ADGP MR Ajith Kumar: ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല; എംആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ്
ADGP MR Ajith Kumar Clean Chit: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എംആർ അജിത് കുമാറിന് ക്ലീൻ ചിറ്റ്. വിജിലൻസിൻ്റെ അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. പിവി അൻവർ ഉയർത്തിയ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ എഡിജിപി എംആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ അന്തിമ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത സർക്കാരിന് സമർപ്പിച്ചു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ആരോപണങ്ങൾക്ക് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ പിവി അൻവർ ഉയർത്തിയ ആരോപണങ്ങളിലായിരുന്നു വിജിലൻസ് അന്വേഷണം.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി നേരത്തെ വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലും എംആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇതിലെ വിശദാംശങ്ങൾ അന്ന് പുറത്തുവരികയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥൻ്റെ റിപ്പോർട്ടുകളെ ശരിവെക്കുന്നതാണ് അന്തിമ റിപ്പോർട്ട്.
കവടിയാറിലെ വീടുനിർമാണം, ഫ്ലാറ്റ് വാങ്ങൽ, സ്വർണക്കടത്ത് എന്നിവയിൽ അജിത്കുമാർ അഴിമതി നടത്തിയെന്നായിരുന്നു പിവി അൻവറിൻ്റെ ആരോപണം. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്പിയായ സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിൽ നിന്നുള്ള വിഹിതം അജിത് കുമാറിന് ലഭിച്ചെന്നും അൻവർ ആരോപിച്ചിരുന്നു. ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. കവടിയാറിലെ വീടുമായി ബന്ധപ്പെട്ട് പിവി അൻവർ നടത്തിയ ആരോപണവും തെറ്റാണെന്ന് വിജിലൻസ് കണ്ടെത്തി. അൻവർ ഉന്നയിച്ചതിൻ്റെ പകുതിയിൽ താഴെ മാത്രം വിസ്തീർണമേ വീടിനുള്ളൂ എന്നാണ് കണ്ടെത്തൽ. വീട് നിർമ്മാണത്തിനായി എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി രൂപയുടെ വായ്പ എടുത്തിട്ടുണ്ട് എന്നും വിജിലൻസ് കണ്ടെത്തി.
എംആർ അജിത് കുമാറിനെതിരായ മറ്റൊരു ആരോപണം കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി 10 ദിവസത്തിനകം ഇരട്ടിവിലയ്ക്ക് മറിച്ചുവിറ്റു എന്നതായിരുന്നു. ഇത് സ്വാഭാവികമായ വിലവർധനാണെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. വില്പനയിൽ ക്രമക്കേടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെയാണ് എംആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകാൻ വിജിലൻസ് തീരുമാനിച്ചത്. സംസ്ഥാനത്തെ അടുത്ത പോലീസ് മേധാവിയാകാനുള്ള സർക്കാർ പട്ടികയിൽ അജിത് കുമാറിൻ്റെ പേരുമുണ്ട്.