ബില്ല് മാറിയപ്പോൾ കണ്ടില്ലല്ലോ; കൈക്കൂലി വാങ്ങിയ പൊതുമരാമത്ത് ഉദ്യോഗസ്ഥൻ പിടിയിൽ
മാസങ്ങൾ കഴിഞ്ഞിട്ടും ബില്ല് മാറാത്തതിനെ തുടർന്ന് ഓഫീസിലെത്തിയപ്പോഴാണ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്
എറണാകുളം: കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങിയ പൊതുമരാമത്ത് ഉദ്യോഗസ്ഥൻ പിടിയിൽ. കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിലെ ജൂനിയർ സൂപ്രണ്ടായ രതീഷ്. എം.എസിനെയാണ് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് സംഘം പിടികൂടിയത്.
ഇടപ്പള്ളി മാർക്കറ്റ് നവീകരണവുമായി ബന്ധപ്പെട്ട പ്രവർത്തികൾ ഏറ്റെടുത്ത കരാറുകാരന് പണി പൂർത്തിയായിട്ടും 21,85,455/- രൂപയുടെ ബില്ല് മാറാൻ എക്സിക്യൂട്ടീവ് എഞ്ചിനീയറിന് സമർപ്പിച്ചിരുന്നു.
മാസങ്ങൾ കഴിഞ്ഞിട്ടും ബില്ല് മാറാത്തതിനെ തുടർന്ന് ഓഫീസിലെത്തിയപ്പോഴാണ് ജൂനിയർ സൂപ്രണ്ടായ രതീഷ് രണ്ട് ബില്ലുകളും ചേർത്ത് മാറി നൽകുന്നതിന് 5,000 രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടത്. തുടർന്ന് കരാറുകാരൻ തന്നെ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് വിജിലൻസ് എറണാകുളം യൂണിറ്റ് ഡിവൈസ്പി സി.ജെ മാർട്ടിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 03:00 മണിയോടെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ വച്ച് കൈക്കൂലി വാങ്ങവെ രതീഷിനെ കൈയോടെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ഇൻസ്പെക്ടർമാരായ വിമൽ.വി, വിനോദ്.സി, എസ്.ഐ സണ്ണി.കെ.റ്റി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ജോസഫ്.കെ.എ, ഉണ്ണികൃഷ്ണൻ, ഷിബു.സി, സിവിൽ പോലീസ് ഓഫീസർമാരായ വിനീഷ്, പ്രീജിത്ത്, ധനേഷ്, സുനിൽ കുമാർ, പ്രമോദ് കുമാർ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.