vizhinjam port : പ്രതീക്ഷിച്ചതിനെക്കാൾ 17 വർഷം മുൻപു വിഴിഞ്ഞം തുറമുഖം പൂർണ സജ്ജമാകും- മുഖ്യമന്ത്രി
Vizhinjam port update : പോർട്ടുമായി ബന്ധപ്പെട്ട് ഏകദേശം 5500 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നതെന്നും അതിൽ പകുതിയോളം വിഴിഞ്ഞം പദ്ധതി മേഖലയിലുള്ളവർക്കു നൽകുമെന്നും അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: പ്രതീക്ഷിച്ചതിനെക്കാൾ 17 വർഷം മുൻപു വിഴിഞ്ഞം തുറമുഖം പൂർണ സജ്ജമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2028 ൽ പദ്ധതിയുടെ നാല് ഘട്ടങ്ങളും പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം ഒക്ടോബറിൽ തന്നെ അടുത്ത ഘട്ടങ്ങളുടെ നിർമാണം തുടങ്ങുമെന്നും അതിന് പരിസ്ഥിതി അനുമതി ഉൾപ്പെടെയുള്ളവ ലഭിക്കണമെന്നും അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ മാനേജിങ് ഡയറക്ടർ കരൺ അദാനിയും വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖത്ത് കണ്ടെയ്നറുകളുമായി എത്തിയ ആദ്യ മദർഷിപ് ‘സാൻ ഫെർണാണ്ടോ’യ്ക്കു സ്വീകരണം നൽകുന്ന സമ്മേളനത്തിലായിരുന്നു ഈ പ്രഖ്യാപനങ്ങൾ നടന്നത്. ആദ്യ ഘട്ടത്തിൽ പ്രതീക്ഷിച്ചിരുന്നത് പ്രതിവർഷം 10 ലക്ഷം ടിഇയു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്) കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ്.
ALSO READ : വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ സ്വയം വിരമിച്ചു; ഇനി അമേരിക്കയിൽ അധ്യാപകൻ
എന്നാൽ 15 ലക്ഷം ടിഇയു വരെ കൈകാര്യം ചെയ്യാൻ കഴിയുമെന്നും കരൺ കൂട്ടിച്ചേർത്തു. ഇപ്പോഴുള്ള കരാർ അനുസരിച്ച് നാലുഘട്ടങ്ങൾ പൂർത്തിയാക്കാനുണ്ട്. അത് 2045-ൽ തീർക്കേണ്ടതാണ്. എന്നാൽ 2028–29 കാലത്ത് പദ്ധതി പൂർത്തിയാക്കുന്നതിന് അദാനി ഗ്രൂപ്പുമായി കരാർ ഒപ്പിടുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
ഇങ്ങനെ സംഭവിച്ചാൽ സംസ്ഥാന സർക്കാരിന്റെയും അദാനി വിഴിഞ്ഞം പോർട്ടിന്റെയും ആകെ നിക്ഷേപം 20,000 കോടിയ്ക്കു മുകളിലെത്തും എന്നാണ് കരുതുന്നത്. പോർട്ടുമായി ബന്ധപ്പെട്ട് ഏകദേശം 5500 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നതെന്നും അതിൽ പകുതിയോളം വിഴിഞ്ഞം പദ്ധതി മേഖലയിലുള്ളവർക്കു നൽകുമെന്നും അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന സർക്കാരിനു കീഴിൽ വിദ്യാർത്ഥികൾക്കിടയിൽ നടപ്പാക്കി വരുന്ന അസാപിന്റെയും , അദാനി സ്കിൽ ഡവലപ്മെന്റ് സെന്ററിന്റെയും സഹകരണത്തോടെ പരിശീലന സ്ഥാപനം തുടങ്ങിയിട്ടുണ്ട്.