Vizhinjam Port: കപ്പലെത്തി, വാട്ടര്‍ സല്യൂട്ടോടെ സ്വീകരിച്ച് വിഴിഞ്ഞം; ഇത് ചരിത്ര മുഹൂര്‍ത്തം
The Arrival of First Mothership in Vizhinjam Port: പ്രത്യേകം സജ്ജമാക്കിയ കൂറ്റന്‍ ക്രെയ്‌നുകളാകും ചരക്ക് ഇറക്കുന്നത്. മാത്രമല്ല ഇന്ത്യയിലെ തന്നെ മറ്റേത് തുറമുഖത്തിനും അവകാശപ്പെടാനാകാത്ത ശേഷിയുളള എട്ട് ഷിപ്പ് ടു ഷോര്‍ ക്രെയ്‌നുകളും 23 യാര്‍ഡ് ക്രെയ്‌നുകളും വിഴിഞ്ഞത്ത് ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തി. ലോകത്തിലെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ സാന്‍ ഫെര്‍ണാണ്ടോ മദര്‍ഷിപ്പിപ്പാണ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. ആദ്യമായെത്തിയ അതിഥിയെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് വിഴിഞ്ഞം സ്വീകരിച്ചത്. രാവിലെ ഏഴേകാലോടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയില്‍ കപ്പലെത്തിയത്. നിലവില്‍ ബര്‍ത്തിങ് നടപടികള്‍ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ചയാവും ട്രയല്‍ റണ്‍ നടക്കുക.
വെള്ളിയാഴ്ച രാവിലെ തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കും. കേന്ദ്ര തുറമുഖവകുപ്പ്മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും. കൂടാതെ അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനിയും ചടങ്ങില്‍ സംബന്ധിക്കും.
1930 കണ്ടെയ്‌നറുകളാണ് കപ്പലില്‍ നിന്ന് വിഴിഞ്ഞത്ത് ഇറക്കുന്നത്. ജൂലൈ രണ്ടിന് ചൈനയിലെ സിയാമെന്‍ തുറമുറഖത്ത് നിന്നുമാണ് കപ്പല്‍ പുറപ്പെട്ടത്. കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തിയത്. കടലില്‍ നങ്കുരമിട്ട കപ്പലിന്റെ ക്യാപ്റ്റന്‍ റഷ്യയിലെ യുക്രൈന്‍ സ്വദേശിയായ വോളോദിമറാണ്. സാങ്കേതികവിദഗ്ധര്‍ അടക്കമുള്ള സംഘത്തില്‍ അഞ്ചുപേര്‍ ഇന്ത്യക്കാരാണ്. ഇവരില്‍ മലയാളിയായി വാണിയംകുളം സ്വദേശി പ്രജീഷുമുണ്ട്. അഞ്ച് ഇന്ത്യക്കാരും 17 വിദേശികളും ഉള്‍പ്പെടെ 22 പേരാണ് കണ്ടെയ്‌നര്‍ കപ്പലിലെ ജീവനക്കാരായുള്ളത്.
ബര്‍ത്തിങിന് ശേഷം ഇമിഗ്രേഷന്‍, കസ്റ്റംഗ് ക്ലിയറന്‍സ്, പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ നല്‍കുന്ന മെഡിക്കല്‍ ക്ലിയറന്‍സ് എന്നിവ വേണം. ഇതിന് ശേഷം കണ്ടെയ്‌നറുകള്‍ ഇറക്കും.
പ്രത്യേകം സജ്ജമാക്കിയ കൂറ്റന്‍ ക്രെയ്‌നുകളാകും ചരക്ക് ഇറക്കുന്നത്. മാത്രമല്ല ഇന്ത്യയിലെ തന്നെ മറ്റേത് തുറമുഖത്തിനും അവകാശപ്പെടാനാകാത്ത ശേഷിയുളള എട്ട് ഷിപ്പ് ടു ഷോര്‍ ക്രെയ്‌നുകളും 23 യാര്‍ഡ് ക്രെയ്‌നുകളും വിഴിഞ്ഞത്ത് ഒരുക്കിയിട്ടുണ്ട്. ഓട്ടമേറ്റഡ് സംവിധാനം വഴി ചരക്ക് ഇറക്കുന്നതും കയറ്റുന്നതും നിയന്ത്രിക്കാനുമാകും.
ഷിപ്പ് ടു ഷോര്‍ ക്രെയ്‌നുകള്‍ ഉപയോഗിച്ച് കണ്ടെയ്‌നറുകള്‍ കപ്പലില്‍ നിന്ന് ഇറക്കും. എന്നിട്ട് കണ്ടെയ്‌നറുകള്‍ ടെര്‍മിനല്‍ ട്രക്കുകളിലേക്ക് മാറ്റും. യാര്‍ഡ് ക്രെയ്‌നുകള്‍ ഉപയോഗിച്ച് കണ്ടെയ്‌നറുകള്‍ യാര്‍ഡില്‍ അടുക്കിവെക്കുകയും ചെയ്യും. ഓരോ റൂട്ടിലേക്കുമുള്ള കണ്ടെയ്‌നറുകള്‍ അനുസരിച്ചായിരിക്കും ക്രമീകരണം.
അതേസമയം, ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ കപ്പല്‍ വിഴിഞ്ഞത്ത് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനസജ്ജമായാല്‍ ഉടന്‍തന്നെ തങ്ങളുടെ കപ്പല്‍ വിഴിഞ്ഞത്ത് എത്തുമെന്ന് എംഎസ്‌സി കമ്പനിയുടെ പ്രതിനിധികളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസിന്റെ ഓണ്‍ലൈന്‍ മാധ്യമമായ ഇ ടി ഇന്‍ഫ്ര ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
എംഎസ്‌സിയുടെ കൂറ്റന്‍ മദര്‍ഷിപ്പാണ് വിഴിഞ്ഞത്ത് എത്തുക. ഇതില്‍ കൊണ്ടുവരുന്ന കണ്ടെയ്‌നറുകള്‍ ചെറു കപ്പലുകള്‍ വഴി മറ്റു തുറമുഖങ്ങളിലേക്കു കൊണ്ടുപോകുന്ന ട്രാന്‍സ്ഷിപ്‌മെന്റാണ് വിഴിഞ്ഞത്ത് നടക്കുന്നത്. നിലവില്‍ ട്രാന്‍സ്ഷിപ്‌മെന്റ് കൈമാറ്റത്തിനുള്ള അനുമതി മാത്രമാണ് വിഴിഞ്ഞത്തിന് ലഭിച്ചിട്ടുള്ളത്.