Water supply: കുടിവെള്ള ദുരിതം തീരുന്നില്ല; തിരുവനന്തപുരം നഗരത്തിൽ വിവിധ ഭാഗങ്ങളിൽ ഇന്ന് ജലവിതരണം തടസ്സപ്പെടും
Water Supply Interrupted Today:അരുവിക്കരയിലെ ജല ശുദ്ധീകരണശാലയിൽ അറ്റകുറ്റപണികൾ നടക്കുന്നത് മൂലമാണ് ജല വിതരണം തടസപ്പെടുന്നത്.
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ഇന്ന്(സെപ്റ്റംബർ 29) ജല വിതരണം മടങ്ങും. അരുവിക്കരയിലെ ജല ശുദ്ധീകരണശാലയിൽ അറ്റകുറ്റപണികൾ നടക്കുന്നത് മൂലമാണ് ജല വിതരണം തടസപ്പെടുന്നത്. തലസ്ഥാനത്ത് കുടിവെള്ള വിതരണം മുടങ്ങുന്നത് പതിവാണ്. പൈപ്പ് പൊട്ടലും അറ്റകുറ്റപണികളുമാണ് ഇത്തരത്തിൽ തിരുവനന്തപുരത്തിന്റെ വിവിധ ഇടങ്ങളിൽ ജല വിതരണം തടസപ്പെടാൻ കാരണം. ഇത് പതിവായതോടെ കടുത്ത ദുരിതത്തിലാണ് നഗര വാസികൾ. ഏതാണ്ട് 101 സ്ഥലങ്ങളിൽ ഇന്ന് കുടിവെള്ളം മുട്ടുമെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചിരിക്കുന്നത്.
ജലവിതരണം ഭാഗികമായി തടസ്സപ്പെടുന്ന പ്രദേശങ്ങൾ:
വഴയില, ഇന്ദിര നഗർ, പേരൂർക്കട, ഊളമ്പാറ, ഹിന്ദുസ്ഥാൻ ലാറ്റെക്സ് ഫാക്ടറിയും പരിസരപ്രദേശങ്ങളും, മെന്‍റൽ ഹോസ്പിറ്റൽ, സ്വാതി നഗർ, സൂര്യനഗർ, പൈപ്പിൻ മൂട്, ജവഹർ നഗർ, ഗോൾഫ് ലിങ്സ്, കവടിയാർ, ദേവസ്വം ബോർഡ് ജങ്ഷൻ, ക്ലിഫ്ഹൌസ് നന്ദൻകോട്, കുറവൻകോണം ചാരാച്ചിറ, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഗൗരീശപട്ടം, പരുത്തിപ്പാറ, മുട്ടട , അമ്പലമുക്ക്, ചൂഴമ്പാല , മുക്കോല , നാലാഞ്ചിറ, മണ്ണന്തല, ശ്രീകാര്യം, എൻജിനീയറിങ് കോളേജ്, ഗാന്ധിപുരം ചെമ്പഴന്തി. പൗഡിക്കോണം, കേരളാദിത്യപുരം, കട്ടേല, മൺവിള, മണക്കുന്ന്,ആലത്തറ, ചെറുവയ്ക്കൽ, ഞാണ്ടൂർക്കോണം, തൃപ്പാദപുരം, ചെങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്നോപാർക്ക്, സിആർപിഎഫ് ക്യാംപ്, പള്ളിപ്പുറം, പൊട്ടക്കുഴി, മുറിഞ്ഞപാലം, കുമാരപുരം, മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആർസിസി, ശ്രീചിത്ര, പുലയനാർകോട്ട, കണ്ണമ്മൂല, കരിക്കകം, ഉള്ളൂർ, പ്രശാന്ത് നഗർ, പോങ്ങുമ്മൂട് , ആറ്റിപ്ര, കുളത്തൂർ, പൗണ്ട് കടവ് , കരിമണൽ , കുഴിവിള, വെട്ടുറോഡ്, കാട്ടായിക്കോണം, പുത്തൻപള്ളി, ആറ്റുകാൽ, വലിയതുറ, പൂന്തുറ, ബീമാപള്ളി, മാണിക്യവിളാകം, മുട്ടത്തറ, പുഞ്ചക്കരി, കരമന, ആറന്നൂർ, മുടവൻമുകൾ, നെടുംകാട്, കാലടി, പാപ്പനംകോട്, മേലാംകോട്, പൊന്നുമംഗലം, വെള്ളായണി, എസ്റ്റേറ്റ്, നേമം, പ്രസാദ് നഗർ, തൃക്കണ്ണാപുരം, പുന്നയ്ക്കാമുകൾ, തിരുമല, വലിയവിള, പി റ്റി പി, കൊടുങ്ങാനൂർ, കാച്ചാണി, നെട്ടയം, വട്ടിയൂർക്കാവ്, കാഞ്ഞിരംപാറ, പാങ്ങോട്, തുരുത്തിമൂല.
ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 6 വരെ ആയിരിക്കും കുടിവെള്ളം മുടങ്ങുക. കഴിഞ്ഞ കുറച്ച് നാളുകളായി ഇവിടങ്ങളിൽ കുടിവെളളം മുടങ്ങുന്നത് പതിവാണ്. ഇതോടെ നഗരവാസികൾ കടുത്ത് പ്രതിഷേധത്തിലാണ്. നാഗർ കോവിൽ റെയിൽപാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട പൈപ്പ് പണികൾക്കായി 6 ദിവസം വെള്ളം മുടങ്ങിയത് വൻ ജനരോഷത്തിന് ഇടയാക്കിയിരുന്നു. അരുവിക്കരയിലെ വൈദ്യുതി തകരാർ,അരുവിക്കരയിലെയും വെള്ളയമ്പലത്തെയും ജല ശുചീകരണ പ്ലാന്‍റിലെ അറ്റകുറ്റപണികൾ, വിവിധയിടങ്ങളിലെ പൈപ് പൊട്ടൽ, സ്മാർട്ട് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട പൈപ്പ് മാറ്റൽ എന്നിങ്ങനെ ഓരോ ദിവസവും ഓരോ കാരണങ്ങൾ പറഞ്ഞാണ് കുടിവെള്ളം മുടങ്ങുന്നത്. ചിലയിടങ്ങളിൽ പണി പൂർത്തിയാക്കിയ ഭാഗത്ത് വീണ്ടും പൈപ്പ് ചോരുന്നതും പ്രശ്നങ്ങൾക്ക് വഴിവെക്കുന്നു.