Sanju Techy: പണി തീര്‍ന്നിട്ടില്ല; സഞ്ജു ടെക്കിക്കെതിരെ അടുത്തത് പൊലീസ് കേസ്
Case Against Vlogger Sanju Techy: ആര്‍ടിഒ രജിസ്റ്റര്‍ ചെയ്ത കേസിന്റെ റിപ്പോര്‍ട്ട് ഇന്ന് ആലപ്പുഴ കോടതിക്ക് കൈമാറും. സഞ്ജുവിനെതിരെ പ്രോസിക്യൂഷന്‍ നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികള്‍.
ആലപ്പുഴ: കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഉണ്ടാക്കി കുളിച്ച കേസിന് പിന്നാലെ വ്‌ളോഗര്‍ സഞ്ജു ടെക്കിക്കെതിരെ പൊലീസ് കേസെടുക്കും. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുക്കുക. ആര്‍ടിഒ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മണ്ണഞ്ചേരി പൊലീസ് ആണ് കേസെടുക്കുക.
അതേസമയം, ആര്‍ടിഒ രജിസ്റ്റര്‍ ചെയ്ത കേസിന്റെ റിപ്പോര്‍ട്ട് ഇന്ന് ആലപ്പുഴ കോടതിക്ക് കൈമാറും. സഞ്ജുവിനെതിരെ പ്രോസിക്യൂഷന്‍ നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികള്‍. സഞ്ജുവിനൊപ്പം കാറില്‍ യാത്ര ചെയ്ത കൂട്ടുകാര്‍ക്കെതിരെയും പ്രോസിക്യൂഷന്‍ നടപടിയുണ്ടാകും.
കഴിഞ്ഞ ദിവസം കാര്‍ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റിയിരുന്നു. ആര്‍ടിഒയുടെ ശിക്ഷാ നടപടിയെ കളിയാക്കി സഞ്ജു ചെയ്ത വീഡിയോയും വിവാദമായിരുന്നു. 10 ലക്ഷം രൂപ ചെലവിട്ടാല്‍ പോലും ലഭിക്കാത്ത റീച്ച് ഒരു കേസ് മൂലം തനിക്ക് ലഭിച്ചുവെന്നാണ് സഞ്ജു വീഡിയോയില്‍ പറഞ്ഞത്. ആര്‍ടിഒയ്ക്കും മാധ്യമങ്ങള്‍ക്കും നന്ദിയുണ്ടെന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.
സീറ്റ് നീക്കം ചെയ്ത് ടാര്‍പോളിന്‍ ഷീറ്റ് വാഹനത്തില്‍ വിരിച്ച് അതില്‍ വെള്ളം നിറച്ചാണ് സഞ്ജുവും സുഹൃത്തുക്കളും വാഹനത്തില്‍ സ്വിമ്മിങ്ങ് പൂളുണ്ടാക്കിയത്. എന്നാല്‍ യാത്രക്കിടയില്‍ സമ്മര്‍ദ്ദം മൂലം ടാര്‍പോളിന്‍ പൊട്ടുകയും വാഹനത്തില്‍ നിന്ന് വെള്ളം ലീക്കായി ഒടുവില്‍ മുന്‍ സീറ്റിലെ എയര്‍ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു. ആലപ്പുഴ- തിരുവല്ല റോഡിലായിരുന്നു സംഭവം.
ഇതേ തുടര്‍ന്നാണ് ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ നേരിട്ട് തന്നെ സഞ്ജു ടെക്കിയുടെയും വാഹനത്തിന്റെ ഉടമയുടെയും ലൈസന്‍സ് റദ്ദാക്കിയത്. വീഡിയോ തന്നെ തെളിവായി എടുത്തു കൊണ്ടാണ് നടപടി. ആറ് മാസത്തേക്കായിരുന്നു ലൈസന്‍സ് റദ്ദാക്കിയത്.