Venjaramoodu Mass Murder: അഫാൻ കൊലനടത്തിയത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്; പ്രതി ലഹരി ഉപയോഗിച്ചിരുന്നു: വിശദീകരിച്ച് പോലീസ്
Venjaramoodu Mass Murder Police Response: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക്കേസ് പ്രതി അഫാൻ കൃത്യം നടത്തിയത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചെന്ന് പോലീസ്. എല്ലാവരെയും കൊലപ്പെടുത്തിയത് ഈ രീതിയിലാണ്. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്നും പോലീസ് അറിയിച്ചു.

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. പ്രതി അഫാൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് പോലീസ് വിശദീകരിച്ചു. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ഏത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താൻ വിശദമായ, ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നും ഡിവൈഎസ്പി കെഎസ് അരുൺ മാധ്യമങ്ങളോട് പ്രതികരിച്ചു.
എല്ലാവരെയും പ്രതി ആക്രമിച്ചത് ചുറ്റിക ഉപയോഗിച്ചാണ്. കൊല്ലപ്പെട്ടവർക്കെല്ലാം തലയ്ക്കാണ് കൂടുതൽ അടിയേറ്റത്. അഫാനെതിരെ നിലവിൽ മറ്റ് കേസുകൾ ഒന്നുമില്ല. ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ തടത്തേണ്ടതുണ്ട്. കൊലപാതകത്തിനുള്ള കാരണങ്ങൾ പലതാണ്. എന്നാൽ, അന്വേഷണഘട്ടമായതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാവില്ല എന്നും ഡിവൈഎസ്പി പറഞ്ഞു.
വാപ്പയുടെ സഹോദരനായ ലത്തീഫിനെ അതിക്രൂരമായാണ് അഫാൻ കൊലപ്പെടുത്തിയത്. ലത്തീഫിൻ്റെ ശരീരത്തിൽ ഇരുപതിലേറെ പരിക്കുകളുണ്ട്. ഇതും ചുറ്റിക ഉപയോഗിച്ചുള്ള അടിയാണ് എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം ലത്തീഫ് പേരുമലയിലെ വീട്ടിൽ പോയിരുന്നു. അഫാൻ്റെ പെൺസുഹൃത്തിനെപ്പറ്റി സംസാരിക്കാനാവാം ലത്തീഫ് അവിടെ പോയത്. ഇതാവാൻ ലത്തീഫിൻ്റെ കൊലപാതകത്തിലേക്ക് നയിച്ചത്. മുത്തശ്ശിയെ (പിതാവിൻ്റെ അമ്മ) കൊലപ്പെടുത്തിയത് സ്വർണത്തിന് വേണ്ടിയാണ്. ഇതിലൊക്കെ വ്യക്തത വരാനായി പ്രതിയെ കൂടുതൽ ചെയ്യേണ്ടതുണ്ട്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.




മൂന്ന് ഡിവൈഎസ്പിമാരും നാല് സിഐമാരും അടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. റൂറല്‍ എസ്പിയാവും അന്വേഷണത്തിന് നേതൃത്വം നല്‍കുക.
ഈ മാസം 24നാണ് നാടിനെ നടുക്കിയ കൊലപാതക പരമ്പര നടന്നത്. പെരുമല സ്വദേശിയായ 23കാരൻ അഫാൻ സ്വയം വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തി താൻ ആറ് പേരെ കൊലപ്പെടുത്തിയെന്ന് അറിയിക്കുകയായിരുന്നു. കൊലപാതക പരമ്പരയ്ക്ക് ശേഷം താൻ എലിവിഷം കഴിച്ചെന്നും ഇയാൾ പോലീസിനെ അറിയിച്ചു. ഇതോടെയാണ് യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
കാമുകിയുമായുള്ള പ്രണയബന്ധം അംഗീകരിക്കാത്തതും പണയം വെക്കാൻ സ്വർണം ചോദിച്ചിട്ട് നൽകാത്തതുമൊക്കെയാണ് അഫാൻ്റെ കൂട്ടക്കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുത്തശ്ശിയോട് പലതവണ സ്വർണം പണയം വെക്കാൻ ചോദിച്ചിട്ടും നൽകിയില്ല. കാമുകിയെയും കൊണ്ട് മുത്തശ്ശി അടക്കമുള്ളവരുടെ അടുത്തെത്തിയിരുന്നെങ്കിലും ആരും സമ്മതിച്ചില്ല. ബന്ധുക്കളുമായി സ്വത്ത് തർക്കമടക്കം അഫാന് മറ്റ് പല പ്രശ്നങ്ങളുമുണ്ടായിരുന്നു എന്നും വിവരമുണ്ട്.