Vehicle registration law: വാഹനം രജിസ്റ്റർ ചെയ്യാനും സീരീസ് തിരഞ്ഞെടുക്കാനും എളുപ്പം; പുതിയ നിയമം എത്തുന്നു
Vehicle registration law to be changed: ഓഫീസ് അടിസ്ഥാനത്തിൽ പ്രത്യേക രജിസ്‌ട്രേഷൻ അനുവദിക്കുന്ന രീതിയാണ് ഇപ്പോൾ സംസ്ഥാനത്ത് ഉള്ളത്.
തിരുവനന്തപുരം: വാഹന രജിസ്ട്രേഷൻ വിഷയത്തിൽ പുതിയ സൗകര്യവുമായി എത്തുകയാണ് മോട്ടോർ വാഹന വകുപ്പ്. വാഹന ഉടമയുടെ സൗകര്യാർഥം സംസ്ഥാനത്തെ ഏത് മോട്ടോർവാഹന ഓഫീസിലും പുതിയ വാഹനം രജിസ്റ്റർ ചെയ്യാൻ കഴിയും എന്ന തരത്തിലേക്കാണ് പുതിയ നിയമം മാറുന്നത്. കേന്ദ്ര മോട്ടോർവാഹന നിയമത്തിൽ വരാൻ പോകുന്ന ഈ മാറ്റം പുതുതായി വാഹനം എടുക്കുന്നവർക്ക് ഏറെ ഉപകാരപ്പെടുന്നതാണ്.
നിലവിലുള്ള നിയമം അനുസരിച്ച് ഉടമയുടെ മേൽവിലാസ പരിധിയിലെ ഓഫീസിൽ മാത്രമാണ് ഇപ്പോൾ രജിസ്‌ട്രേഷൻ അനുവദിക്കുന്നത്. പുതിയ ഭേദഗതി വന്നാൽ ഇഷ്ടമുള്ള രജിസ്ട്രേഷൻ സീരിസ് തിരഞ്ഞെടുക്കാനാകും എന്നതാണ് ഏറ്റവും ആകർഷണീയമായ മറ്റൊരു വിഷയം. ജോലി, ബിസിനസ് ആവശ്യങ്ങൾക്ക് മാറി താമസിക്കേണ്ടിവരുന്നവർക്ക് സൗകര്യപ്രദമാകും പുതിയ പരിഷ്കാരം എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
എവിടെ നിന്നും വാങ്ങുന്ന വാഹനവും ഉടമയുടെ മേൽവിലാസ പരിധിയിലെ ഓഫീസിൽ രജിസ്റ്റർ ചെയ്യാനുളള സൗകര്യം ഇപ്പോഴുണ്ട് എന്നിരിക്കെ ഈ നിയമം കൂടി വരുന്നത് വാഹനം വാങ്ങുന്നവർക്ക് ഏറെ ഗുണപ്രദമാകും. ഓഫീസ് അടിസ്ഥാനത്തിൽ പ്രത്യേക രജിസ്‌ട്രേഷൻ അനുവദിക്കുന്ന രീതിയാണ് ഇപ്പോൾ സംസ്ഥാനത്ത് ഉള്ളത്.
ALSO READ – നിയമസഭ സമ്മേളനം ഇന്ന് മുതൽ; വിവാദങ്ങൾ ആയുധമാക്കാൻ ഒരുങ്ങി പ്രതിപക്ഷം
ഇതിനു പകരമായി എത്തുന്ന പുതിയ നിയമം അനുസരിച്ച് ബി.എച്ച്. രജിസ്‌ട്രേഷൻ മാതൃകയിൽ സംസ്ഥാനത്തിന് ഒറ്റ രജിസ്‌ട്രേഷൻ സീരിസാണ് കേന്ദ്രം ശുപാർശ ചെയ്യുന്നത് എന്നാണ് വിവരം. ഇതിന് വഴിയൊരുക്കുന്നതാണ് പുതിയ ഭേദഗതി.
നിലവിലെ ചില ചട്ടങ്ങൾ ഇങ്ങനെ
രാജ്യത്തെ നിയമം അനുസരിച്ച് വാഹന രജിസ്ട്രേഷൻ്റെ സർട്ടിഫിക്കറ്റിന് 15 വർഷത്തേക്ക് സാധുതയുള്ളത്. ഇതു കഴിഞ്ഞുള്ള ഓരോ 5 വർഷത്തിലും അത് പുതുക്കേണ്ടതും അത്യാവശ്യമാണ്. വാഹന പരിശോധനയ്ക്കും ഗതാഗത യോഗ്യതയ്ക്കും വിധേയമായി രജിസ്ട്രേഷൻ പുതുക്കും.
ഒരു താൽക്കാലിക കാർ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഒരു മാസത്തേക്ക് സാധുവാണ്. മോട്ടോർ വെഹിക്കിൾ ആക്ട് അനുസരിച്ചുള്ള നിയമങ്ങളും ചട്ടങ്ങളും ഇന്ത്യയിലെ ഏത് സംസ്ഥാനത്തും നടത്തുന്ന വാഹന രജിസ്ട്രേഷൻ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സാധുതയുള്ളതും ഫലപ്രദവുമാണ്.
ഒരു വാഹനം മറ്റേതെങ്കിലും സംസ്ഥാനത്ത് പരമാവധി 12 മാസത്തേക്ക് പിഴയില്ലാതെ ഉപയോഗിക്കാം, അതിനുശേഷം അത് ഉപയോഗിക്കുന്ന സംസ്ഥാനത്ത് അത് വീണ്ടും രജിസ്റ്റർ ചെയ്യണം. ഉദാഹരണത്തിന്, നിങ്ങളുടെ ഇരുചക്ര വാഹനം കർണാടകയിൽ രജിസ്റ്റർ ചെയ്യുകയും ഏതെങ്കിലും കാരണത്താൽ നിങ്ങൾ ബാംഗ്ലൂരിൽ നിന്ന് പൂനെയിലേക്ക് മാറുകയും ചെയ്താൽ, നിങ്ങളുടെ വാഹനം പൂനെയിൽ വീണ്ടും രജിസ്റ്റർ ചെയ്യുകയും 12 മാസത്തിന് ശേഷം MH രജിസ്ട്രേഷൻ നമ്പർ നേടുകയും വേണം.