Jenson Funeral Function: ജെൻസൻ ഭയപ്പെട്ടത് തന്നെ സംഭവിച്ചു, ശ്രുതി ഒറ്റയ്ക്കായി; ഉള്ളുലഞ്ഞ് നാട്; സംസ്കാരം വൈകിട്ട്
Wayanad Jenson Death: സംസ്കാരം വൈകിട്ട് നാലു മണിയോടെ ആണ്ടൂർ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ നടക്കും.
ജെൻസൻ ഭയപ്പെട്ടത് തന്നെ സംഭവിച്ചു, ശ്രുതി ഒറ്റയ്ക്കായി. അച്ഛനെയും അമ്മയെയും അനുജത്തിയെയും ഉരുളെടുത്തപ്പോൾ വിറങ്ങലിച്ചു നിന്നവൾക്ക് താങ്ങായി ജെൻസൻ മാത്രമായിരുന്നു ഉണ്ടായത്. ഉള്ളുപിടയുമ്പോഴും ശ്രുതി സമാധാനം കണ്ടെത്തിയത് ജെൻസൻ കൂടെയുള്ള വിശ്വാസത്തിലാണ്. എന്നാൽ ഇന്ന് അവൾ തനിച്ചാണ്. സ്വന്തമെന്നു പറയാൻ ബാക്കി ഉണ്ടായിരുന്നവന്റെ ജീവനും ഇന്ന് മറ്റൊരു അപകടത്തിൽ പൊലിഞ്ഞുപോയെന്ന യാഥാർത്ഥ്യം ശ്രുതി മനസ്സിലാക്കിയെ പറ്റു.
വയനാട് ചൂരൽമലയിലെ സ്കൂളിനു സമീപമായിരുന്നു ശ്രുതിയുടെ വീട്. അച്ഛൻ ശിവണ്ണനും അമ്മ സബിതയും അനിയത്തി ശ്രേയയും അടങ്ങുന്ന ശ്രുതിയുടെ കൊച്ചുകുടുംബത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ ഉരുൾപൊട്ടൽ ശ്രുതിക്ക് ബാക്കിവച്ചത് ദുഃഖം മാത്രമായിരുന്നു. കുടുംബത്തിലെ ഒമ്പത് പേരെയാണ് അന്ന് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലിസ്ഥലത്തായതിനാൽ ശ്രുതി മാത്രം ജീവനോടെ രക്ഷപ്പെട്ടു. അന്ന് മുതൽ കഴിഞ്ഞ ദിവസം വരെ അവൾ ഒറ്റപെടൽ അനുഭവിച്ചിട്ടില്ല. എന്നും കൂടെ ജെൻസൻ ഉണ്ടായിരുന്നു. എന്നാൽ അന്നും അവൻ ഭയപ്പെട്ടിരുന്നു ഇന്ന് അല്ലെങ്കിൽ നാളെ തനിക്ക് എന്തെങ്കിലും പറ്റികഴിഞ്ഞാൽ അവൾ തനിച്ചാകുമെന്നുള്ള പേടി. അവസാനം അത് തന്നെ സംഭവിച്ചു.
പത്ത് വർഷത്തെ പ്രണയമായിരുന്നു ജെൻസനും ശ്രുതിയും തമ്മിൽ. രണ്ടു മതവിഭാഗങ്ങളിൽപ്പെട്ടവരാണെങ്കിലും വീട്ടുക്കാരുടെ പൂർണ സമ്മതത്തോടെ വയനാട് ദുരന്തത്തിനു ഒരു മാസം മുൻപ് ഇവർ തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. അതേ ദിവസം തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. എന്നാൽ കൃത്യം ഒരു മാസം വരെ ആ സന്തോഷം നീണ്ടുനിന്നുള്ളു. വീടും വീട്ടുക്കാരെയും ഉരുൾ തൂത്തുവാരി. പിന്നീട് പ്രതിശ്രുതവരൻ ജെൻസണാണ് ശ്രുതിക്ക് താങ്ങും തണലുമായി കൂടെനിന്നത്. ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം നടത്താൻ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് സെപ്റ്റംബറിലേക്ക് മാറ്റുകയായിരുന്നു.
