VD satheesan: പിണറായി വിജയന്റെ ഭരണം കേരളത്തെ തള്ളിയിട്ടത് രൂക്ഷമായ ധനപ്രതിസന്ധിയുടെ കയത്തിലേക്ക്; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്
VD Satheesan lashes out at Pinarayi government over financial crisis: എല്ലാ പൊതുമേഖല സ്ഥാപനങ്ങളും പ്രതിസന്ധിയിലായി. കൊവിഡ് മഹാമാരിയുടെ മറവില്‍ ഖജനാവ് കൊള്ളയടിച്ചു. അഴിമതി നടന്നെന്ന പ്രതിപക്ഷ ആരോപണം സിഎജി ശരിവച്ചു. എലപ്പുള്ളിയില്‍ മദ്യനിര്‍മ്മാണശാല തുടങ്ങാന്‍ അനുമതി നല്‍കിയതിന് പിന്നില്‍ അഴിമതി അല്ലാതെ മറ്റെന്താണെന്നും സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ 9 വര്‍ഷത്തെ ഭരണം കേരളത്തെ തള്ളിയിട്ടത് രൂക്ഷമായ ധനപ്രതിസന്ധിയുടെ കയത്തിലേക്കാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും സാധാരണക്കാരെ വലയ്ക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇതിനിടെ വിവിധ നിരക്ക് വര്‍ധനകള്‍ സര്‍ക്കാര്‍ അടിച്ചേല്‍പിക്കുകയാണെന്നും, 13 ഇന അവശ്യ സാധനങ്ങള്‍ സപ്ലൈകോയില്‍ വിതരണം ചെയ്യാന്‍ പോലും കഴിയുന്നില്ലെന്നും സതീശന്‍ വിമര്‍ശിച്ചു. വിതരണക്കാര്‍ക്ക് കുടിശിക കൊടുക്കാത്തതിനാല്‍ മാസങ്ങളായി സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്നില്ല. കാരുണ്യ കാര്‍ഡ് പ്രകാരമുള്ള സൗജന്യ ചികിത്സ മുടങ്ങി. 26 സര്‍ക്കാര്‍ ആശുപത്രികളില്‍ കമ്മീഷന്‍ മാത്രം ലക്ഷ്യമിട്ട് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്‌തെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മത്സ്യത്തൊഴിലാളികളും കര്‍ഷകരും കഷ്ടപ്പാടിലാണ്. കയര്‍, കശുവണ്ടി, കൈത്തറി ഉള്‍പ്പെടെയുള്ള പരമ്പരാഗത തൊഴില്‍ മേഖലകള്‍ തകര്‍ത്തു. പാവപ്പെട്ട സ്ത്രീകളുടെ തൊഴിലിടങ്ങള്‍ ഇല്ലാതാക്കി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കെഎസ്ഇബിയെ ലാഭത്തിലാക്കിയിരുന്നു. അന്ന് വൈദ്യുതി നിരക്ക് യൂണിറ്റിന് 20 പൈസ കുറച്ചിരുന്നു. അദാനിയെ സഹായിക്കാനും കമ്മീഷന്‍ കൈപ്പറ്റാനും ഈ സര്‍ക്കാര്‍ കരാറുകള്‍ കരാറുകള്‍ റദ്ദാക്കിയെന്നും വി.ഡി. സതീശന്‍ പറഞ്ഞു.




കെഎസ്ഇബിയെ കടക്കെണിയിലാക്കി. എല്ലാ പൊതുമേഖല സ്ഥാപനങ്ങളും പ്രതിസന്ധിയിലായി. കൊവിഡ് മഹാമാരിയുടെ മറവില്‍ ഖജനാവ് കൊള്ളയടിച്ചു. അഴിമതി നടന്നെന്ന പ്രതിപക്ഷ ആരോപണം സിഎജി ശരിവച്ചു. എലപ്പുള്ളിയില്‍ മദ്യനിര്‍മ്മാണശാല തുടങ്ങാന്‍ അനുമതി നല്‍കിയതിന് പിന്നില്‍ അഴിമതി അല്ലാതെ മറ്റെന്താണെന്നും സതീശന്‍ ചോദിച്ചു.
ഭൂനികുതി അമ്പത് ശതമാനമായി വര്‍ധിപ്പിക്കുന്നതിലൂടെ 100 കോടി പിരിച്ചെടുക്കാനാണ് ലക്ഷ്യം. കഴിഞ്ഞ അഞ്ച് വര്‍ഷമായി ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല. കുടിശികയാക്കുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പദ്ധതികള്‍ വെട്ടിക്കുറച്ചു. ആശ പ്രവര്‍ത്തകര്‍ മുടി മുറിച്ചിട്ടും സര്‍ക്കാരിന് കുലുക്കമില്ലെന്നും സതീശന്‍ വിമര്‍ശിച്ചു.