Athirappilly Elephant Attack: അതിരപ്പിള്ളി കാട്ടാന ആക്രമണം; വാഴച്ചാലിലെ സതീഷിന്റെ മരണം ആനയുടെ ചവിട്ടേറ്റ്, അംബികയുടേത് മുങ്ങിമരണം
Vazhachal Wild Elephant Attack Postmortem Report : ആനയുടെ ചവിട്ടേറ്റ് സതീഷിന്റെ ശ്വാസകോശത്തില്‍ വാരിയെല്ലുകള്‍ തുളച്ചുകയറിയെന്നും ആന്തരിക രക്തസ്രാവമുണ്ടായെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തലുകള്‍.

വാഴച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച രണ്ടുപേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. വാഴച്ചാല്‍ ഉന്നതിയിലെ സതീഷി(34)ന്റെ പോസ്റ്റ്‌മോര്‍ട്ടമാണ് ആദ്യം പൂർത്തിയായത്. ആനയുടെ ചവിട്ടേറ്റ് തന്നെയാണ് സതീഷ് മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. ആനയുടെ ചവിട്ടേറ്റ് സതീഷിന്റെ ശ്വാസകോശത്തില്‍ വാരിയെല്ലുകള്‍ തുളച്ചുകയറിയെന്നും ആന്തരിക രക്തസ്രാവമുണ്ടായെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തലുകള്‍.
എന്നാൽ കൂടുതൽ വിവരങ്ങൾ ലഭിക്കണമെങ്കിൽ വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണം. അതേസമയം അംബികയുടേത് മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കാട്ടാനയെ കണ്ട് ഭയന്ന് ഓടുന്നതിനിടെ അംബിക പുഴയില്‍ വീണതാകാമെന്നാണ് നിഗമനം. ചാലക്കുടി പുഴയില്‍നിന്നാണ് ഇന്ന് രാവിലെ അംബികയുടെ മൃതദേഹം കണ്ടെത്തിയത്.
Also Read:വീണ്ടും കാട്ടാന ആക്രമണം; ആതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ
ഇന്ന് രാവിലെയാണ് വാഴച്ചാല്‍ ഉന്നതിയിലെ സതീഷ്(34), അംബിക(30) എന്നിവരെയാണ് വനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ നാലംഗസംഘത്തില്‍പ്പെട്ടവരായിരുന്നു ഇരുവരും. ഇവർ വനത്തിൽ താൽകാലികമായി നിർമിച്ച ഷെഡിലായിരുന്നു താമസിച്ചത്. ഇവിടേക്ക് എത്തിയ കാട്ടാനയെ കണ്ട് ഭയന്നോടിയെന്നും സതീഷും അംബികയും കാട്ടാനയുടെ മുന്നില്‍പ്പെട്ടെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് വനത്തിലെ പാറയില്‍ കിടക്കുന്നനിലയില്‍ സതീഷിന്റെയും പുഴയില്‍നിന്ന് അംബികയുടെയും മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ അംബികയുടെ മൃതദേഹം വീട്ടിലെത്തിച്ചു. ഇരുവരുടെയും കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പത്തുലക്ഷം രൂപ അടിയന്തര ധനസഹായമായി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ആദ്യഗഡുവായ അഞ്ചുലക്ഷം രൂപ നാളെ കുടുംബത്തിന് കൈമാറും. അതേസമയം കഴിഞ്ഞ ഞായറാഴ്ച അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തില്‍ ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് രണ്ട് പേർ കൂടി കൊല്ലപ്പെട്ടത്. ഇതിനെ തുടർന്ന് അതിരപ്പിള്ളിയില്‍ ബുധനാഴ്ച ജനകീയ ഹര്‍ത്താലിന് ആഹ്വാനംചെയ്തിട്ടുണ്ട്.