Vishu Special Train : വേഗം വിട്ടോ, ബെംഗളൂരുവിൽ നിന്നുള്ള വിഷു സ്പെഷ്യൽ ട്രെയിൻ ഇന്ന് രാത്രി പുറപ്പെടും; സ്റ്റോപ്പുകൾ ഇങ്ങനെ
Vishu Special Train Services From Bengaluru : നേരത്തെ വിഷുവിന് ബെംഗളൂരുവിൽ നിന്നും വടക്കൻ കേരളത്തിലേക്ക് റെയിൽവെ സർവീസ് ഒന്നും പ്രഖ്യാപിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് കണ്ണൂരിലേക്ക് സ്പെഷ്യൽ സർവീസ് റെയിൽവെ ഒരുക്കിയിരിക്കുന്നത്.

കണ്ണൂർ : വിഷു പ്രമാണിച്ച് ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവെ. ബെംഗളൂരു എസ്എംവിടി സ്റ്റേഷനിൽ നിന്നും പാലക്കാട് ഷൊർണൂർ വഴിയുള്ള സ്പെഷ്യൽ സർവീസാണ് റെയിൽവെ സജ്ജമാക്കിയിരിക്കുന്നത്. ട്രെയിൻ നമ്പർ 06573 എസ്എംവിടി ബെംഗളൂരു-കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ് ഇന്ന് ഏപ്രിൽ 11-ാം തീയതി വെള്ളിയാഴ്ച രാത്രി 11.55നാണ് പുറപ്പെടുക. നാളെ ഏപ്രിൽ 12-ാം തീയതി ശനിയാഴ്ച ഉച്ചയോടെ ട്രെയിൻ കണ്ണൂരിൽ എത്തി ചേരും.
ട്രെയിൻ്റെ സമയവും സ്റ്റോപ്പും പരിശോധിക്കാം
രാത്രി 11.55ന് എസ്എംവിടി ബെംഗളൂരുവിൽ നിന്നാരംഭിക്കുന്ന ട്രെയിൻ സർവീസ് നാളെ ഉച്ചയ്ക്ക് 1.30നാണ് ലക്ഷ്യസ്ഥാനമായ കണ്ണൂരിൽ എത്തി ചേരുക. ബെംഗളൂരുവിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ കൃഷ്ണരാജപുരം, ബംഗാർപേട്ട്, കുപ്പം, സേലം, ഈറോട്, തിരുപ്പൂർ, കൊയമ്പത്തൂർ, പാലക്കാട്, ഷൊർണ്ണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നീ സ്റ്റോപ്പുകൾക്ക് ശേഷമാണ് കണ്ണൂരിൽ എത്തി ചേരുക.
നാളെ കണ്ണൂരിൽ എത്തി ചേരുന്ന ട്രെയിൻ വിഷു ദിവസം വൈകിട്ട് 6.25ന് തിരികെ ബെംഗളൂരുവിലേക്ക് പോകും. 6.25ന് കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ചൊവ്വാഴ്ച (ഏപ്രിൽ 15)രാവിലെ എട്ട് മണിക്ക് എസ്എംവിടി ബെംഗളൂരു സ്റ്റേഷനിൽ എത്തി ചേരും. 06574 എന്ന ട്രെയിൻ നമ്പരിലാണ് മടക്കയാത്ര സർവീസ് നടത്തുന്നത്.
Kindly note the running of special express between SMVT Bengaluru – Kannur to cater extra rush of passengers during summer season.#SummerSpecialTrains pic.twitter.com/n0lNSHUGCG
— South Western Railway (@SWRRLY) April 11, 2025
വിഷു ആഘോഷത്തിനായി ബെംഗളൂരുവിൽ നിന്നും നാട്ടിലേക്കത്തുന്ന യാത്രക്കാർക്ക് വലിയ ആശ്വാസമാണ് റെയിൽവെയുടെ ഈ പ്രഖ്യാപനം. നേരത്തെ റെയിൽവെ ബെംഗളൂരുവിൽ നിന്നും ഒരുക്കിയിരുന്ന പ്രത്യേക ട്രെയിൻ സർവീസ് പാലക്കാട് വഴി തെക്കൻ കേരളത്തിലേക്ക് മാത്രമായിരുന്നു. എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ സർവീസായിരുന്നു വിഷു പ്രമാണിച്ച് റെയിൽവെ ഒരുക്കിയിരുന്നത്.