Vishu 2025 : ഒരുമയും ഐക്യബോധവും ഊട്ടിയുറപ്പിക്കുന്ന വിളംബരമാവട്ടെ ഈ വിഷു; മുഖ്യമന്ത്രിയുടെ ആശംസ
സമ്പന്നമായ നമ്മുടെ കാര്‍ഷിക സംസ്‌കാരത്തെ വീണ്ടെടുക്കേണ്ടത്തിന്റെ അനിവാര്യതയും ഈ ആഘോഷ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും കളിത്തൊട്ടിലാണ് നമ്മുടെ നാട്

Vishu 2025 Cm Pinarayi Vijayan
തിരുവനന്തപുരം: ജനങ്ങൾക്ക് വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷുവെന്നാൽ ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തലാണെന്നും നമ്മുടെ ഒരുമയെയും ഐക്യബോധത്തെയും ഊട്ടിയുറപ്പിക്കുന്നതിന്റെ വിളംബരമാവട്ടെ ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങളെന്നും അദ്ദേഹം തൻ്റെ ആശംസയിൽ പറയുന്നു.
മുഖ്യമന്ത്രി പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റ്
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തലാണ് വിഷു. അഭിവൃദ്ധിയുടെ നല്ല നാളുകള്‍ക്കായുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവെക്കാന്‍ ഏവരും ഒത്തുകൂടുന്ന ആഘോഷ നിമിഷങ്ങളാണിത്. സമ്പന്നമായ നമ്മുടെ കാര്‍ഷിക സംസ്‌കാരത്തെ വീണ്ടെടുക്കേണ്ടത്തിന്റെ അനിവാര്യതയും ഈ ആഘോഷ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും കളിത്തൊട്ടിലാണ് നമ്മുടെ നാട്. എല്ലാ വിഭാഗങ്ങളിലുമുള്ളവര്‍ ഒരുമിച്ചാഘോഷിക്കുന്നവയാണ് വിഷുവടക്കമുള്ള നമ്മുടെ ഉത്സവങ്ങള്‍. നമ്മുടെ ഒരുമയെയും ഐക്യബോധത്തെയും ഊട്ടിയുറപ്പിക്കുന്നതിന്റെ വിളംബരമാവട്ടെ ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങള്‍. ഏവര്‍ക്കും സ്‌നേഹം നിറഞ്ഞ വിഷു ആശംസകള്‍.