Water Supply : തിരുവനന്തപുരം വെള്ളം കുടിയ്ക്കാൻ വരട്ടെ; അറ്റകുറ്റപ്പണികൾ മൂലം നാളെയും ജലവിതരണം മുടങ്ങും
Water Supply In Thiruvananthapuram : തിരുവനന്തപുരം നഗരത്തിൽ നാളെ ജലവിതരണം മുടങ്ങും. സെപ്തംബർ 12 രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെയാണ് ജലവിതരണം മുടങ്ങുക. സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന അറ്റകുറ്റപ്പണികളാണ് കാരണം.
തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഇടങ്ങളിൽ നാളെ (സെപ്തംബർ 12) ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി. സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന അറ്റകുറ്റപ്പണികൾ കാരണമാണ് രാവിലെ 10 മുതൽ രാത്രി 12 വരെ ജലവിതരണം മുടങ്ങുക. സംസ്ഥാനത്ത് നാല് ദിവസമായി മുടങ്ങിക്കിടന്ന ജലവിതരണം ഈ മാസം എട്ടാം തീയതിയാണ് പുനരാരംഭിച്ചത്.
ആൽത്തറ- മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകൾ ചാർജ് ചെയ്യുകയും പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ പൈപ്പ് ലൈനുമായി കണക്ട് ചെയ്യുകയും ചെയ്യുന്ന ജോലികൾ നടക്കുന്നതിനാൽ ജലവിതരണം മുടങ്ങുമെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചത്. വഴുതക്കാട്,
ഉദാരശിരോമണി റോഡ്, പാലോട്ടുകോണം, സി എസ് എം നഗർ, ശിശുവിഹാർ ലൈൻ, കോട്ടൺഹിൽ, ഇടപ്പഴിഞ്ഞി, കെ. അനിരുദ്ധൻ റോഡ്, ഇറക്കം റോഡ്, മേട്ടുക്കട, വലിയശാല, തൈക്കാട് എന്നീ പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റിയുടെ വാർത്താകുറിപ്പിൽ പറയുന്നു.
ഒരാഴ്ച മുൻപ് പൂർണമായി മുടങ്ങിയ ജലവിതരണം രണ്ട് ദിവസം മുൻപ് പുനരാരംഭിച്ചെങ്കിലും ഇപ്പോഴും പലയിടങ്ങളിലും വെള്ളമെത്തിയിട്ടില്ലെന്ന പരാതിയുണ്ട്. ഇതിനിടയിലാണ് വീണ്ടും ജലവിതരണം മുടങ്ങുമെന്ന അറിയിപ്പ്.
Also Read : Water supply: ‘ഇരുട്ടിൽ’ ആശ്വാസം; പൈപ്പുകളുടെ പണി പൂർത്തിയായി; രാത്രിയോടെ തലസ്ഥാനത്ത് പമ്പിങ് പുനഃരാരംഭിച്ചു
സെപ്തംബർ എട്ട് രാത്രിയാണ് സംസ്ഥാനത്തെ ജലവിതരണം ഭാഗികമായി പുനസ്ഥാപിച്ചത്. പൈപ്പുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായതോടെ രാത്രി പത്തുമണിയോടെ തിരുവനന്തപുരം നഗരത്തിൽ പമ്പിങ് പുനഃരാരംഭിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ ഒന്നര മണിക്കൂറിനുള്ളിൽ വെള്ളമെത്തുമെന്നും ഉയർന്ന പ്രദേശങ്ങളിൽ മൂന്നുനാലു മണിക്കൂറിനുള്ളിലും വെള്ളമെത്തുമെന്നും മേയർ ആര്യ രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കുടിവെള്ളം മുടങ്ങിയത് ജനങ്ങൾക്ക് വലിയ രീതിയിലുള്ള പ്രശ്നങ്ങളുണ്ടായതായി മേയർ അറിയിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ 40 വാഹനങ്ങളിൽ ഇപ്പോൾ വെള്ളമെത്തിക്കുന്നുണ്ട്. പത്ത് വാഹനങ്ങൾ കൊച്ചിയിൽ നിന്നും എത്തിക്കും. അവസാന പരാതി പരിഹരിക്കുന്നത് വരെ ടാങ്കറിൽ ജലവിതരണം തുടരുമെന്നും മേയർ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം- കന്യാകുമാരി റെയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് തലസ്ഥാനത്ത് ജലവിതരണം മുടങ്ങിയത്. നാൽപതിലേറെ വാർഡുകളിലാണ് ജലവിതരണം മുടങ്ങിയത്. ഇതോടെ കുടിവെള്ളം കിട്ടാതെ പ്രയാസം അനുഭവിക്കുകയായിരുന്നു നഗരവാസികൾ. റെയിൽവേ ട്രാക്കിന് അടിയിലൂടെ പോകുന്ന 500 എംഎം, 700 എംഎം പൈപ്പുകളുടെ അലൈൻമെന്റ് മാറ്റുന്നതിനു വേണ്ടി രണ്ട് ദിവസം പമ്പിങ് നിർത്തിവെയ്ക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പ്രവൃത്തി നീണ്ടതോടെ ജനങ്ങൾ വലയുകയായിരുന്നു. തുടർന്ന് എട്ടാം തീയതി രാവിലെയോടെ വെള്ളം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ വാൽവിൽ ലീക്ക് കണ്ടെത്തിയതിനെ തുടർന്ന് പുലർച്ചെ ഭാഗികമായി ആരംഭിച്ച പമ്പിംഗ് നിർത്തിവെക്കുകയായിരുന്നു.