Venjaramoodu Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി
Venjaramood Massacre Case Afan Arrest: നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അഫാന് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് വിവരം. ഇത് കണക്കിലെടുത്താണ് അറസ്റ്റ് രേഖപ്പെടുത്താൻ തീരുമാനിച്ചത്.

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി പാങ്ങോട് പൊലീസ്. അഫാന്റെ പിതൃമാതാവ് സൽമാബീവിയുടെ കൊലപാതകത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയുടെ ഡിസ്ചാർജ് ഉടൻ മെഡിക്കൽ ബോർഡ് ചേർന്ന് തീരുമാനിക്കും. കൂട്ടക്കൊലയിലെ ആദ്യ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്.
നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അഫാന് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് വിവരം. ഇത് കണക്കിലെടുത്താണ് അറസ്റ്റ് രേഖപ്പെടുത്താൻ തീരുമാനിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഇനി പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. എന്നാൽ മെഡിക്കൽ ബോർഡ് ചേർന്ന് റിപ്പോർട്ട് വന്ന ശേഷമായിരിക്കും ഡിസ്ചാർജ് സംബന്ധിച്ച തീരുമാനം ഉണ്ടാവുക. ഇന്ന് (വ്യാഴാഴ്ച) ഉച്ചയ്ക്ക് മുമ്പായി മെഡിക്കൽ ബോർഡ് റിപ്പോർട്ട് ലഭിക്കും.
പിതൃമാതാവിനെ കൊലപ്പെടുത്തിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് പാങ്ങോട് പോലീസ് സ്റ്റേഷനിലും മറ്റ് നാല് കേസുകൾ രേഖപ്പെടുത്തിയിരിക്കുന്നത് വെഞ്ഞാറമൂട് സ്റ്റേഷനിലുമാണ്. അതേസമയം, കേസിൽ അഫാന്റെ കുടുംബത്തിന് വായ്പ നൽകിയവരുടെ മൊഴി രേഖപ്പെടുത്തയുകയാണ് പോലീസ്. കുടുംബാംഗങ്ങൾക്ക് പുറമെ പുറത്തു നിന്നും പണം കടം വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. കൂടാതെ, സ്വർണ്ണാഭരണങ്ങളും പണയം വെച്ചിട്ടുണ്ട്. കുടുംബത്തിന് വായ്‌പ നൽകിയവർ കേസിൽ സാക്ഷികളാകും. സാമ്പത്തിക ബാധ്യതയാണ് കൂട്ടക്കൊലക്ക് കാരണം എന്നതിനാലാണ് കേസിൽ ഇവരുടെ മൊഴികൾ പൊലീസ് ശേഖരിക്കുന്നത്.
കേസിൽ പ്രതി അഫാന്റെ ഉമ്മ ഷെമിനയുടെ മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തും. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെമിന നിലവിൽ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് മൊഴി എടുക്കാൻ പൊലീസിന് ഡോക്ടർമാർ അനുമതി നൽകിയത്. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വഴി ഇല്ലാതായത്തോടെയാണ് കൊലപാതങ്ങൾ നടത്തിയതെന്നാണ് അഫാൻ പൊലീസിന് നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.