലിനായി പ്രദേശത്തുണ്ട്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 270 ആയി. 240 പേരെ കുറിച്ച് ഇപ്പോഴും വിവരമില്ല. പ്രദേശത്തുനിന്ന് 1592 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. 8107 പേർ ദുരിതാശ്വാസ ക്യാംപുകളിലാണ്.

അതിനിടെ കേരളത്തിന് ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകിയിരുന്നുതായി കേന്ദ്രം. ജൂലൈ 23 മുതലാണ് കേരള സർക്കാരിനെ മുന്നറിയിപ്പുകൾ നൽകിയതെന്നും ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് എൻഡിആർഎഫിന്റെ 9 ടീമുകളെ കേന്ദ്രം 23 ന് കേരളത്തിലേക്ക് അയച്ചിരുന്നതായുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുറിപ്പിലൂടെ അറിയിച്ചത്. ഉരുൾപൊട്ടലിൽ കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ പറഞ്ഞത് മുഖ്യമന്ത്രി നിരസിച്ചിരുന്നു. പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുറിപ്പ് പുറത്തിറക്കിയത്.