Wayanad Landslide : വയനാട്ടിൽ മരണം 135 ആയി; കോഴിക്കോട് വാണിമേലിൽ തുടര്‍ച്ചയായി ഉരുൾപൊട്ടിയത് 9 തവണ
Wayanad Landslide Death Toll : 135 മരണമാണ് സ്ഥിരീകരിച്ചത്. ഇന്ന് പുലർച്ചെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മൃതദേഹങ്ങൾ കണ്ടെത്തിയാലും പുറത്തെത്തിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ ഈ പ്രദേശത്തുള്ളത്.
മേപ്പാടി: ഉരുൾപ്പൊട്ടൽ തകർത്ത വയനാട്ടിലെ (Wayanad Massive Landslide) മുണ്ടക്കൈയിലെ രക്ഷാപ്രവർത്തണം ഇന്നലെ നിർത്തി വച്ചു. രാത്രിയിൽ രക്ഷാപ്രവർത്തനം നടത്തുന്നത് ബുദ്ധമൂട്ടായതിനാലാണ് തത്ക്കാലത്തേക്ക് നിർത്തിവച്ചത്. 20 മണിക്കൂർ നീണ്ട തിരച്ചിൽ അവസാനിപ്പിക്കുമ്പോൾ 135 മരണമാണ് സ്ഥിരീകരിച്ചത്. ഇന്ന് പുലർച്ചെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മൃതദേഹങ്ങൾ കണ്ടെത്തിയാലും പുറത്തെത്തിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ ഈ പ്രദേശത്തുള്ളത്.
48 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. കണ്ടെടുത്ത മൃതദേഹങ്ങളിൽ 96 എണ്ണത്തിന്റെ പോസ്റ്റമോർട്ടം നടപടികളും പൂർത്തീകരിച്ചിട്ടുണ്ട്. ഇതിൽ 32 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. നിലവിൽ മേപ്പാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ 78 മൃതദേഹങ്ങളുണ്ട്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ 32 മൃതദേഹങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം.
ചാലിയാറിലൂടെ ഒഴുകിവന്ന തിരിച്ചറിയപ്പെടാത്ത 25 ശരീര ഭാഗങ്ങളും നിലമ്പൂരിലുണ്ട്. നിലവിൽ 191 പേരാണ് വിവിധ ആശുപത്രികളിൽ ളള്ളതെന്നാണ് കണക്ക്. ദുരന്തത്തിന്റെ ഭാഗമായി 45 ദുരിതാശ്വാസ കാംപുകളാണ് തുറന്നിട്ടുള്ളത്. 3069 പേരെ ദുരിതാശ്വാസ കാംപുകളിൽ പാർപ്പിച്ചിട്ടുണ്ട്.
ALSO READ – വയനാട് ഉരുൾപൊട്ടലിൽ മരണം 120 ആയി; 48 പേരെ തിരിച്ചറിഞ്ഞു
ലെഫ്റ്റനന്റ് കേണലിന്റെ നേതൃത്വത്തിലുള്ള സൈനികർ പുഴ മുറിച്ച് കടന്ന് മുണ്ടക്കൈ മാർക്കറ്റ് മേഖലയിലെത്തിയിരുന്നു. അവിടെ കുടുങ്ങിക്കിടന്ന മുഴുവനാളുകളെയും രക്ഷപ്പെടുത്തി. മണ്ണിനടിയിൽപെട്ടവരും ഒഴുക്കിൽപെട്ടവരുമായി ഇനിയും ആളുകളുണ്ട്. അവരെ കണ്ടെത്താൻ സാധ്യമായ എല്ലാ ശക്തിയും മാർഗങ്ങളും ഉപയോഗിച്ച് രക്ഷാ പ്രവർത്തനം തുടരും. അഞ്ച് മന്ത്രിമാരെ വയനാട്ടിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നിയോഗിച്ചു.
സംസ്ഥാനത്തൊട്ടാകെ 118 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ആകെ 5,531 ആളുകളാണ് ക്യാമ്പുകളിലുള്ളത്. ഫയർഫോഴ്‌സ്, എൻ.ഡി.ആർ.എഫ്, പോലീസ് തുടങ്ങി വിവിധ സേനകൾ യോജിച്ച് പ്രവർത്തിക്കുകയാണ്. കരസേനയുടെയും നാവിക സേനയുടെയും വിവിധ വിഭാഗങ്ങൾ രക്ഷാ പ്രവർത്തനത്തിനെത്തി.
കോഴിക്കോട് വാണിമേൽ പഞ്ചായത്തിൽ തുടർച്ചയായി 9 തവണ ഉരുൾപൊട്ടി
കോഴിക്കോട് വാണിമേൽ പഞ്ചായത്തിൽ തുടർച്ചയായി ഉരുൾപൊട്ടിയത് 9 തവണയാണ്. പുലർച്ചയാണ് സംഭവം നടക്കുന്നത്. ഇവിടെ 12 വീടുകൾ ഒലിച്ചുപോയതായാണ് വിവരം. ഉരുൾപൊട്ടലിൽ ഒരാളെ കാണാതായും പറയപ്പെടുന്നു. രണ്ട് പാലങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും തകർന്നിട്ടുണ്ട്. കോഴിക്കോട് വാണിമേൽ തന്നെയുള്ള വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിലാണ് ഒരാളെ കാണാതായത്.