Vellappally Natesan: പിണറായി വിജയന്‍ ശൈലി മാറ്റേണ്ട ആവശ്യമില്ല; മൂന്നാം തവണയും അധികാരം ഉറപ്പാണ്: വെള്ളാപ്പള്ളി നടേശന്‍
Vellappally Natesan about Pinarayi Vijayan: ക്രിസ്ത്യാനികളുടെ വോട്ട് നേടിയാണ് തൃശൂരില്‍ സുരേഷ് ഗോപി വിജയിച്ചത്. മുസ്ലിം സമുദായത്തില്‍ നിന്നുണ്ടാകുന്ന ഭീഷണി കാരണം പല ക്രിസ്ത്യാനികളും പേടിച്ചാണ് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ സംരക്ഷിക്കാനായി എത്തുന്നവരെ അവര്‍ വിജയിപ്പിക്കും. ഇതെല്ലാം പറയുമ്പോള്‍ എന്നെ ആളുകള്‍ വര്‍ഗീയവാദി ആക്കരുത്.
കൊച്ചി: പിണറായി വിജയനെ പ്രകീര്‍ത്തിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായി വിജയന്‍ ശൈലി മാറ്റേണ്ട ആവശ്യമില്ലെന്നും മൂന്നാം തവണയും അധികാരം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും നടേശന്‍ പറഞ്ഞു. അഞ്ചുവര്‍ഷം എങ്ങനെ ഭരിച്ചോ അതേരീതിയില്‍ പോയാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് വിശദമായി പഠനം നടത്തി സിപിഎം പരിഹാരം കാണണം. കഴിഞ്ഞ തവണ കിറ്റ് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ക്ഷേമ പെന്‍ഷനടക്കം കുടിശികയായി. മാവേലി സ്റ്റോറുകളില്‍ സാധനങ്ങളിലില്ല. ഇതെല്ലാമാണ് പരാജയത്തിന് കാരണമായത്. കൂടാതെ ന്യൂനപക്ഷപ്രീണനവും തിരിച്ചടിയായി മാറി. അടിസ്ഥാന വര്‍ഗങ്ങള്‍ക്ക് ലഭിക്കേണ്ട പരിഗണനയും പരിരക്ഷയും ലഭിച്ചില്ല.
ന്യൂനപക്ഷങ്ങള്‍ സിപിഎമ്മിന് വോട്ട് ചെയ്തിട്ടില്ല. മലബാര്‍ മേഖലയിലുള്ള ഈഴവര്‍ സിപിഎമ്മിന് വോട്ട് നല്‍കിയിട്ടില്ല. മാത്രമല്ല കാന്തപുരം വിഭാഗത്തിന്റെ വോട്ട് പാര്‍ട്ടിക്ക് ലഭിച്ചില്ലെന്നാണ് പറയപ്പെടുന്നത്. താനൊരു മുസ്ലിം വിരോധിയൊന്നുമല്ല, എന്നാല്‍ അങ്ങനെയൊക്കെ ആക്കാനുള്ള ശ്രമങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. താന്‍ പറയുന്നതെല്ലാം സത്യമാണ്.
Also Read: Vande Bharat: വന്ദേഭാരത് ട്രെയിനില്‍ നല്‍കിയ ഭക്ഷണത്തില്‍ പാറ്റകൂട്ടം; പരാതിയുമായി യാത്രക്കാര്‍
എന്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് രാജ്യസഭയിലേക്ക് ഒമ്പത് പേരെ അയച്ചിട്ടുണ്ട്. അതില്‍ ഏഴുപേര്‍ ന്യൂനപക്ഷവും രണ്ടുപേര്‍ ഭൂരിപക്ഷവുമാണ്. ഒരാള്‍ പോലും പിന്നാക്ക വിഭാഗത്തില്‍ നിന്നില്ല. ഏഴില്‍ അഞ്ചുപേര്‍ മുസ്ലിങ്ങളും രണ്ടുപേര്‍ ക്രിസ്ത്യാനികളുമാണ്. ഇടതുപക്ഷത്തെ എക്കാലവും പിന്തുണച്ചവരാണ് ഈഴവര്‍. എന്നാല്‍ സിപിഎം പാര്‍ട്ടി അതിനെ അവഗണിച്ചു.
ക്രിസ്ത്യാനികളുടെ വോട്ട് നേടിയാണ് തൃശൂരില്‍ സുരേഷ് ഗോപി വിജയിച്ചത്. മുസ്ലിം സമുദായത്തില്‍ നിന്നുണ്ടാകുന്ന ഭീഷണി കാരണം പല ക്രിസ്ത്യാനികളും പേടിച്ചാണ് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ സംരക്ഷിക്കാനായി എത്തുന്നവരെ അവര്‍ വിജയിപ്പിക്കും. ഇതെല്ലാം പറയുമ്പോള്‍ എന്നെ ആളുകള്‍ വര്‍ഗീയവാദി ആക്കരുത്.
തനിക്ക് ഒരു പാര്‍ട്ടിയോടും പ്രത്യേക താത്പര്യമില്ല. എസ്എന്‍ഡിപിയെ കാവിയും ചുവപ്പും പച്ചയും പുതപ്പിക്കാന്‍ ശ്രമിക്കുന്നില്ല താന്‍. മഞ്ഞ മാത്രമാണ് സംഘടനയെ പുതപ്പിക്കുന്നത്. പിന്നാക്ക സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ തന്നെ കള്ളുക്കച്ചവടക്കാരനെന്നാണ് നവോത്ഥാന സമിതി അംഗം കൂടിയായ അബ്ദുല്‍ ഗഫൂര്‍ വിശേഷിപ്പിച്ചത്. അയാള്‍ വിദ്യാഭ്യാസം കച്ചവടം ചെയ്താണ് ജീവിക്കുന്നത്.
എന്‍ഡിഎ എന്നും എല്‍ഡിഎഫിന്റെ ഐശ്വര്യം തന്നെയാണ്, എന്തുകൊണ്ടെന്നാല്‍ ത്രികോണ മത്സരം വരുമ്പോള്‍ എല്‍ഡിഎഫിനാണ് ഗുണമാകുന്നത്. അതിനാലാണ് അവര്‍ മൂന്നാം തവണയും അധികാരത്തില്‍ വരുമെന്ന് താന്‍ പറയുന്നത്. ബിജെപിയിലേക്ക് പോകുന്നത് എല്‍ഡിഎഫിന്റെ കുറച്ച് വോട്ടുകള്‍ മാത്രമാണ്. ഭൂരിഭാഗം വോട്ടുകളും നഷ്ടപ്പെടുന്നത് കോണ്‍ഗ്രസിനാണ്. എല്‍ഡിഎഫിന്റെ ഫിക്‌സഡ് ഡെപ്പോസിറ്റ് വോട്ടുകള്‍ അവിടെ തന്നെയുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.