Venjaramoodu Mass Murder: അഫാന് അമ്മ ഷമിയോടും പക; അനുജനെ കൊന്നതിലും കുറ്റബോധമില്ല; വീടിന് തീയിടാൻ ഗ്യാസ് തുറന്നുവിട്ടു
Venjaramoodu Mass Murder Accused Afan: എല്ലാവരെയും കൊലപ്പെടുത്തി വീടിന് തീയിടാനായിരുന്നു അഫാന്റെ പദ്ധതി. ഇതിനായി പോലീസ് സ്റ്റേഷനിൽ പോകും മുൻപ് ഗ്യാസ് സിലിണ്ടർ തുറന്നിട്ടു.

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസിൽ ദിവസം കഴിയും തോറും കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രതി അഫാന്റെ മൊഴി കേട്ട് ഞെട്ടിയിരിക്കുകയാണ് പോലീസുക്കാർ വരെ. അമ്മയേയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തിയത് പക മൂലമാണെന്നാണ് അഫാൻ പോലീസിനോട് പറഞ്ഞത്. അനുജനെ തലക്കടിച്ച് കൊലപ്പെടുത്തിയതിലും യാതൊരു കുറ്റബോധവും തനിക്കില്ലെന്നും അഫാൻ പറയുന്നു.
കൊലപാതക വിവരങ്ങൾ പങ്കുവച്ച അഫാൻ തങ്ങളെല്ലാവരും മരിച്ചാൽ സഹോദരൻ അഫ്സാൻ ഒറ്റയ്ക്കായി പോകുമെന്നതിനാലാണ് തലയ്ക്കടിച്ച് കൊന്നതെന്നാണ് പറയുന്നത്. അതിൽ തനിക്ക് കുറ്റബോധമില്ലെന്നും അഫാൻ പോലീസിനോട് പറഞ്ഞു. ഉമ്മ ഷെമിയോടും ഇയാൾക്ക് കടുത്ത പകയുണ്ടായിരുന്നെന്നാണ് പോലീസ് പറയുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം ജീവിക്കാനാകില്ലെന്ന് വന്നതോടെയാണ് കൃത്യത്തിന് മുതിർന്നതെന്നാണ് പ്രതിയുടെ മൊഴി.
Also Read:വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാനെ ഇന്നും കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്
കുടുബത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഷെമിയാണെന്നാണ് പ്രതി പറയുന്നത്. കഴിഞ്ഞ രണ്ട് വർഷമായി സാമ്പത്തിക ഇടപാടുകളെല്ലാം കൈകാര്യം ചെയ്തിരുന്നത് ഷെമിയാണെന്നാണ് അഫാൻ പോലീസിന് നൽകിയ മൊഴി. അതുകൊണ്ട് തന്നെ ഈ പണത്തെ കുറിച്ചും എങ്ങനെ വിനിയോഗിച്ചുവെന്നുമുള്ള കാര്യങ്ങൾ ഷെമിയോട് ചോദിച്ചറിയാനൊരുങ്ങുകയാണ് പോലീസ്. ഗുരുതരമായി പരിക്കേറ്റ ഷെമി ഇപ്പോൾ ആശുപത്രിയിൽ തുടരുകയാണ്.
അതേസമയം എല്ലാവരെയും കൊലപ്പെടുത്തി വീടിന് തീയിടാനായിരുന്നു അഫാന്റെ പദ്ധതി. ഇതിനായി പോലീസ് സ്റ്റേഷനിൽ പോകും മുൻപ് ഗ്യാസ് സിലിണ്ടർ തുറന്നിട്ടു. അതേസമയം പെൺസുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്തിയതിന് കാരണം പകയെന്ന് അഫാൻ മൊഴി നൽകിയിരുന്നു. അമ്മയ്ക്ക് സുഖമില്ലെന്ന് അറിയിച്ചാണ് ഫർസാനയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ചുറ്റികയ്ക്ക് അടിച്ച് കൊന്നത്. കൊല നടത്തുന്നതിനിടയിൽ ആരെങ്കിലും വന്നാൽ അവരെ ആക്രമിക്കാൻ മുളകുപൊടിയടക്കം വാങ്ങി സൂക്ഷിച്ചതായും ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
അതേസമയം അഫാനെ ഇന്നും കസ്റ്റഡിയിലെടുക്കും. കിളിമാനൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകുന്നത്. രാവിലെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ എസ്എച്ച്ഒ ബി ജയന്റെ സംഘത്തിലാണ് കസ്റ്റഡി വാങ്ങുക. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് പ്രതി.