Vedan Ganja Case: കഞ്ചാവ് കേസിൽ ജാമ്യം കിട്ടും; മാലയിൽ പുലിപ്പല്ലാണെങ്കിൽ ജാമ്യമില്ല: നിയമമറിയാം
Law Behind Using Tiger Teeth: മാലയിൽ പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിക്കുന്നത് നിസ്സാര കുറ്റമല്ല. കഞ്ചാവ് കേസിലല്ല, ഈ കേസിലാണ് വേടൻ വിയർക്കാൻ പോകുന്നത്. നിയമം പറയുന്നത് ഇങ്ങനെയാണ്.

കഞ്ചാവ് കേസിൽ പോലീസ് പിടികൂടിയ വേടന് അതല്ല വലിയ തലവേദന. വെറും ആറ് ഗ്രാം കഞ്ചാവാണ് ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്തത്. വിതരണമല്ല, ഉപയോഗമാണ് ലക്ഷ്യമെന്നതിനാൽ എളുപ്പത്തിൽ ജാമ്യം ലഭിക്കും. 100 ഗ്രാം വരെ കഞ്ചാവ് ചെറിയ അളവാണ്. ഇതിൽ നിന്ന് എളുപ്പത്തിൽ ഊരാം. സ്റ്റേഷൻ ജാമ്യത്തിൽ തന്നെ പുറത്തുപോകാം. എന്നാൽ, ഊരാൻ കഴിയാത്ത ഒന്നുണ്ട്, വേടൻ്റെ മാലയിലെ പുലിപ്പല്ല്. ജാമ്യമില്ലാ വകുപ്പാണ് അത്.
ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയതിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനയിൽ വേടൻ ധരിച്ചിരുന്ന മാലയിൽ പുലിപ്പല്ലെന്ന് തോന്നുന്ന വസ്തു കണ്ടെത്തുകയായിരുന്നു. പിന്നീട് വനം വകുപ്പ് നടത്തിയ പരിശോധനയിൽ ഇത് പുലിപ്പല്ല് തന്നെയെന്ന് കണ്ടെത്തി. തുടർന്ന് വേടനെതിരെ കേസെടുത്തു. തായ്‌ലൻഡിൽ നിന്നാണ് ഈ പുലിപ്പല്ല് കൊണ്ടുവന്നതെന്ന് വേടൻ പോലീസിനോട് സമ്മതിക്കുകയും ചെയ്തു. ഈ കേസിൽ ജാമ്യം ലഭിക്കില്ല. വന്യജീവികളുടെ നഖം, പല്ല് തുടങ്ങിയവ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്. ജാമ്യം ലഭിക്കാത്ത കുറ്റമാണ് ഇത്.
നിയമം ഇങ്ങനെ
1972ലെ വൈൽഡ്ലൈഫ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം വന്യജീവികളുടെ നഖവും പല്ലും സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്. മൂന്ന് മുതൽ ഏഴ് വർഷം വരെ തടവും പിഴയും നിയമം തെറ്റിക്കുന്നവർക്ക് ലഭിക്കും. വേടൻ കുറ്റം സമ്മതിച്ച സ്ഥിതിയ്ക്ക് വനം വകുപ്പ് ഇതിൽ എന്ത് നിലപാട് എടുക്കുമെന്നത് ശ്രദ്ധേയമാണ്.




പോലീസ് നടത്തിയ പരിശോധനയിൽ മാലയിലെ പുല്ലിപ്പല്ല് കണ്ടെത്തുകയും വിവരം വനം വകുപ്പിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് കോടനാട് നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഇത് പുലിപ്പല്ല് തന്നെയാണെന്ന് സ്ഥിരീകരിച്ച വനം വകുപ്പ് വേടനെ കസ്റ്റഡിയിലെടുത്തു.
ഏപ്രിൽ 28ന് വേടൻ്റെ ഫ്ലാറ്റിൽ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു. കഞ്ചാവ് ഉപയോഗിച്ചെന്ന് വേടൻ പോലീസിനോട് സമ്മതിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന എട്ട് പേരും കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സമ്മതിച്ചു. കഞ്ചാവിനൊപ്പം ഫ്‌ളാറ്റില്‍ നിന്ന് 9.5 ലക്ഷം രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.