Veekshanam Editorial: ‘ഇടിച്ചു കയറിയല്ല മുഖം കാണിക്കേണ്ടത്’; കോൺഗ്രസ് നേതാക്കൾക്കെതിരെ വീക്ഷണത്തിന്റെ മുഖപ്രസംഗം
Veekshanam Editorial: അഴിമതി സര്‍ക്കാരിനെ പുറത്താക്കാന്‍ കാത്തുനില്‍ക്കുമ്പോള്‍ ജനങ്ങളുടെ മനസ്സ് മടുപ്പിക്കരുത്. ജനക്കൂട്ട പാർട്ടിയെന്നത് ജനാധിപത്യപരമായ വിശാലതയാണ്, മറിച്ച് കുത്തഴിഞ്ഞ അവസ്ഥ ആകരുതെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.

കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന സമയത്തെ നേതാക്കളുടെ പ്രവൃത്തിയിൽ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് മുഖപത്രമായ വീക്ഷണം. കോഴിക്കോട് ഡിസിസി ഓഫീസിലേത് നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവര്‍ത്തിയാണെന്നും പ്രസ്ഥാനത്തിന്റെ യശസിനെ അപകീര്‍ത്തിപ്പെടുത്തരുതെന്നും മുഖപത്രത്തിൽ പറയുന്നു.
മുഖം കാണിക്കേണ്ടത് ഇടിച്ച് കയറിയല്ലെന്നും പ്രസ്ഥാനത്തിന്റെ വില കളയരുതെന്നും മുഖപത്രം നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി. ‘ഇടിച്ചു കയറിയല്ല മുഖം കാണിക്കേണ്ടത്’ എന്ന തലക്കെട്ടോടെ എഴുതിയിരിക്കുന്ന മുഖപ്രസംഗത്തിൽ, ഇടിച്ച് കയറിയാൽ മാത്രം പിടിച്ച് നിൽക്കാൻ കഴിയുന്ന തരം ‘പൊതുപ്രവർത്തന അഖിലിത ചട്ടം’ വരുന്നതിന് മുമ്പ് പല സമരപരിപാടിയിലും തികഞ്ഞ അച്ചടക്കവും സ്വയം നിയന്ത്രണവും കാണിക്കാൻ നേതാക്കൾ അതീവ ശ്രദ്ധ പുലർത്തിയിരുന്നുവെന്ന് മറന്നുപോകരുതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
ബൂത്ത് കമ്മിറ്റി മുതല്‍ കെപിസിസി വരെയുള്ള ഭാരവാഹികള്‍ക്ക് മാതൃക കാണിക്കാൻ കഴിയണം. ഫ്രെയിമിൽ മുഖം വരുത്തുവാന്‍ ഉന്തും തള്ളുമുണ്ടാക്കുമ്പോള്‍ പാര്‍ട്ടിക്ക് ഉണ്ടാക്കുന്ന അവമതിപ്പ് സ്വയം തിരിച്ചറിയണം, വാര്‍ത്തകളില്‍ പേരും പടവും എങ്ങനെയും വരണമെന്ന നിര്‍ബന്ധ ബുദ്ധി വേണ്ട. ഒരു സ്ഥാനവും ആഗ്രഹിക്കാതെ കോണ്‍ഗ്രസ് ഒരു വികാരമായി ജനക്കൂട്ടത്തിനിടയില്‍ തൊണ്ട പൊട്ടുമാറ് ഉറക്കെ മുദ്രാവാക്യം വിളിക്കുന്ന സാധാരണ പ്രവര്‍ത്തകന്റെ വികാരം മുന്‍ നിരയില്‍ നില്‍ക്കുന്നവര്‍ തിരിച്ചറിയണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
അഴിമതി സര്‍ക്കാരിനെ പുറത്താക്കാന്‍ കാത്തുനില്‍ക്കുമ്പോള്‍ ജനങ്ങളുടെ മനസ്സ് മടുപ്പിക്കരുത്.നേതാക്കള്‍ അവരുടെ ഉത്തരവാദിത്വം നിറവേറ്റുന്നുവെന്ന് ഉറപ്പ് വരുത്തണം. ജനക്കൂട്ട പാർട്ടിയെന്നത് ജനാധിപത്യപരമായ വിശാലതയാണ്, മറിച്ച് കുത്തഴിഞ്ഞ അവസ്ഥ ആകരുതെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.