സിദ്ധാർത്ഥിന്റെ മരണം; ഹോസ്റ്റലിലെ ശുചിമുറിയിൽ സിബിഐയുടെ ഡമ്മി പരിശോധന
കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സിബിഐയെ സഹായിക്കാനെത്തിയിരുന്നു. അന്വേഷണം ഏറ്റെടുത്ത സിബിഐ ഒരാഴ്ചയായി വയനാട്ടിലുണ്ട്.
വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോസ്റ്റൽ ശുചിമുറിയിൽ സിബിഐയുടെ ഡമ്മി പരിശോധന. ഡിഐജി ലൗലി കട്ടിയാറിൻ്റെ നേതൃത്വത്തിലായിരുന്നു ശാസ്ത്രീയ പരിശോധന നടത്തിയത്. ഡൽഹിയിൽ നിന്നെത്തിയ ഫൊറൻസിക് സംഘവും സിബിഐക്കൊപ്പം ഹോസ്റ്റലിൽ എത്തിയിരുന്നു.
ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സിബിഐ സംഘവും ഫോറൻസിക്ക് പൂക്കോട് വെറ്റിനറി കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലെത്തിയത്. ഡിഐജി, രണ്ട് എസ്പിമാർ ഉൾപ്പെടുന്ന പത്ത് പേരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. സിദ്ധാർത്ഥൻ ക്രൂര മർദനം നേരിട്ട മുറി, ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായ നടുമുറ്റം, തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളിലെല്ലാം അന്വേഷണ സംഘം പരിശോധന നടത്തി. സിദ്ധാർത്ഥൻ്റെ തൂക്കവും ഉയരുവമുള്ള ഡമ്മി എത്തിച്ചായിരുന്നു ശാസ്ത്രീയ പരിശോധന. സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സമയത്ത് ഉള്ളവരെല്ലാം സിബിഐ ആവശ്യപ്പെട്ടതനുസരിച്ച് സ്ഥലത്ത് എത്തിയിരുന്നു.
കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സിബിഐയെ സഹായിക്കാനെത്തിയിരുന്നു. അന്വേഷണം ഏറ്റെടുത്ത സിബിഐ ഒരാഴ്ചയായി വയനാട്ടിലുണ്ട്. സിദ്ധാർത്ഥൻ്റെ അച്ഛൻ്റെ മൊഴിയെടുപ്പ് കഴിഞ്ഞു. വിദ്യാർത്ഥികളിൽ നിന്നും വിവരം ശേഖരിച്ചിരുന്നു. മൂന്ന് തവണയായി നേരത്തെ സിബിഐ ക്യാമ്പസിലെത്തി പല പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്. കേസ് കൊച്ചിയിലെ സിബിഐ കോടതിയിലേക്ക് മാറ്റാൻ കൽപ്പറ്റ കോടതിയിൽ അപേക്ഷയും നൽകി. വൈകാതെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതടക്കം നടപടികളിലേക്ക് സിബിഐ കടക്കും.
ഫെബ്രുവരി 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വിദ്യാർഥിയുടെ ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളിൽ നിന്നാണ് മരണത്തിന് പിന്നിലെ ആൾക്കൂട്ട വിചാരണയെ സംബന്ധിച്ച വിവരം പുറത്തുവരുന്നത്.