Wayanad Landslide: വയനാട് ഉരുൾപൊട്ടൽ; മേഖലയിലെ പുനരധിവാസം അതിവേഗം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി
Wayanad Landslide Update: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 100 വീടുകൾ നിർമ്മിച്ചു നൽകാമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിൽ സംസ്ഥാന പ്രതിപക്ഷനേതാവ് വിഡി സതീശൻ നേരിട്ട് ചുമതല വഹിക്കുന്ന 25 വീടുകളും ഉൾപ്പെടും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ (Wayanad Landslide) ദുരന്തത്തിൽ തകർന്ന ചൂരൽമല- മുണ്ടക്കൈ മേഖലയിലെ പുനരധിവാസം അതിവേഗം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). കൂടുതൽ സുരക്ഷിതമായ പ്രദേശം കണ്ടെത്തി ദുരിതബാധിതർക്ക് ടൗൺഷിപ്പ് (Township) നിർമ്മിക്കും. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ ആരംഭിച്ചുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ആവശ്യപ്പെട്ട് പുറത്തിറക്കിയ ക്യൂആർ കോഡിന്റെ ദുരുപയോഗ സാധ്യത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിലവിലെ ക്യൂആർ കോഡ് പിൻവലിച്ച് പകരം യുപിഐ ഐഡി വഴി ഗൂഗിൾപേയിൽ സംഭാവന നൽകാനാനുള്ള സൗകര്യമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വീടും സ്ഥലവുമടക്കമുള്ള സഹായവാഗ്ദാനങ്ങൾ ഏകോപിപ്പിക്കാൻ മുൻ വയനാട് കളക്ടറും നിലവിൽ ജോയിന്റ് ലാൻഡ് റവന്യൂ കമ്മിഷണറുമായ ഗീത ഐഎഎസിന്റെ കീഴിൽ ഹെൽപ് ഫോർ വയനാട് സെൽ രൂപവൽക്കരിക്കും. ആശയവിനിമയത്തിന് പ്രത്യേക ഇ- മെയിൽ ഐഡിയും കോൾ സെന്ററും തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി മൂന്ന് ഫോൺ നമ്പറുകൾ ഒരുക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 100 വീടുകൾ നിർമ്മിച്ചു നൽകാമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിൽ സംസ്ഥാന പ്രതിപക്ഷനേതാവ് വിഡി സതീശൻ നേരിട്ട് ചുമതല വഹിക്കുന്ന 25 വീടുകളും ഉൾപ്പെടും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ നേരിട്ട് വിളിച്ച് നന്ദി പറഞ്ഞുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടുകൾ നിർമിച്ചു നൽകും.
കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ്ബ് 50 വീടുകളാണ് നിർമ്മിച്ചു നൽകുക. അതിൻ്റെ എണ്ണം വർധിച്ചേക്കാം എന്നും പറഞ്ഞിട്ടുണ്ട്. നാഷണൽ സർവീസ് സ്‌കീം 150 ഭവനങ്ങൾ അല്ലെങ്കിൽ അതിന് തുല്യമായ തുക കൈമാറും. വേൾഡ് മലയാളി കൗൺസിൽ 14 വീടുകൾ നിർമ്മിക്കും. ഫ്രൂട്‌സ് വാലി ഫാർവേഴ്‌സ് പ്രൊഡ്യൂസർ കമ്പനി 10 ഏക്കർ ഭൂമി ഏറ്റെടുത്ത് കൃഷിയോഗ്യമാക്കി 10 മുതൽ 15 വരെ കുടുംബങ്ങൾക്ക് വരുമാനമാർഗമായി നൽകും. കാന്തപുരം എപി അബൂബക്കർ മുസ്ല്യാരും വീടു നിർമിച്ചു നൽകാമെന്ന് വാഗ്ദാനംചെയ്തിട്ടുണ്ട്.
കോട്ടക്കൽ ആര്യവൈദ്യശാല 10 വീടുകളും കോഴിക്കോട് കാപ്പാട് സ്വദേശി യൂസുഫ് പുരയിൽ അഞ്ച് സെന്റ് സ്ഥലവും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിൽ വയനാട്ടിൽ 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,042 പേരാണ് കഴിയുന്നത്. ചൂരൽമലയിൽ 10 ക്യാമ്പുകളിലായി 1,707 പേർ താമസിക്കുന്നുണ്ട്. ദുരന്ത മേഖലയിലും ചാലിയാറിലും ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.