5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Water Shortage : തിരുവനന്തപുരത്തെ ജലവിതരണം ഇനിയും വൈകും; നഗരസഭയിലെ സ്കൂളുകൾക്ക് നാളെ അവധി

Water Supply In Thriuvananthapuram Will Be Delayed Further : തിരുവനന്തപുരത്തെ ജലവിതരണം ഇനിയും വൈകുമെന്നതിനാൽ നഗരസഭയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഇന്ന് അർദ്ധരാത്രിയോടെ പ്രദേശത്ത് ജലം എത്തിത്തുടങ്ങുമെന്നാണ് വാട്ടർ അതോറിറ്റിയുടെ അവകാശവാദം.

Water Shortage : തിരുവനന്തപുരത്തെ ജലവിതരണം ഇനിയും വൈകും; നഗരസഭയിലെ സ്കൂളുകൾക്ക് നാളെ അവധി
ജലവിതരണം (Image Courtesy – Unsplash)
Follow Us
abdul-basithtv9-com
Abdul Basith | Published: 08 Sep 2024 20:15 PM

തിരുവനന്തപുരം നഗരസഭയിലെ ജലവിതരണം ഇനിയും വൈകും. പ്രദേശത്ത് എപ്പോൾ വെള്ളമെത്തുമെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. ഇതോടെ നഗരസഭാ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി നൽകി. നാളെ ഉച്ചയോടെ പൂർണമായും വെള്ളമെത്തുമെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചത്. അർദ്ധരാത്രിയോടെ ജലം എത്തിത്തുടങ്ങും. തെറ്റിയ അലൈന്മെൻ്റ് ഒന്നര മണിക്കൂറിനുള്ളിൽ ശരിയാക്കുമെന്നും വാട്ടർ അതോറിറ്റി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്ന് വൈകിട്ട് നാല് മണിയോടെ പമ്പിങ് തുടങ്ങുമെന്നായിരുന്നു മന്ത്രിമാരുടെ ഉറപ്പ്. എന്നാൽ, ഇത് പാഴായി. പമ്പിങ് തുടങ്ങിയാലും ജലവിതരണം സാധാരണ നിലയിലാവാൻ മണിക്കൂറുകളെടുക്കും. എപ്പോൾ പമ്പിങ് തുടങ്ങുമെന്ന് ഇനിയും കൃത്യമായി വ്യക്തമല്ലാത്തതുകൊണ്ട് തന്നെ പ്രദേശത്ത് എപ്പോൾ വെള്ളമെത്തുമെന്നും വ്യക്തതയില്ല. രാത്രി 8 മണിയോടെ താഴ്ന്ന പ്രദേശങ്ങളിലും അർദ്ധരാത്രിയോടെ ഉയർന്ന പ്രദേശങ്ങളും വെള്ളമെത്തിത്തുടങ്ങുമെന്നും അധികൃതർ അറിയിച്ചു. നഗരത്തിൽ മഴ പെയ്തതിനെ തുടർന്ന് താത്കാലികമായി പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു. എന്നാൽ, വീണ്ടും ഇത് പുനരാരംഭിച്ചു. രാത്രി വൈകിയും പ്രവർത്തനം തുടരുമെന്നും വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Also Read : Water Shortage: നാലാം ദിവസവും നരകം, കിട്ടാനില്ല തുള്ളി വെള്ളം! തലസ്ഥാനത്ത് നെട്ടോട്ടമോടി ജനം, മന്ത്രിയുടെ വാക്കും പാഴായി

ജലവിതരണം മുടങ്ങിയതിനെ തുടർന്ന് കോർപ്പറേഷൻ പരിധിയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. സ്കൂളുകളുടെ കാര്യം തീരുമാനിക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതോടെയാണ് കളക്ടർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

ഇതിനിടെ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തുവന്നു. കുറ്റകരമായ അനാസ്ഥയാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന് സതീശൻ വാർത്താകുറിപ്പിലൂടെ അറിയിച്ചു. ടാങ്കറിൽ കൊണ്ടു വരുന്ന ജലം ഒന്നിനും തികയുന്നില്ല. അത് തന്നെ പലർക്കും ലഭിക്കുന്നുമില്ല. നഗരവാസികൾ വീടുകൾ വിട്ട് പോകേണ്ട അവസ്ഥയാണുള്ളത് എന്നും വിഡി സതീശൻ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