Also read-ശ്രുതി വീണ്ടും തനിച്ച്; കല്‍പ്പറ്റയിൽ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റ ജെൻസൻ മരിച്ചു
എന്നാൽ ദുരന്തം കഴിഞ്ഞ ഒരു മാസം പിന്നീടുമ്പോൾ ശ്രുതിക്ക് വീണ്ടും കണ്ണീരു മാത്രം കൂട്ട്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനുസമീപം വാനും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ശ്രുതിയെ തനിച്ചാക്കി ജെൻസൻ യാത്രയായി. അനിയന്ത്രിതമായ രക്തസ്രാവത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജെൻസൻ ബുധനാഴ്ച രാത്രിയോടെയാണ് മരിച്ചത്. ജെൻസനും ശ്രുതിയും ഉൾപ്പടെ വാനിലുണ്ടായിരുന്ന ഒൻപത് പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.
ഒരു നാട് മുഴുവൻ ജെൻസ്ന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് സംഭവിച്ചില്ല. അവസാനം ശ്രുതിയും മനസ്സിലാക്കി ജെൻസൻ കൂടെയില്ലെന്ന സത്യം. അവസാനത്തെ അവരുടെ കൂടികാഴ്ച കണ്ട് നിന്നവർക്കും താങ്ങാനായില്ല. ബന്ധുക്കൾ തന്നെയാണ് മരണവിവരം ശ്രുതിയെ അറിയിച്ചത്. കാലിന്റെ ശസ്തക്രിയ്ക്ക് ശേഷം, കൽപ്പറ്റയിലെ സ്വകാര്യ ആശൂപത്രിയിൽ ചികിത്സയിലാണ് ശ്രുതി. അതേസമയം ജെൻസന്റെ സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നടത്തും. ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം അമ്പലവയൽ ആണ്ടൂർ ഗ്ലോറിസ് ഓഡിറ്റോറിയത്തിൽ പൊതുദർശനം നടത്തും. പിന്നീട് ആണ്ടൂരിലെ വീട്ടിലേക്കു കൊണ്ടുപോകും. സംസ്കാരം വൈകിട്ട് നാലു മണിയോടെ ആണ്ടൂർ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ നടക്കും.
ശ്രുതിക്ക് താങ്ങായി നിരവധി പ്രമുഖരാണ് എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ രാജൻ നടന്മാരായ മമ്മൂട്ടി, ഫഹദ് ഫാസിൽ തുടങ്ങിയവർ രംഗത്ത് എത്തിയിരുന്നു. ജെന്‍സന്‍റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നുവെന്നുവെന്നും ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമാണെന്നും മമ്മൂട്ടി സമൂഹമാധ്യമത്തില്‍ കുറിച്ചു. സഹനത്തിന് അപാരമായൊരു ശക്തി ശ്രുതിക്കും ജെന്‍സന്‍റെ പ്രിയപ്പെട്ടവര്‍ക്കും ലഭിക്കട്ടെയെന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. കാലാവസാനത്തോളം ഓര്‍മിക്കപ്പെടുമെന്ന് ജെന്‍സന്‍റെ ചിത്രം പങ്കുവച്ച് ഫഹദ് ഫാസിലും സമൂഹമാധ്യമക്കുറിപ്പ് പങ്കുവച്ചിരുന്നു.
ശ്രുതി ഒറ്റയ്ക്കല്ല, മകളെ പോലെ ആവശ്യമായി എല്ലാ സഹായവും നല്‍കും. ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കണത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് വിഡി സതീശൻ പറഞ്ഞു. ശ്രുതിയെ തനിച്ചാക്കില്ലെന്നും സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. ശ്രുതിയെ ഒരിക്കലും തനിച്ചാക്കില്ല. ശ്രുതിയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കുമെന്നും മന്ത്രി പറഞ്ഞു.