Venjaramoodu Mass Murder: മരിച്ചത് മകളാകല്ലേയെന്ന് സുനിൽ, ക്ലാസുണ്ടായിരുന്നെങ്കിൽ എന്റെ മോൾക്ക് ഇതു വരില്ലായിരുന്നല്ലോന്ന് അമ്മ; വിറങ്ങലിച്ച് നാട്
Venjarammoodu Mass Murder;മരിച്ചത് മകളാകല്ലേയെന്ന പ്രാർത്ഥനയിലായിരുന്നു സുനിൽ, എന്നാൽ അത് സത്യമാണെന്ന തിരിച്ചറിവിൽ തളർന്ന പിതാവ് സുനിലിനെ പലതവണ ആശുപത്രിയിലേക്കു കൊണ്ടുപോയി.

ഫർസാനയുടെ വേർപാടിൽ വിറങ്ങലിച്ചിരിക്കുകയാണ് മുക്കൂന്നൂർ ഗ്രാമം. സുനിൽ അൽത്താഫ്-ഷീബ ദമ്പതികളുടെ മകളായ ഫർസാനയെയാണ് ആൺ സുഹൃത്ത് അഫാൻ ക്രൂരമായി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് കസേരയിൽ ചരിഞ്ഞിരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. മുഖമാകെ വികൃതമാക്കിയ നിലയിലായിരുന്നു.
കഴിഞ്ഞ ദിവസം വരെ തങ്ങൾക്കൊപ്പം ഉണ്ടായ മകൾ ഇല്ലെന്ന യാഥാർത്യം ഉൾക്കൊള്ളാനാകാതെയാണ് മാതാപിതാക്കൾ. കരയാൻപോലുമാകാത്ത അവസ്ഥയിലായിരുന്നു ഫർസാനയുടെ മാതാവ് ഷീജ. ‘ടീച്ചറേ അന്നു ക്ലാസ് വയ്ക്കാതിരുന്നതെന്താ? ക്ലാസുണ്ടായിരുന്നെങ്കിൽ എന്റെ മോൾക്ക് ഇതു വരില്ലായിരുന്നല്ലോ..?!’ എന്നാണ് അഞ്ചൽ സെന്റ് ജോൺസ് കോളജിൽ നിന്നെത്തിയ കെമിസ്ട്രി വിഭാഗം അധ്യാപിക സിമി സജുവിനെ കെട്ടിപ്പിടിച്ചുകൊണ്ട് കരച്ചിലടക്കാനാകാതെ ഷീജ ചോദിച്ചത്. ഇത് കേട്ട് നിന്നവരെയും കരയിപ്പിച്ചു. മരിച്ചത് മകളാകല്ലേയെന്ന പ്രാർത്ഥനയിലായിരുന്നു സുനിൽ, എന്നാൽ അത് സത്യമാണെന്ന തിരിച്ചറിവിൽ തളർന്ന പിതാവ് സുനിലിനെ പലതവണ ആശുപത്രിയിലേക്കു കൊണ്ടുപോയി.
പഠിക്കാൻ മിടുക്കിയായ ഫർസാന കോളേജ് കഴിഞ്ഞെത്തിയും അവധി ദിവസങ്ങളിലും അയൽവീട്ടിലെ കുട്ടികൾക്ക് ട്യൂഷനെടുക്കുന്നത് പതിവായിരുന്നു. വെഞ്ഞാറമൂട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അനുജൻ അമലിനും കൂട്ടുകാർക്കും പരീക്ഷയുടെ ഭാഗമായി സ്‌പെഷ്യൽ ക്ലാസെടുക്കുന്നതും ഫർസാനയായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പു നടക്കുന്നതിനാൽ ഫർസാന പഠിക്കുന്ന കോളേജിൽ തിങ്കളാഴ്ച അവധി നൽകിയിരുന്നു. ഇതോടെയാണ് ട്യൂഷനെടുക്കാൻ ഫർസാന പോയത്. ട്യൂഷനെടുക്കാനെന്ന് പറഞ്ഞ് പോയ ഫർസാനയെ അഫാൻ കൂട്ടിക്കൊണ്ടുപോയതായാണ് കരുതുന്നത്. ഇരുവരും പത്താം ക്ലാസ് വരെ ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ഫർസാനയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിൽ എത്തിച്ചത്. മതപരമായ പ്രാർഥനകൾക്കു ശേഷം മൂന്നരയോടെ മൃതദേഹം ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാ മസ്ജിദിൽ കബറടക്കി.