5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad Landslide: ജീവൻ്റെ തുടിപ്പുതേടി മൂന്നാദിവസം; രാത്രി വൈകിയും ബെയ്‌ലി പാലനിർമ്മാണം

Wayanad Landslide Updates: ഉച്ചയോടെ പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാകുമെന്നാണ് സൈന്യം അറിയിച്ചത്. ബെയ്‌ലി പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ രക്ഷാദൗത്യം കൂടുതൽ വേ​ഗത്തിലാകും. 17 ട്രക്കുകളിലായാണ് പാലം നിർമ്മാണത്തിന്റെ സാമഗ്രികൾ വയനാട്ടിലേക്ക് കഴിഞ്ഞ ദിവസം എത്തിച്ചത്.

Wayanad Landslide: ജീവൻ്റെ തുടിപ്പുതേടി മൂന്നാദിവസം; രാത്രി വൈകിയും ബെയ്‌ലി പാലനിർമ്മാണം
Wayanad Landslide. (Image credits: PTI)
neethu-vijayan
Neethu Vijayan | Updated On: 01 Aug 2024 07:34 AM

വയനാട്: കേരളത്തെ ഒന്നാകെ നടുക്കിയ മഹാദുരന്തത്തിൽ (Wayanad Landslide) രക്ഷാദൗത്യം മൂന്നാം ദിവസത്തിലേക്ക്. മുണ്ടക്കൈയിൽ രാത്രി വൈകിയും ബെയ്ലി പാലത്തിന്റെ (bailey bridge) നിർമ്മാണം സൈന്യം തുടർന്നു. ജെസിബിയും ഹിറ്റാച്ചിയും ആംബുലൻസുമടക്കം കടന്നുപോകാൻ ശേഷിയുള്ള കരുത്തുള്ള പാലമാണ് സൈന്യം നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. പ്രദേശത്തെ പാലം ഒലിച്ചുപോയതായിരുന്നു മുണ്ടക്കൈയിലേക്കും അട്ടമലയിലേക്കും എത്താനുള്ള പ്രധാന വെല്ലുവിളി. ഉച്ചയോടെ പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാകുമെന്നാണ് സൈന്യം അറിയിച്ചത്. ബെയ്‌ലി പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ രക്ഷാദൗത്യം കൂടുതൽ വേ​ഗത്തിലാകും.

കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാവതിൻ്റെ നേതൃത്വത്തിലാണ് പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനം പുരോ​ഗമിക്കുന്നത്. 17 ട്രക്കുകളിലായാണ് പാലം നിർമ്മാണത്തിന്റെ സാമഗ്രികൾ വയനാട്ടിലേക്ക് കഴിഞ്ഞ ദിവസം എത്തിച്ചത്. പുഴയിൽ പ്ലാറ്റ്‌ഫോം നിർമ്മിച്ച് പാലത്തിന്റെ ബലമുറപ്പിക്കാനുള്ള തൂൺ സ്ഥാപിച്ചാണ് നിർമ്മാണം പുരോഗമിക്കുന്നത്. പ്രധാന പാലത്തിന് സമാന്തരമായി മറ്റൊരു പാലം കൂടി നിർമ്മിക്കാനുള്ള ഒരുക്കങ്ങളും സ്ഥലത്ത് പുരോഗമിക്കുന്നുണ്ട്.

ALSO READ: വയനാട് മണ്ണിടിച്ചിലിൽ ആകെ മരണം 270; കനത്ത മഴയിൽ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പ്രധാനപാലം വഴിയുള്ള വാഹന നീക്കങ്ങൾക്ക് തടസ്സം നേരിടാതെ രക്ഷാപ്രവർത്തകർക്ക് നടന്നു പോകാൻ സഹായകമാകുന്ന നിലയിലാണ് ചെറിയ പാലം നിർമ്മിക്കുന്നത്. ഉരുൾപ്പൊട്ടലിൽ ഇതുവരെയുള്ള തിരച്ചിലിൽ 270 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് മുണ്ടക്കൈ-ചൂരൽമലയിൽ കഴിഞ്ഞ ദിവസം ഉണ്ടായത്. 1592 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. 8107 പേർ ദുരിതാശ്വാസ ക്യാംപുകളിലാണ്.

അതിനിടെ കേരളത്തിന് ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകിയിരുന്നുതായി കേന്ദ്രം. ജൂലൈ 23 മുതലാണ് കേരള സർക്കാരിനെ മുന്നറിയിപ്പുകൾ നൽകിയതെന്നും ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് എൻഡിആർഎഫിന്റെ 9 ടീമുകളെ കേന്ദ്രം 23 ന് കേരളത്തിലേക്ക് അയച്ചിരുന്നതായുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുറിപ്പിലൂടെ അറിയിച്ചത്. ഉരുൾപൊട്ടലിൽ കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ പറഞ്ഞത് മുഖ്യമന്ത്രി നിരസിച്ചിരുന്നു. പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുറിപ്പ് പുറത്തിറക്കിയത്.