Venjaramoodu Mass Murder: വെഞ്ഞാറമൂട് കേസിൽ സാമ്പത്തികക്കുറ്റവും; പലിശ നൽകിയതിന് തെളിവുകൾ, മകനെ കാണണമെന്ന് ഷെമി
Venjaramoodu Mass Murder Latest Updation: സംഭവത്തിൽ അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്. മൂന്നാംഘട്ട തെളിവെടുപ്പിനായി അഫാനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന വെഞ്ഞാറമൂട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അപേക്ഷയിൽ നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നാളെ വിധി പറയും.

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പുതിയ കേസ് ഉൾപ്പെടുത്താൻ പോലീസ്. സാമ്പത്തികക്കുറ്റം കൂടി ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യാനാണ് നീക്കം. നിലവിൽ പ്രതി അഫാന്റെ കടബാധ്യത, കുടുംബത്തിന്റെ സാമ്പത്തിക പ്രശനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണ്. സാമ്പത്തിക ഇടപാട് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും അഫാന്റെ കുടുംബം പണം വാങ്ങിയതിൻ്റെ തെളിവുകളും പോലീസിന് ലഭിച്ചു.
എന്നാൽ പലിശ ഇനത്തിൽ പണം കടം കൊടുത്തവർ അഫാന്റെ കുടുംബത്തിൽ നിന്ന് വൻതുക ഈടാക്കിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ കേസ് രജിസ്റ്റർ ചെയ്യാനൊരുങ്ങുന്നത്. ഇതിൻ്റെ ഭാഗമായി പ്രതിമാസം വലിയതുക പലിശ ഇനത്തിൽ അഫാന്റെ കുടുംബം നൽകിയിട്ടുണ്ടെന്ന രേഖകളും പോലീസിന് ലഭിച്ചിട്ടുണ്ട്.
അതേസമയം സംഭവത്തിൽ അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്. മൂന്നാംഘട്ട തെളിവെടുപ്പിനായി അഫാനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന വെഞ്ഞാറമൂട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അപേക്ഷയിൽ നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നാളെ വിധി പറയും. അഫാന്റെ സഹോദരൻ അഫ്സാൻ, അഫാന്റെ സുഹൃത്ത് ഫർസാന എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണതിൻ്റെ ഭാഗമായുള്ള തെളിവെടുപ്പാണ് ഇനി നടക്കാനുള്ളത്. ഇതിനാണ് കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, അഫാന്റെ മാതാവ് ഷെമിയുടെ ആരോഗ്യസ്ഥിതി ഇനിയും മെച്ചപ്പെട്ടിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഷെമിയെ നാളെ വീണ്ടും വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. ആഹാരം കഴിക്കുന്നതിനു ഷെമിക്ക് ഇപ്പോഴും ബുദ്ധിമുട്ട് തുടരുകയാണ്. അഫാനെ കാണാൻ ഷെമി ആഗ്രഹം പ്രകടിപ്പിച്ചതായും കുടുംബം പറഞ്ഞു. ഇളയ മകനെയും അമ്മയെയും കൂടെപിറപ്പിനെയും കൊലപെടുത്തിയ മകനെ കാണാൻ ആഗ്രഹമില്ലെന്നാണ് പിതാവ് റഹീം പറയുന്നത്.
അഫാന് യാതൊരു തരത്തിലുള്ള ബാധ്യതയില്ലെന്നും ഭാര്യ ഷെമിയുടെ പേരിലായിരുന്നു ബാധ്യതകളുണ്ടായിരുന്നതെന്നുമാണ് റഹീം പറയുന്നത്. എന്നാൽ ബാധ്യതകളെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും റഹീം പറയുന്നുണ്ട്. ഇക്കാര്യം ആശുപത്രിയിൽ വച്ചാണ് ഷെമി തന്നോട് പറഞ്ഞതെന്നും റഹീം നേരത്തെ വ്യക്തമാക്കിയിരുന്നു.