5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad Landslide : വയനാട് മണ്ണിടിച്ചിലിൽ ആകെ മരണം 270; കനത്ത മഴയിൽ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Wayanad Landslide Death Toll : വയനാട് മണ്ണിടിച്ചിലിൽ മരണം 270 ആയെന്ന് റിപ്പോർട്ട്. 200ലധികം ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്. സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

Wayanad Landslide : വയനാട് മണ്ണിടിച്ചിലിൽ ആകെ മരണം 270; കനത്ത മഴയിൽ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Wayanad Landslide Death Toll (Image Courtesy - PTI)
abdul-basith
Abdul Basith | Published: 31 Jul 2024 20:48 PM

വയനാട് മണ്ണിടിച്ചിലിൽ (Wayanad Landslide) ആകെ മരണം 270 ആയെന്ന് മനോരമ ന്യൂസിൻ്റെ റിപ്പോർട്ട്. 200ലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സംസ്ഥാനത്ത് കനത്ത മഴ തുടരാനുള്ള സാധ്യതയെത്തുടർന്ന് നാളെ, ഓഗസ്റ്റ് 1 ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട്, തൃശൂര്‍, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നിലവിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയാണ്. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമുണ്ടാവില്ല. അതേസമയം, കാലിക്കറ്റ് സർവകലാശാലയുടെ ഓഗസ്റ്റ് രണ്ട് വരെയുള്ള എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.

സംസ്ഥാനത്ത് ഓഗസ്റ്റ് മൂന്ന് വരെ അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. മലപ്പുറം, ഇടുക്കി, തൃശൂർ, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട തീവ്രമായ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

Also Read : Kerala Rain Alert: മഴയിൽ ആശ്വാസമില്ല; കേരള തീരം മുതൽ ന്യൂനമർദപാത്തി രൂപപ്പെട്ടു, അതീവ ജാഗ്രത

മയ്ക്കൊപ്പം മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ലക്ഷദ്വീപ്, കർണാടക, തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാല മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

കേരളത്തിന് നേരത്തെ മുന്നറിയിപ്പ് നൽകിയെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്തത്തിന് മുൻപ് റെഡ് അലർട്ട് ലഭിച്ചിരുന്നില്ല. ഓറഞ്ച് അലർട്ടായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് രണ്ട് തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് കേരള സര്‍ക്കാര്‍ ശ്രദ്ധിച്ചില്ലെന്നായിരുന്നു പാർലമെൻ്റിൽ അമിത് ഷായുടെ ആരോപണം.

കേന്ദ്രസര്‍ക്കാര്‍ പറയുന്ന കാലാവസ്ഥാ മുന്നറിയിപ്പ് സംസ്ഥാനം അതീവഗൗരവത്തോടെ എടുക്കാറുണ്ട്. ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ് ആ ഘട്ടത്തില്‍ ഉണ്ടായിരുന്നത്.115 മില്ലിമീറ്ററിനും 204 മില്ലിമീറ്ററിനും ഇടയില്‍ മഴ പെയ്യുമെന്നായിരുന്നു മുന്നറിയിപ്പ്. ആദ്യ24 മണിക്കൂറില്‍ തന്നെ 200 മില്ലിമീറ്ററിന് അടുത്ത് മഴപെയ്തു. അടുത്ത 24 മണിക്കൂറില്‍ 372 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. 48 മണിക്കൂറില്‍ ആകെ പെയ്തത് 572 മില്ലിമീറ്റര്‍, മുന്നറിയിപ്പിനേക്കാള്‍ എത്രയോ അധികമാണ് ലഭിച്ച മഴ. കേരളം എന്താണ് ചെയ്തതെന്നാണ് കേന്ദ്ര ആഭ്യന്തരമമന്ത്രി ചോദിച്ചത്. പരസ്പരം പഴിചാരേണ്ട സന്ദർഭമല്ല ഇത് എന്നും അദ്ദേഹം പറഞ്ഞു.