Vishu Special Train: വിഷുവിന് കണി നാട്ടിൽ തന്നെ… സ്പെഷ്യൽ ട്രെയിൻ സർവീസ് ഇങ്ങനെ; അറിയാം കൂടുതൽ വിവരങ്ങൾ
Vishu Easter Special Train Service: അവധിക്കാല തിരക്ക് കുറയ്ക്കുന്നതിനായി മംഗളൂരു - തിരുവനന്തപുരം, ബെംഗളൂരു - തിരുവനന്തപുരം സെൻട്രൽ സ്‌പെഷൽ ട്രെയിനുകളാണ് റെയിൽവേ പ്രഖ്യാപിച്ചത്. അവധിക്കാലമായതിനാൽ സ്വകാര്യ ബസുകൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയത് യാത്രക്കാർക്ക് കൂടുതൽ വെല്ലുവിളിയായിരുന്നു.

തിരുവനന്തപുരം: വിഷുവും ഈസ്റ്ററും പ്രമാണിച്ച് നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസമായി ഇന്ത്യൻ റെയിൽവേ. നാട്ടിലെത്താൻ ടിക്കറ്റിനായി നെട്ടോട്ടമോടുന്ന മലയാളികൾക്കായാണ് വിഷു അവധിക്കാല ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മംഗലാപുരത്ത് നിന്നും ബെംഗളൂരുവിൽ നിന്നുമാണ് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് ഉണ്ടാവുക.
അവധിക്കാല തിരക്ക് കുറയ്ക്കുന്നതിനായി മംഗളൂരു – തിരുവനന്തപുരം, ബെംഗളൂരു – തിരുവനന്തപുരം സെൻട്രൽ സ്‌പെഷൽ ട്രെയിനുകളാണ് റെയിൽവേ പ്രഖ്യാപിച്ചത്. അവധിക്കാലമായതിനാൽ സ്വകാര്യ ബസുകൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയത് യാത്രക്കാർക്ക് കൂടുതൽ വെല്ലുവിളിയായിരുന്നു. അന്തർസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് സർവീസ് നടത്തുന്ന ബസുകൾ ഇരട്ടിയലധികമാണ് ഈടാക്കുന്നത്. സ്‌പെഷൽ ട്രെയിൻ പ്രഖ്യാപിച്ചതോടെ നാട്ടിലെത്താൻ ആഗ്രഹിക്കുന്ന മലയാളികൾ ഇത് ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിലേക്കുള്ള സർവീസുകൾ ഇങ്ങനെ
ശനിയാഴ്‌ചകളിൽ മംഗലാപുരത്ത് നിന്ന് വൈകിട്ട് പുറപ്പെട്ട് ഞായറാഴ്‌ച രാവിലെ തിരുവനന്തപുരം സെൻട്രലിൽ എത്തുകയും തിരികെ തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്‌ച വൈകിട്ട് പുറപ്പെട്ട് തിങ്കളാഴ്‌ച രാവിലെ മംഗലാപുരത്ത് എത്തുകയും ചെയ്യുന്ന വിധത്തിലാണ് ട്രെയിൻ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
കൂടാതെ എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്‌പെഷൽ ട്രെയിനുകളും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏപ്രിൽ 11, 18, 25, മെയ് – രണ്ട്, ഒമ്പത്, 16, 23, 30 എന്നീ തീയതികളിൽ രാത്രി 10.00 മണിക്ക് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 2.00 മണിക്ക് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്ന തരത്തിലാണ് ക്രമീകരണം. ഈ യാത്രയിൽ സ്ലീപ്പറിന് 450 രൂപയും എസി ത്രീ ടയറിന് 1220 രൂപയുമാണ് നിരക്ക് ഈടാക്കുന്നത്.
തിരുവനന്തപുരം നോർത്ത് വാരാന്ത്യ സ്പെഷ്യൽ ട്രെയിനും യാത്രകാർക്ക് ഗുണകരമാകും. മംഗളൂരു ജംങ്ഷൻ സ്റ്റേഷനിൽ നിന്ന് ശനിയാഴ്‌ച വൈകിട്ട് 6.00 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് ഞായറാഴ്‌ച രാവിലെ 6.35 ന് തിരുവനന്തപുരം നോർത്തിൽ എത്തുന്നതാണ് ഈ സർവീസ്. ഏപ്രിൽ 12, 19, 26, മേയ്- മൂന്ന് എന്നീ തീയതികളിലാണ് ട്രെയിനുകളുടെ സർവിസ് നടത്തുന്നത്. ഇതിന് എസി കോച്ചുകൾ മാത്രമാണുള്ളത്. എസി ത്രീടയറിന് 1490 രൂപയും എസിടൂ ടയറിന് 2070 രൂപയുമാണ് ടിക്കറ്റ് നിരക്കായി നൽകേണ്ടത്.
മംഗളൂരു – തിരുവനന്തപുരം ട്രെയിൻ സമയക്രമം: മംഗളൂരു ജംങ്ഷൻ -18.00 pm, കാസർകോഡ് -18.39 pm, കാഞ്ഞങ്ങാട് -18.59 pm, പയ്യന്നൂർ -19.25 pm, കണ്ണൂർ -20.02 pm, തലശേരി -20.54 pm, വടകര -20.24 pm, കോഴിക്കോട് -21.37 pm, തിരൂർ -22.33 pm, ഷൊർണ്ണൂർ -23.45 pm, തൃശൂർ- 12.35 am, ആലുവ -1.25 am, എറണാകുളം- 2.05 am, ആലപ്പുഴ- 3.17 am, കായംകുളം- 3.58 am, കൊല്ലം- 4.47am.