റെയിൽവെ ലൈൻ നിർമ്മാണത്തിൻ്റെ ഭാഗമായി ഒരിടത്ത് പണി നടക്കുമ്പോൾ എങ്ങനെയാണ് നഗരത്തിലാകെ കുടിവെള്ള വിതരണം മുടങ്ങുന്നത് എന്നും അദ്ദേഹം ചോദിച്ചു. വിഷയത്തിൽ ഉദ്യോഗസ്ഥ തലത്തിൽ ഗുരുതരമായ വീഴ്ചയുണ്ടായി. ഇതേ കുറിച്ച് ഗൗരവമായി അന്വേഷിക്കണം. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം. കോർപ്പറേഷനിലെ ജനതയുടെ കുടിവെള്ളം മുട്ടിയപ്പോൾ ബദൽ മാർഗങ്ങൾ ഒരുക്കുന്നതിൽ കോർപ്പറേഷൻ പരാജയപ്പെട്ടു. കുടിവെള്ള വിതരണം ഉടൻ പുനസ്ഥാപിക്കാൻ കോർപ്പറേഷനും സർക്കാരും അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം ന​ഗരത്തിലെ 44 വാർഡുകളിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഇന്ന് നാല് ദിവസം പൂർത്തിയാവുകയാണ്. അറ്റകുറ്റപ്പണിക്കായി അരുവിക്കരയിലെ പ്ലാന്റ് താത്കാലികമായി അടച്ചതും തിരുവനന്തപുരം- നാ​ഗർകോവിൽ റെയിൽപ്പാത ഇരട്ടിപ്പിക്കൽ പ്രവർത്തനങ്ങൾ നടക്കുന്നതും കാരണമാണ് കുടിവെള്ള വിതരണം ഇക്കഴിഞ്ഞ ദിവസങ്ങളിൽ മുടങ്ങിയത്. ഇന്ന് രാവിലെ വെള്ളം വരുമെന്ന് ജനങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ വാൽവിൽ ലീക്ക് കണ്ടെത്തിയതിനെ തുടർന്ന് പുലർച്ചെ ഭാഗികമായി ആരംഭിച്ച പമ്പിംഗ് നിർത്തിവെക്കുകയായിരുന്നു.

Also Read : ADGP Ajithkumar Controversy :പാർട്ടിക്ക് എന്ത് കാര്യം, നടപടി എടുക്കേണ്ടത് ആഭ്യന്തര വകുപ്പാണ്; അതൃപ്തി പ്രകടിപ്പിച്ച് MV ഗോവിന്ദൻ

ജനങ്ങൾക്ക് ബുദ്ധിമുട്ടായതിൽ വിഷമമുണ്ട്. സാങ്കേതിക തടസങ്ങൾ മാറ്റി പ്രശ്നം ഉടൻ പരിഹരിക്കുമെന്നാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അ​ഗസ്റ്റിൽ മാധ്യമങ്ങളോട് പറഞ്ഞത്. രാത്രി പമ്പിം​ഗ് പുനരാരംഭിച്ചിരുന്നു. ചിലയിടങ്ങളിൽ ലീക്ക് കണ്ടെത്തിയതിനാൽ അത് തുടരാനായിരുന്നില്ല. അത് പരിഹരിച്ച് പമ്പിം​ഗ് പുനരാരംഭിക്കും. ഭാവിയിൽ ഇത്തരത്തിലൊരു അവസ്ഥ വരാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അദ്ദേ​​ഹം പറഞ്ഞിരുന്നു.

കുടിവെള്ള പ്രതിസന്ധി പരിഹരിക്കാത്തതിനെ തുടർന്ന് ബിജെപി ഇന്നലെ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു. നഗരസഭയുടെയും വാട്ടർ അതോറിറ്റിയുടെയും ഉദ്യോഗസ്ഥരെ ഫോൺ വിളിച്ചാൽ എടുക്കില്ലെന്ന് ബിജെപി കൗൺസിലർമാർ ആരോപിച്ചു. വെള്ളമെത്താൻ താമസം നേരിട്ടാൽ കോർപ്പറേഷനും വകുപ്പ് മന്ത്രിക്കുമെതിരെ സമരം ആരംഭിക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുകയും ചെയ്തു. കുടിവെള്ള പ്രശ്നം പരിഹരിക്കാനെന്ന പേരിൽ വിളിച്ചു ചേർത്ത യോ​ഗങ്ങളിൽ നിന്ന് പ്രതിപക്ഷ കൗൺസിലർമാരെ ഒഴിവാക്കി. സിപിഎം കൗൺസിലർമാരെ മാത്രം വിളിച്ചുവരുത്തി മേയറും ഉദ്യോ​ഗസ്ഥരും പ്രഹസനം നടത്തിയെന്നും ബിജെപി നേതാവ് എം. ആർ ​ഗോപൻ ആരോപിച്ചു.

Latest News