Venjaramoodu Mass Murder: ‘നമുക്ക് ആത്മഹത്യ ചെയ്താലോ എന്ന് ഷെമി ചോദിച്ചു; വീടും വസ്തുവും വിറ്റ് കടങ്ങള്‍ വീട്ടാം; അഫാനെ കാണാന്‍ ആഗ്രഹമില്ല’
Afan Father Raheem: നമുക്ക് ആത്മഹത്യ ചെയ്താലോ എന്ന് ഷെമി ഒരിക്കല്‍ ചോദിച്ചിട്ടുണ്ടായിരുന്നു. എന്തിനാണ് ആത്മഹത്യ ചെയ്യുന്നതെന്നും വീടും വസ്തുവും വിറ്റ് കടങ്ങള്‍ വീട്ടാം എന്നുമാണ് താന്‍ ഷെമിയോട് പറഞ്ഞത്.

റഹിം, അഫാന്‍
തിരുവനന്തപുരം: ഇളയ മകനെയും അമ്മയെയും കൂടെപിറപ്പിനെയും കൊലപെടുത്തിയ മകനെ കാണാൻ ആഗ്രഹമില്ലെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ പിതാവ് റഹീം. അഫാന് യാതൊരു തരത്തിലുള്ള ബാധ്യതയില്ലെന്നും ഭാര്യ ഷെമിയുടെ പേരിലായിരുന്നു ബാധ്യതകളുണ്ടായിരുന്നതെന്നും റഹീം മാതൃഭൂമി ന്യൂസിനൊടു പറഞ്ഞു. എന്നാൽ ബാധ്യതകളെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് റഹീം പറയുന്നത്. ഇക്കാര്യം ആശുപത്രിയിൽ വച്ചാണ് ഷെമി തന്നോട് പറഞ്ഞതെന്നും റഹീം കൂട്ടിച്ചേർത്തു.
ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ഷെമി തന്നോട് മുൻപ് സംസാരിച്ചിട്ടുണ്ടെന്നും എന്നാൽ വീടും സ്ഥലവും വിറ്റ് കടം വീട്ടാം എന്ന് പറഞ്ഞ് താൻ അന്ന് ഷെമിയെ ആശ്വസിപ്പിച്ചെന്നും റഹീം പറയുന്നു. ‘വെഞ്ഞാറമ്മൂട് സെന്‍ട്രല്‍ ബാങ്കില്‍ നിന്നെടുത്ത ഹൗസിങ് ലോണായിരുന്നു പ്രധാന ബാധ്യത. ഇവിടെ നിന്ന് 15 ലക്ഷം രൂപയുടെ ലോണാണ് എടുത്തിരുന്നത്. ഇത് 20 വർഷം കൊണ്ടാണ് അടച്ചുതീർക്കേണ്ടത്. എന്നാൽ താൻ അത് അഞ്ച് വർഷം കൊണ്ട് അടച്ചുതീർക്കാൻ വേണ്ടി പണം കൃത്യമായി അയച്ചുകൊടുത്തു. എന്നാൽ അത് മുഴുവനായി അടച്ചിരുന്നില്ല. കുറച്ച് പൈസ ബാക്കിയുണ്ടായിരുന്നു. അതിന്റെ പലിശ കൂടി വന്ന് വലിയ ബാധ്യതയായി മാറി. പക്ഷേ ഇക്കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും ലോൺ അടച്ച് തീർന്നുവെന്നാണ് താൻ കരുതിയിരുന്നതെന്നും റഹീം പറഞ്ഞു.
ഷെമി ബന്ധുവിന്റെ കൈയില്‍നിന്നും പണം കടം വാങ്ങിയിരുന്നു. സ്വര്‍ണം പണയം വെയ്ക്കുകയും ചെയ്തിരുന്നു. അതെല്ലാം തിരിച്ചുകൊടുക്കാനുണ്ടായിരുന്നു. ഇതൊന്നും തന്നോട് പറഞ്ഞിട്ടില്ല. നമുക്ക് ആത്മഹത്യ ചെയ്താലോ എന്ന് ഷെമി ഒരിക്കല്‍ ചോദിച്ചിട്ടുണ്ടായിരുന്നു. എന്തിനാണ് ആത്മഹത്യ ചെയ്യുന്നതെന്നും വീടും വസ്തുവും വിറ്റ് കടങ്ങള്‍ വീട്ടാം എന്നുമാണ് താന്‍ ഷെമിയോട് പറഞ്ഞത്. തനിക്ക് ഗള്‍ഫില്‍ കുറച്ച് ബാധ്യതയുണ്ടായിരുന്നു. അത് തീര്‍ക്കാനുള്ള ശ്രമമായിരുന്നു. പക്ഷേ അത് നടന്നില്ലെന്നിം റഹീം പറയുന്നു.
അതേസമയം അഫാന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷെമി ആശുപത്രി വിട്ടു. ഈയടുത്താണ് കൊലപാതകത്തെ കുറിച്ച് ഷെമിയും ബന്ധുക്കൾ പറഞ്ഞത്. ഇളയ മകന്‍ മരിച്ച കാര്യമാണ് ആദ്യം പറഞ്ഞത്. എന്നാൽ ഇക്കാര്യം ഇതുവരെ ഷെമി വിശ്വസിച്ചിട്ടില്ല. അതേസമയം ആശുപത്രി വിട്ട ഇവർ ആ വീട്ടിലേക്കില്ലെന്ന് അറിയിച്ചിരുന്നു. തുടർന്ന് അഗതി മന്ദിരത്തിലേക്കാണ് ഇവർ പോയത്.