Malappuram Man Missing :മലപ്പുറത്തുനിന്ന് വിവാഹത്തിനു നാല് ദിവസം മുൻപ് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തി
നിലവിൽ വിഷ്ണു സുരക്ഷിതാനായി പോലീസിനൊപ്പം ഉണ്ടെന്നും കൂടുതൽ വിവരങ്ങളെ പുറകെ അറിയിക്കാമെന്നും മലപ്പുറം എസ് പി ശശിധരൻ പറഞ്ഞു.
മലപ്പുറം:വിവാഹത്തിനു നാല് ദിവസം മുൻപ് കാണാതായ മങ്കട പള്ളിപ്പുറം കുറന്തല വീട്ടിൽ വിഷ്ണുജിത്തിനെ കണ്ടെത്തി. തമിഴ്നാട് പോലീസും മലപ്പുറം പോലീസും ചേർന്നാണ് വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തിയത്. നിലവിൽ വിഷ്ണു സുരക്ഷിതാനായി പോലീസിനൊപ്പം ഉണ്ടെന്നും കൂടുതൽ വിവരങ്ങളെ പുറകെ അറിയിക്കാമെന്നും മലപ്പുറം എസ് പി ശശിധരൻ പറഞ്ഞു. ഇയാൾ സ്വമേധയാ പോയതാണോ മറ്റേതെങ്കിലും സാഹചര്യത്തിൽ പോയതാണോയെന്നുള്ള കാര്യങ്ങൾ പരിശോധിച്ചശേഷം മാത്രമേ പറയാൻ പറ്റുമെന്നും അദ്ദേഹം പ്രതികരിച്ചു.
സെപ്റ്റംബർ നാലിനാണ് വിഷ്ണുവിനെ കാണാതായത്. മഞ്ചേരി സ്വദേശിനിയുമായുള്ള വിവാഹത്തിനു നാലും ദിവസം മുൻപാണ് ഇയാളെ കാണാതാകുന്നത്. പ്രണയ വിവാഹമായിരുന്നു വിഷ്ണുവിന്റെത്. ഉടൻ തിരിച്ചുവരാമെന്ന് പറഞ്ഞാണ് ഈ മാസം നാലിനു വിഷ്ണു വീട്ടിൽ നിന്ന് പോയത്. എന്നാൽ പിന്നീട് വിവാഹത്തിനായി കുറച്ചു പണം സംഘടിപ്പിക്കാനുണ്ടെന്നും അതിനായി പാലക്കാട്ടു പോയതാണെന്നും വീട്ടുക്കാരെ വിളിച്ച് അറിയിക്കുകയായിരുന്നു.
കാണാതായ ദിവസം രാത്രി 7. 45ന് വിഷ്ണു പാലക്കാട് കെഎസ്ആർടി ബസ് സ്റ്റാൻഡിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള ബസിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. പിന്നീട് കോയമ്പത്തൂർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് കഞ്ചിക്കോട്ടെ ഐസ് കമ്പനിയിലാണു വിഷ്ണുജിത്ത് ജോലി ചെയ്യുന്നത്. പണം ലഭിച്ചെന്നും ബന്ധുവിന്റെ വീട്ടിൽ തങ്ങിയ ശേഷം പിറ്റേന്നു വീട്ടിലെത്താമെന്നും കാണാതായ ദിവസം രാത്രി എട്ടരയോടെ വിഷ്ണു അമ്മയെ വിളിച്ചു പറഞ്ഞിരുന്നു. പിന്നീട് യാതൊരു വിവരവുമില്ല. തിരിച്ചുവിളിച്ചപ്പോൾ ഫോൺ പരിധിക്കു പുറത്തായിരുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെയാണു കുടുംബം പോലീസിൽ പരാതി നൽകിയത്.
പരാതി നൽകിയതോടെ അന്വേഷണസംഘം തമിഴ്നാട് പോലീസിന്റെ സഹായം തേടുകയായിരുന്നു. കോയമ്പത്തൂർ, മധുക്കര പോലീസ് സ്റ്റേഷനിലേക്കും യുവാവിന്റെ ഫോട്ടോയും വിവരങ്ങളും കൈമാറിയിരുന്നു. വാളയാർ പോലീസും കസബ പോലീസും ചേർന്നാണ് അന്വേഷണം നടത്തിയത്. എന്നാൽ ഇതിനിടെയിൽ വിഷ്ണുവിന്റെ ഫോൺ ഓണായിരുന്നു. വിഷ്ണുവിന്റെ സഹോദരി വിളിച്ചപോഴാണ് ഫോൺ റിങ് ചെയ്തത്. തുടർന്ന് ഫോൺ എടുത്തെങ്കിലും യാതൊരു തരത്തിലുള്ള പ്രതികരണവും ഉണ്ടായിരുന്നില്ല, തുടർന്ന് ടവർ ലോക്കേഷൻ പരിശോധിച്ചപ്പോൾ തമിഴ്നാട് കൂനൂരിലാണ് ഫോൺ ഉള്ളതെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുജിത്തിനെ ഊട്ടിയിൽനിന്നു കണ്ടെത്തിയത്.