Vishnupriya Murder Case: വിഷ്ണുപ്രിയ കൊലക്കേസ്; പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ
ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രണയനൈരാശ്യത്തിന്റെ പകയില്‍ വീട്ടില്‍ അതിക്രമിച്ചുകയറിയ ശ്യാംജിത് വിഷ്ണുപ്രിയയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു
കണ്ണൂര്‍: പാനൂര്‍ വിഷ്ണുപ്രിയ കൊലപാതകക്കേസില്‍ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവ് വിധിച്ചത്. വിഷ്ണുപ്രിയയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയതിന് പത്ത് വര്‍ഷം തടവും രണ്ട് ലക്ഷം രൂപയും ചുമത്തിയിട്ടുണ്ട്.
വിധിയില്‍ ആശ്വാസമുണ്ടെന്നാണ് വിഷ്ണുപ്രിയയുടെ സഹോദരി പ്രതികരിച്ചത്. ഇനിയൊരിക്കലും അവളെയൊന്ന് കാണാന്‍ പറ്റില്ലല്ലോ എന്നാണ് സങ്കടമെന്നും വിഷ്ണുപ്രിയയുടെ സഹോദരി വിങ്ങിപ്പൊട്ടി വിഷ്ണുപ്രിയയുടെ സഹോദരി പറഞ്ഞു.
ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രണയനൈരാശ്യത്തിന്റെ പകയില്‍ വീട്ടില്‍ അതിക്രമിച്ചുകയറിയ ശേഷം ശ്യാംജിത്ത് വിഷ്ണുപ്രിയയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
വിഷ്ണുപ്രിയയുടെ ശരീരത്തിലാകെ 29 മുറിവുകളാണ് ഉണ്ടായിരുന്നത്. വീഡിയോ കോളിലുണ്ടായിരുന്ന പൊന്നാനി സ്വദേശി കേസില്‍ പ്രധാന സാക്ഷിയായി എത്തിയിരുന്നു. ആയുധം വാങ്ങിയതിന്റെയും പാനൂരില്‍ എത്തിയതിന്റെയും സിസിടിവി ദൃശ്യങ്ങളും ശക്തമായ തെളിവായി മാറി. വിഷ്ണുപ്രിയയുടെ സുഹൃത്തിനെ കൊല്ലാനും ശ്യാംജിത് പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ നേരത്തെ കണ്ടെത്തിയിരുന്നു.
2022 ഒക്ടോബര്‍ 22നായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തിനോട് വീഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ മുറിയിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. ചുറ്റിക കൊണ്ട് വിഷ്ണുപ്രിയയുടെ തലയ്ക്കടിച്ച ശേഷം കഴുത്തറുത്താണ് കൊലപാതകം നടത്തിയത്. മരണം ഉറപ്പാക്കിയതിന് ശേഷം പത്തിലധികം തവണ ശരീരത്തില്‍ കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തു.
ശ്യാജിത്തുമായി വിഷ്ണുപ്രിയ അഞ്ചുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ പിണങ്ങി വിഷ്ണുപ്രിയ ബന്ധം അവസാനിപ്പിച്ചു. പൊന്നാനിയിലുള്ള യുവാവുമായി യുവതി പ്രണയത്തിലായി. സുഹൃത്തിനോട് ശ്യാംജിത്ത് വന്നിട്ടുണ്ടെന്ന് തന്നെ എന്തെങ്കിലും ചെയ്യുമെന്നും വീഡിയോ കോളിനിടെ വിഷ്ണുപ്രിയ പറഞ്ഞിരുന്നു.