Wayanad Landslide : ഉരുൾപൊട്ടലിൽ വിറങ്ങലിച്ച് നാട്; മരണസംഖ്യ 50ലധികം
Wayanad Landslide Death Toll : വയനാട്ടിലുണ്ടായ ഉരുൾ പൊട്ടലിൽ മരണസംഖ്യ 50ലധികമെന്ന് റിപ്പോർട്ടുകൾ. വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം അഞ്ച് ആശുപത്രികളിലായാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഇവരിൽ 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ വിറങ്ങലിച്ച് നാട്. ഉരുൾപൊട്ടലിൽ (Wayanad Landslide) മരണസംഖ്യ വർധിക്കുകയാണ്. നിലവിൽ മരണസംഖ്യ ആകെ 50ലധികം ആയെന്നാണ് വിവിധ ചാനലുകളുടെ റിപ്പോർട്ട്. പാലക്കാട് ജില്ലയിലടക്കം ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. നൂറിലധികം ആളുകളെ 14 ക്യാമ്പുകളിലേക്ക് മാറ്റി.
അഞ്ചിടങ്ങളിലായാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മേപ്പാടി ഹെൽത്ത് സെൻ്ററിലാണ് ഏറ്റവുമധികം മൃതദേഹങ്ങൾ ഉള്ളത്. 28. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പത്തും കോഴിക്കോട് കള്ളാച്ചി വിംസിൽ ഏഴ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നു. വൈത്തിരി താലൂക്ക് ആശുപത്രി, മലപ്പുറം ചുങ്കത്തറ ആശുപത്രിയിൽ ഓരോ മൃതദേഹം വീതവും സൂക്ഷിച്ചിട്ടുണ്ട്. ഇതിനിടെ ചാലിയാർ പുഴയുടെ കൈപ്പിനി – കുന്നത്തു പൊട്ടി ഭാഗത്ത് നിന്ന് 18 വയസ് പ്രായം തോന്നിക്കുന്ന പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.
മരിച്ച 10 പേരെ തിരിച്ചറിഞ്ഞു. റംലത്ത് (53), അഷ്റഫ് (49), കുഞ്ഞിമൊയ്തീൻ (65), വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), ലെനിൻ, പ്രേമലീല, റെജീന എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ഉരുൾപൊട്ടലുണ്ടായ ദുരന്തപ്രദേശത്തേയ്ക്ക് പൊലീസ് നായ്ക്കളായ മായയും മർഫിയുമെത്തുന്നു. മണ്ണിനടിയിൽ നിന്നും മനുഷ്യശരീരം കണ്ടെത്താൻ പരിശീലനം ലഭിച്ച പോലീസ് നായ്ക്കളാണ് മായയും മർഫിയും. ഇവർ ഉച്ചയോടെ വയനാട്ടിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. 30 അടിയിൽ നിന്നുവരെ മനുഷ്യശരീരങ്ങൾ കണ്ടെത്താൻ പരിശീലനം സിദ്ധിച്ച നായ്ക്കളാണ് ഇരുവരും. മുമ്പ് പെട്ടിമുടി ദുരന്തത്തിൽ നിന്ന് എട്ട് മൃതദേഹങ്ങൾ കണ്ടെത്തിയത് മായ എന്ന പൊലീസ് നായയാണ്. നായ്ക്കളുമായി പൊലീസ് സംഘം മുണ്ടക്കൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ ഉൾപ്പെട്ടവരെന്ന് സംശയിക്കുന്നവരുടെ മൃതദേഹാവശിഷ്ടങ്ങൾ ഒഴുകിയെത്തിയത് കിലോമീറ്ററുകൾക്കപ്പുറം മലപ്പുറം പോത്തുകല്ലിൽ. പലയിടങ്ങളിൽ നിന്നും ആറിലധികം പേരുടെ മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്. ചാലിയർ പുഴയിലൂടെയാണ് മൃതദേഹങ്ങൾ ഒഴുകിയെത്തിയത്.
ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ആദ്യത്തെ ഉരുൾപ്പൊട്ടിയത്. പിന്നീട് നാല് മണിക്ക് വീണ്ടും ഉരുൾപ്പൊട്ടിയതായാണ് റിപ്പോർട്ട്. വയനാട്ടിലെ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം. സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഫോൺ : 9497900402, 0471 2721566.