5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

വിഷുവിനെ വരവേറ്റ് മലയാളികൾ; പടക്കം പൊട്ടിച്ചും കണികണ്ടുണർന്നും നാടെങ്ങും ആഘോഷം

സൂര്യൻ മീനം രാശിവിട്ട് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന സമയമാണിത്. കേരളത്തിലെ കർഷകർക്ക് അടുത്ത വാർഷിക വിളകൾക്കുള്ള തയാറെടുപ്പിൻറെ കാലം കൂടിയാണ് വിഷു.

വിഷുവിനെ വരവേറ്റ് മലയാളികൾ; പടക്കം പൊട്ടിച്ചും കണികണ്ടുണർന്നും നാടെങ്ങും ആഘോഷം
Vishu Celebration
neethu-vijayan
Neethu Vijayan | Published: 14 Apr 2024 09:33 AM

ഐശ്വര്യത്തിൻറെയും സമൃദ്ധിയുടേയും മറ്റൊരു വിഷു പുലരി കൂടി വന്നെത്തി. കാഴ്ചയെ സമൃദ്ധമാക്കാൻ കണി ഒരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് ലോകമെമ്പാടുമുള്ള മലയാളികൾ. കാർഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകൂടിയാണ് ഒരോ വിഷുവും. നിറഞ്ഞുകത്തുന്ന നിലവിളക്കിന് മുന്നിൽ സ്വർണ്ണനിറത്തിലുള്ള കൊന്നപ്പൂക്കൾ. ഓട്ടുരുളിയിൽ കാർഷിക സമൃദ്ധിയുടെ ഓർമ്മപ്പെടുത്തലായി കണിവെള്ളരിയും ഫലങ്ങളും. സമൃദ്ധിയുടെ ഈ കാഴ്ച ഒരാണ്ടിലേക്ക് മുഴുവനുള്ളതാണ്.

എല്ലാവരും കണി കണ്ട് കഴിഞ്ഞാൽ കൈനീട്ടം നൽകും. കുടുംബത്തിലെ മുതിർന്നവർ കയ്യിൽ വച്ച് തരുന്ന അനുഗ്രഹം കൂടിയാണ് കൈനീട്ടം. പിന്നെ നാട്ടുരുചിയുമായി സദ്യവട്ടം. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷങ്ങൾ വേറെയും. സൂര്യൻ മീനം രാശിവിട്ട് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന സമയമാണിത്. കേരളത്തിലെ കർഷകർക്ക് അടുത്ത വാർഷിക വിളകൾക്കുള്ള തയാറെടുപ്പിൻറെ കാലം കൂടിയാണ് വിഷു.

വിഷുപ്പുലരിയിൽ കണ്ണനെ കണികണ്ടുണരാൻ ഗുരുവായൂരിൽ വൻ ഭക്ത ജനത്തിരക്കാണ്. പുലർച്ചെ 2.42 മുതൽ 3.42 വരെയായിരുന്നു വിഷുക്കണി ദർശനം. മേൽ ശാന്തി പള്ളിശ്ശേരി മധുസൂദനൻ നമ്പൂതിരി ശ്രീലകത്ത് കയറി ആദ്യം ഗുരുവായൂരപ്പനെ കണി കാണിച്ചു. പിന്നാലെ ശ്രീലക വാതിൽ ഭക്തർക്കായി തുറന്നിട്ടു. നമസ്കാര മണ്ഡപത്തിലും കണിയൊരുക്കിയിരുന്നു.. വിഷുദിനത്തിൽ പ്രസാദ ഊട്ടിന് പതിവ് വിഭവങ്ങൾ മാത്രമാകും. ഉച്ചപൂജ കഴിഞ്ഞ് നട അടച്ചാൽ വരി നിൽക്കുന്ന മുഴുവൻ പേർക്കും പ്രസാദ ഊട്ട് നൽകും.