Vizhinjam: 51 മീറ്റർ വീതിയും 366 മീറ്റർ നീളവും; വിഴിഞ്ഞത്തേക്ക് മറ്റൊരു കൂറ്റൻ മദർഷിപ്പ് കൂടി
Vizhinjam Sea Port: കഴിഞ്ഞ മാസം 12ന് വിഴിഞ്ഞത്തെത്തിയ സാൻ ഫെർണാണ്ടോ എന്ന മദർഷിപ്പാണ് ഇതുവരെ എത്തിയതിൽ ഏറ്റവും വലിയ കപ്പൽ. 2500 കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തെത്തിയ സാൻ ഫെർണാണ്ടോയിൽ നിന്നും പരീക്ഷണാടിസ്ഥാനത്തിൽ 1960 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കിയത്.
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് (Vizhinjam Sea Port) മറ്റൊരു കൂറ്റൻ മദർഷിപ്പ് കൂടി ഉടൻ എത്തും. ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനികളിലൊന്നായ എംഎസ്സിയുടെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ ഡെയ്ല എന്ന കണ്ടെയ്നറാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. ഈ മാസം 30ന് വിഴിഞ്ഞം തുറമുഖ ബർത്തിൽ ഡെയ്ല നങ്കൂരമിടുക.13,988 കണ്ടെയ്നറുകൾ വഹിക്കാനുള്ള ശേഷിയാണ് ഇവയ്ക്കുള്ളത്. കൂടാതെ 51 മീറ്റർ വീതിയും 366 മീറ്റർ നീളവുമുള്ള വമ്പൻ കണ്ടെയ്നർ കപ്പലാണ് വിഴിഞ്ഞത്തേക്ക് എത്തുന്നതെന്ന് അധികൃതർ അറിയിച്ചു.
ആഫ്രിക്കയിൽ നിന്ന് മുംബൈ വഴിയാണ് എംഎസ്സി ഡെയ്ല എന്ന മദർഷിപ്പ് 30ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്. കഴിഞ്ഞ മാസം 12ന് വിഴിഞ്ഞത്തെത്തിയ സാൻ ഫെർണാണ്ടോ എന്ന മദർഷിപ്പാണ് ഇതുവരെ എത്തിയതിൽ ഏറ്റവും വലിയ കപ്പൽ. 2500 കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തെത്തിയ സാൻ ഫെർണാണ്ടോയിൽ നിന്നും പരീക്ഷണാടിസ്ഥാനത്തിൽ 1960 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കിയത്.
അടുത്ത മാസം ആദ്യഘട്ട ഉദ്ഘാടനം നടത്താനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണ് വിഴിഞ്ഞത്ത്. ഇതിൻ്റെ ഭാഗമായാണ് പരീക്ഷണാടിസ്ഥാനത്തിൽ തുറമുഖത്തിൻറെ ചരക്ക് നീക്കൽ ശേഷി ശക്തിപ്പെടുത്താനായി കണ്ടെയ്നറുകളുമായി കൂറ്റൻ മദർഷിപ്പുകളെ വിഴിഞ്ഞത്തേക്ക് എത്തിക്കുന്നത്. വിഴിഞ്ഞത്ത് ആദ്യഘട്ട കമ്മീഷൻ പൂർത്തിയാകുന്ന ഈ വർഷം തന്നെ അടുത്ത ഘട്ടവും ആരംഭിക്കും.
അദാനി പൂർണ്ണമായും പണം മുടക്കുന്ന രണ്ടാം ഘട്ടം 2028ൽ തീരുമെന്നാണ് റിപ്പോർട്ട്. ഇതോടെ നാല് വർഷം കൊണ്ട് 9600 കോടിയുടെ നിക്ഷേപമാണ് കേരള തീരത്തേക്ക് വരുന്നത്. പക്ഷെ റോഡ് – റെയിൽ കണക്ടീവിറ്റിയാണ് എന്നിവയാണ് മുന്നിലുള്ള പ്രശ്നം. തുറമുഖം മുന്നിൽ കണ്ടുള്ള റിംഗ് റോഡ് പദ്ധതികളും പാതിവഴിയിലാണ്.
കമ്മീഷൻ ചെയ്ത് 15 ആം വർഷം മുതൽ ലാഭമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിനിടെ വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിംഗ് റോഡിനായി പ്രത്യേക പാക്കേജ് അംഗീകരിച്ചതോടെ സംസ്ഥാനത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ വൻകുതിപ്പിന് കളമൊരുങ്ങിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉൾപ്പെടെ ഇനി വേഗത്തിൽ പൂർത്തിയാക്കാൻ ഇടപടുമെന്നും മന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖം
ഇന്ത്യയിലെ ആദ്യത്തെ സെമി ഓട്ടോമേറ്റഡ് കണ്ടെയ്നർ തുറമുഖമാണ് വിഴിഞ്ഞത്തേത്. കൂടാതെ ഇന്ത്യയിലെ ആദ്യ ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നർ തുറമുഖം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഏറ്റവും വലിയ കപ്പലിന് എത്താൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ രാജ്യാന്തര കണ്ടെയ്നർ ടെർമിനലാണ് വിഴിഞ്ഞം. 10 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര കപ്പൽ പാതയുടെ സാമിപ്യം.
തീരത്തുനിന്ന് ഒരു നോട്ടിക്കൽ മൈൽവരെ 24 മീറ്റർ സ്വാഭാവിക ആഴമാണുള്ളത്. വിഴിഞ്ഞം തുറമുഖത്തിന് 8867 കോടി രൂപയാണ് ആകെ മുതൽമുടക്ക്. അതിൽ സംസ്ഥാന സർക്കാർ: 5595 കോടി രൂപയും, കേന്ദ്രസർക്കാർ 818 കോടി രൂപയുമാണ് വകയിരുത്തിയത്. തുറമുഖത്തിൽ മൊത്തം 32 ക്രെയിനുകളാണുള്ളത്. ക്രെയിനുകൾ നിയന്ത്രിക്കുന്നത് മദ്രാസ് ഐഐടി വികസിപ്പിച്ച സോഫ്‌റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന നാവിഗേഷൻ സെന്ററാണ്.
2960 മീറ്റർ പുലിമുട്ട്, 800 മീറ്റർ കണ്ടെയ്‌നർ ബർത്ത്, 600 മീറ്റർ അപ്രോച്ച് റോഡ് എന്നിവയാണ് വിഴിഞ്ഞത്തുള്ളത്. പൈലറ്റ് കം പട്രോൾ ബോട്ട്, നാവിഗേഷൻ എയ്ഡ്, പോർട്ട് ഓപ്പറേഷൻ ബിൽഡിങ്, 220 കെ വി സബ് സ്റ്റേഷൻ, 33 കെ വി പോർട്ട് സബ് സ്റ്റേഷൻ, ചുറ്റുമതിൽ, കണ്ടെയ്‌നർ ബാക്കപ്പ് യാർഡ് എന്നിങ്ങനെയാണ് തുറമുഖത്തിൻ്റെ മൊത്തതിലുള്ള ഉൾക്കൊള്ളൽ. 2015 ഓഗസ്റ്റ് 17നാണ് വിഴിഞ്ഞം തുറമുഖത്തിനായുള്ള കരാർ ഒപ്പുവെക്കുന്നത്. പിന്നീട് 2015 ഡിസംബറിൽ നിർമാണ പ്രവൃത്തികൾ ആരംഭിച്ചു.