5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad Harthal : ലക്കിടിയിലും കല്പറ്റയിലും കെഎസ്ആർടിസി ബസുകൾ തടഞ്ഞ് യുഡിഎഫ് പ്രവർത്തകർ; വയനാട് ഹർത്താൽ പുരോഗമിക്കുന്നു

Wayanad Harthal Starts UDF Workers Halt KSRTC : വയനാട്ടിൽ എൽഡിഎഫും യുഡിഎഫും നടത്തുന്ന ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ബാധിതരോട് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടത്തുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.

Wayanad Harthal : ലക്കിടിയിലും കല്പറ്റയിലും കെഎസ്ആർടിസി ബസുകൾ തടഞ്ഞ് യുഡിഎഫ് പ്രവർത്തകർ; വയനാട് ഹർത്താൽ പുരോഗമിക്കുന്നു
പ്രതീകാത്മക ചിത്രം (Image Credits - PTI)
abdul-basith
Abdul Basith | Published: 19 Nov 2024 10:24 AM

ഉരുൾപൊട്ടൽ ദുരന്തബാധിതർക്കെതിരെ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നടത്തുന്ന അവഗണനയിൽ വയനാട് യുഡിഎഫും എൽഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മണിക്കാണ് ഹർത്താൽ ആരംഭിച്ചത്. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് യുഡിഎഫും എൽഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചത്.

ലക്കിടിയിലും കല്പറ്റയിലും യുഡിഎഫ് പ്രവർത്തകർ കെഎസ്ആർടിസി ബസുകൾ തടഞ്ഞു. ജില്ലയിൽ കെഎസ്ആർടിസി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഇത് യുഡിഎഫ് പ്രവർത്തകർ തടഞ്ഞു. മറ്റ് ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വന്ന ചരക്ക് നീക്കത്തിനുള്ള വാഹനങ്ങളും ജില്ലയിൽ ഓടുന്നുണ്ട്. ഹർത്താലിനോട് വ്യാപാരി വ്യവസായി ഏകോപന സമിതി ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് കടകമ്പോളങ്ങളൊന്നും തുറന്നിട്ടില്ല. കെഎസ്ആർടിസി ബസ് തടഞ്ഞതിൻ്റെ പശ്ചാത്തലത്തിൽ മൂന്ന് ഡിപ്പോകളിൽ നിന്നുള്ള സർവീസുകൾ പോലീസ് സംരക്ഷണയിൽ നടക്കുമെന്നാണ് വിവരം.

Also Read : Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് യുഡിഎഫ് മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കൽപ്പറ്റ ന​ഗരത്തിൽ അടക്കമാണ് എൽഡിഎഫിൻ്റെ പ്രതിക്ഷേധ പ്രകടനം നടക്കുക.

ഉരുൾപൊട്ടൽ ദുരിതബാധിതരോട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന സമീപനത്തിനെതിരെയാണ് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്. ദുരിതബാധിതരുടെ പുനരധിവാസത്തിൻ്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അലംഭാവവും കേന്ദ്ര സർക്കാർ ഫണ്ട് നൽകാത്തതും ഉൾപ്പെടെയുള്ള ആരോപണങ്ങളുയർത്തി യുഡിഎഫ് ആണ് ആദ്യം ഹർത്താൽ പ്രഖ്യാപിച്ചത്. പിന്നാലെ, കേന്ദ്രസർക്കാരിൻ്റെ നിലപാടുകൾക്കെതിരെ എൽഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചു.

ഇക്കൊല്ലം ജൂലായ് 30നാണ് വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല,പുഞ്ചിരിമറ്റം, കുഞ്ഞോം എന്നിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായത്. കനത്ത മഴയിൽ കുന്നിൻ ചെരുവുകൾ ഇടിഞ്ഞ് ചളിയും വെള്ളവും പാറക്കല്ലുകളും വീടുകൾക്ക് മേൽ പതിച്ചു. ഒന്നിലധികം ഉരുൾപൊട്ടലുണ്ടായത് വലിയ ദുരന്തത്തിലേക്ക് നയിച്ചു. കേരളത്തിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ പ്രകൃതിദുരന്തങ്ങളിൽ ഒന്നാണിത്. 403 പേരാണ് ദുരന്തത്തിൽ മരണമടഞ്ഞത്. 150 പേരെ കാണാതായി.

Also Read : Kuruva Gang: കുറുവകൾക്ക് കേരളത്തിൽ ആക്രി പെറുക്ക്, തമിഴ്നാട്ടിൽ വമ്പൻ വീട്; ഫിറ്റ്നെസി’ന്റെ കാര്യത്തിൽ കണിശക്കാർ

ഉരുൾപൊട്ടലിന് 48 മണിക്കൂർ മുൻപ് മണിക്കൂറിൽ 570 മില്ലിമീറ്റർ വഴയാണ് പ്രദേശത്ത് ലഭിച്ചത്. ഇതോടെ കുറേയേറെ ആളുകളെ അധികൃതർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ജൂലായ് 30 അതിരാവിലെ 2.17 ഓടെ ഉരുൾപൊട്ടലുണ്ടാവുകയും ഉരുൾപൊട്ടലിൽ പുഞ്ചിരിമറ്റം, മുണ്ടക്കൈ എന്നീ ഗ്രാമങ്ങൾ ഒലിച്ചുപോവുകയും ചെയ്തു. ഈ ദുരന്തത്തിൻ്റെ രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ പുലർച്ച 4.10ഓടെ ചൂരൽ മലയിൽ ഉരുൾപൊട്ടി. ഇതോടെ ചൂരൽമല ഗ്രാമമാകെ ഒലിച്ചുപോയി. ഇരവഴഞ്ഞിപ്പുഴയുടെ ഗതിമാറിയതിനാൽ കണ്ണാടിപ്പുഴയ്ക്ക് കുറുകെ ഉണ്ടായിരുന്ന പാലം ഒലിച്ചുപോയി. അട്ടമല, മുണ്ടക്കൈ എന്നീ ഗ്രാമങ്ങളെ ചൂരൽ മലയുമായി ബന്ധിപ്പിക്കുന്നതായിരുന്നു പാലം. ഇതോടെ ഈ ഗ്രാമങ്ങളിലെ 400ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. വെള്ളാർമല ജിവിഎച്ച്എസ്എസ് സ്കൂളിന്റെ ഭൂരിഭാഗവും മണ്ണിനടിയിലായി. ഇതൊക്കെ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു.

ദേശീയ ദുരന്തനിവാരണ സംഘവും ഇന്ത്യൻ സൈന്യവും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി. തുടർന്ന് ചൂരൽമലയെയും മുണ്ടക്കൈയെയും ബന്ധിപ്പിച്ച് സൈന്യം താത്കാലികപാലം നിർമ്മിച്ചു. രക്ഷാപ്രവർത്തനത്തിനിടെ മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി. ഇതോടെ രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിവച്ചു. സൈന്യത്തിൻ്റെ മൂന്ന് സേനകൾ, ഫയർഫോഴ്സ്, ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേന, പോലീസ്, സന്നദ്ധ സംഘടനകൾ, നാട്ടുകാർ തുടങ്ങി ഒട്ടേറെ ആളുകളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്.