Venjaramoodu Mass Murder: വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാനെ ഇന്നും കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്
Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനെ കസ്റ്റഡിയിലെടുക്കാൻ പൊലീസ്. പിതൃ സഹോദരൻ പുല്ലമ്പാറ എസ്എൻ പുരം ജസ്ല മൻസിലിൽ അബ്ദുൽ ലത്തീഫിനെയും ഭാര്യ സജിതയേയും കൊലപ്പെടുത്തിയ കേസിലാണ് കിളിമാനൂർ പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയത്. തുടർന്ന് കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനെ ഇന്നും കസ്റ്റഡിയിലെടുക്കാൻ പൊലീസ്. കിളിമാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകുന്നത്. രാവിലെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ എസ്എച്ച്ഒ ബി ജയന്റെ സംഘത്തിലാണ് കസ്റ്റഡി വാങ്ങുക. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് പ്രതി.
പിതൃ സഹോദരൻ പുല്ലമ്പാറ എസ്എൻ പുരം ജസ്ല മൻസിലിൽ അബ്ദുൽ ലത്തീഫിനെയും ഭാര്യ സജിതയേയും കൊലപ്പെടുത്തിയ കേസിലാണ് കിളിമാനൂർ പൊലീസ് കസ്റ്റഡി അപേക്ഷ നൽകുന്നത്. കസ്റ്റഡിയിൽ വാങ്ങിയ ശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. തുടർന്ന് ഇന്നോ നാളെയോ ഇരട്ടക്കൊലപാതകം നടന്ന ചുള്ളാളത്തെ വീട്ടിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. പിതാവിന്റെ മാതാവ് സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. കിളിമാനൂർ പൊലീസിന്റെ കസ്റ്റഡി കാലാവധിക്ക് ശേഷം വെഞ്ഞാറമൂട് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. അതിന് ശേഷമാകും അനുജൻ അഹ്സാനെയും പെൺസുഹൃത്ത് ഫർസാനെയും കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പ് നടത്തുക.
ALSO READ: കാസര്‍കോട്ടെ പതിനഞ്ചുകാരിയുടെയും, യുവാവിന്റെയും മരണം; പോസ്റ്റ്‌മോര്‍ട്ടം ഇന്ന്
പിതാവ് അബ്ദുൽ റഹീം വിദേശത്ത് കുടുങ്ങിയതിനെ തുടർന്ന് ലത്തീഫിനെയാണ് കുടുംബം സാമ്പത്തിക ആവശ്യങ്ങൾക്കായി ആശ്രയിച്ചിരുന്നത്. എന്നാൽ കടം രൂക്ഷമായതിനെ തുടർന്ന് കൂടുതൽ ബാധ്യതകളിലേക്ക് പോകരുതെന്ന് ലത്തീഫ് അഫാനോട് പറഞ്ഞിരുന്നു. ഇത് തങ്ങളുടെ സ്വാതന്ത്രത്തിന് തടസ്സമാകുന്നുവെന്ന് പലതവണ അഫാൻ അമ്മയോട് പറഞ്ഞിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഫർസാനയുമായുള്ള വിവാഹത്തെ എതിർത്തതും ലത്തീഫിനോടുള്ള പകയ്ക്ക് കാരണമായി. സംഭവദിവസം ലത്തീഫിന്റെ വീട്ടിലെത്തി ചുറ്റിക കൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു. പിന്നാലെ സജിതയേയും കൊലപ്പെടുത്തി. അഫാന്റെ മൊഴിയും എസ്എൻ പുരത്തേക്കളുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ സാഹചര്യ തെളിവുകളെയും അടിസ്ഥാനമാക്കിയായിരിക്കും അന്വേഷണം നടത്തുക.
ഫെബ്രുവരി 24ന് ആയിരുന്നു നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊല. മുത്തശ്ശി സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, അദ്ദേഹത്തിന്റെ ഭാര്യ ഷാഹിദ, സഹോദരൻ അഫ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിങ്ങനെ അഞ്ച് പേരെയാണ് അഫാൻ ക്രൂരമായി കൊലപ്പെടുത്തിയത്. രാവിലെ പത്തിനും വൈകിട്ട് ആറിനുമിടയിലായിരുന്നു ഈ അരുംകൊലകൾ. പിന്നാലെ പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. എലിവിഷം കഴിച്ചുവെന്ന വെളിപ്പെടുത്തലിനെ തുടർന്ന് അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.