Veena George: ഈഗോ മാറ്റിവെക്കണമെന്ന് ആരോഗ്യമന്ത്രിയോട് യൂത്ത് കോൺഗ്രസ്; നിങ്ങളുടെ സർക്കാർ കൊടുത്തത് വെറും 1000 രൂപയല്ലേ എന്ന് മന്ത്രി
Veena George -Youth Congress: ആരോഗ്യമന്ത്രി വീണ ജോർജും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാഗ്വാദം. ആശാവർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ടാണ് തനിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി വീണ ജോർജ് വാഗ്വാദത്തിൽ ഏർപ്പെട്ടത്.

ആശാവർക്കർമാരുമായി ബന്ധപ്പെട്ട് പരസ്പരം കോർത്ത് ആരോഗ്യമന്ത്രി വീണ ജോർജും യൂത്ത് കോൺഗ്രസ് പ്രവർത്തകരും. റാന്നിയിൽ സമരം ചെയ്യുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരും വീണ ജോർജും തമ്മിലാണ് വാക്കുതർക്കമുണ്ടായത്. ഈഗോ മാറ്റിവച്ച് സമരപ്പന്തൽ സന്ദർശിക്കണമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ നിങ്ങളുടെ സർക്കാർ കൊടുത്തത് വെറും ആയിരം രൂപയല്ലേ എന്ന് മന്ത്രി തിരിച്ചുചോദിച്ചു. പ്രവർത്തകരും മന്ത്രിയുമായി 10 മിനിട്ടോളം വാഗ്വാദം നീണ്ടു.
ആശാവർക്കാർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നില്ലെന്ന് കാട്ടി മന്ത്രി വീണ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. ഈ പ്രവർത്തകരുമായാണ് മന്ത്രി വാഗ്വാദത്തിലേർപ്പെട്ടത്. പ്രതിഷേധക്കാരെ കണ്ടതോടെ വാഹനത്തിൽ നിന്ന് മന്ത്രി പുറത്തിറങ്ങി. പോലീസ് പ്രവർത്തകരെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും അത് തടഞ്ഞ മന്ത്രി അവർ പറയുന്നത് കേൾക്കാൻ തയ്യാറായി. മന്ത്രിക്കെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പതിനഞ്ചു ദിവസമായിട്ടും ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തത് ചോദ്യം ചെയ്തു. ഇതാണ് മന്ത്രിയും പ്രവർത്തകരും തമ്മിലുള്ള വാഗ്വാദത്തിലേക്ക് നയിച്ചത്.
ഈഗോ മാറ്റിവച്ച് ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും ആശാവർക്കർമാരുടെ സമരപ്പന്തൽ സന്ദർശിക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി, നിങ്ങളുടെ സർക്കാർ ആയിരം രൂപയല്ലേ നൽകിയതെന്നും കൂടുതൽ പണം നൽകിയത് ഈ സർക്കാർ അല്ലേയെന്നും മന്ത്രി തിരികെ ചോദിച്ചു. പത്ത് മിനിട്ടോളം വാഗ്വാദം നീണ്ടു. പിന്നാലെ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
സെക്രട്ടറിയേറ്റിന് മുന്നിലാണ് ആശാവർക്കർമാർ സമരം നടത്തുന്നത്. ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്. ഈ മാസം 25ന് വിവിധ ജനകീയ സമരനേതാക്കൾ സമരവേദിയിലെത്തും. ആശാവർക്കാർമാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ച് എത്രയും വേഗം സമരം ഒത്തുതീർപ്പാക്കണമെന്ന ആവശ്യവുമായി കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയാണ് ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കുന്നത്.
ഇതിനിടെ, ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ആശാവർക്കാർമാരുടെ ആവശ്യം തികച്ചും ന്യായമാണെന്ന് അദ്ദേഹം കത്തിൽ പറയുന്നു. ലഭിക്കുന്ന കൂലിയെക്കാൾ പതിന്മടങ്ങ് സേവനമാണ് ഇവർ ചെയ്യുന്നത്. തൊഴിലിറപ്പ് തൊഴിലാളികളെക്കാൾ കുറഞ്ഞ ശമ്പളമാണ് ഇവർക്ക് ലഭിക്കുന്നതെന്നും കത്തിൽ ചെന്നിത്തല പറയുന്നു.