‘സാറിനെ പുറത്ത് കിട്ടിയാൽ തീർത്തുകളയും’; അധ്യാപകർക്കെതിരെ കൊലവിളിയുമായി പ്ലസ് വൺ വിദ്യാർഥി
Palakkad Plus One Student Threatens Teacher : പാലക്കാട് ആനക്കര സർക്കാർ ഹയർ സക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് പ്രിൻസിപ്പാൾ അടക്കമുള്ള അധ്യാപകരെ ഭീഷണിപ്പെടുത്തിയത്. വിദ്യാർഥിയുടെ കൊലവിളി സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു
പാലക്കാട് : അധ്യാപകർക്ക് നേരെ കൊലവിളിയുമായി പ്ലസ് വൺ വിദ്യാർഥി. മൊബൈൽ ഫോൺ പിടിച്ചുവെച്ചതിന് പ്രധാന അധ്യാപകനടക്കമുള്ള അധ്യാപകരെയാണ് വിദ്യാർഥി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പാലക്കാട് ആനക്കര സർക്കാർ ഹയർ സക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് കൊലവിളി നടത്തിയത്. വിദ്യാർഥി അധ്യാപകർക്കെതിരെ കൊലവിളി നടത്തുന്ന ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു.
മൊബൈൽ ഫോൺ സ്കൂളിൽ കൊണ്ടുവന്നപ്പോൾ അധ്യാപകർ പിടിച്ചുവെക്കുകയായിരുന്നു. ഇക്കാര്യത്തെ കുറിച്ച് വിശദമായി ചോദ്യം ചെയ്യാൻ വിദ്യാർഥിയെ പ്രിൻസിപ്പാളിൻ്റെ മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. തുടർന്നാണ് വിദ്യാർഥി എല്ലാവരെയും കൊലവിളി ഭീഷണി നടത്തിയത്. സ്കൂളിൻ്റെ പുറത്തിറങ്ങിയാൽ അധ്യാപകനെ കൊന്നു കളയുമെന്നാണ് വിദ്യാർഥി ഭീഷണിപ്പെടുത്തിയത്.
‘നിങ്ങൾ വീഡിയോ എന്ത് വേണേലും കാണിക്ക്. എന്നെ ഇതിൻ്റെ ഉള്ളിലിട്ട് മെൻ്റലായി ഹറാസ്മെൻ്റ് ചെയ്യുകയാണ്. വീഡിയോ അടക്കം എടുത്തിട്ടുണ്ട്. സാറിനെ പുറത്ത് കിട്ടിയാൽ തീർക്കും ഞാൻ, കൊന്നിടുമെന്ന് പറഞ്ഞാൽ കൊന്നിടും’ എന്ന് പറഞ്ഞുകൊണ്ടാണ് അധ്യാപകർക്ക് നേരെ വിദ്യാർഥി കൊലവിളി നടത്തിയത്.
അധ്യാപകർക്കെതിരെ പ്ലസ് വൺ വിദ്യാർഥി കൊലവിളി നടത്തുന്ന ദൃശ്യങ്ങൾ
അതേസമയം വിദ്യാർഥിക്കെതിരെ അധ്യാപകർ പോലീസിൽ പരാതി നൽകിട്ടില്ല. എന്നാൽ ഈ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.