5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Lok Sabha Election Result 2024 : പാലക്കാടും വടകരയുമൊക്കെ ഷാഫിക്ക് ഒരുപോലെ; കെകെ ശൈലജയുടെ പരാജയം ഷാഫിയെ വിലകുറച്ചുകണ്ടതിൻ്റെ തിരിച്ചടി

Shafi Parambil Vadakara Lok Sabha Election 2024 Winner : രാഷ്ട്രീയമായ ചില നീക്കങ്ങൾക്കൊടുവിലാണ് പാലക്കാട് എംഎൽഎയായ ഷാഫി പറമ്പലിന് കോൺഗ്രസ് വടകര സീറ്റ് നൽകുന്നത്. നേരിടേണ്ട് വന്നത് കോവിഡ് പ്രതിരോധത്തിൽ രാജ്യാന്തര ശ്രദ്ധ നേടിയെടുത്ത കെകെ ശൈലജയെ

Lok Sabha Election Result 2024 : പാലക്കാടും വടകരയുമൊക്കെ ഷാഫിക്ക് ഒരുപോലെ; കെകെ ശൈലജയുടെ പരാജയം ഷാഫിയെ വിലകുറച്ചുകണ്ടതിൻ്റെ തിരിച്ചടി
Shafi Parambil (Image Courtesy : Shafi Parambil : Instagram)
abdul-basith
Abdul Basith | Updated On: 05 Jun 2024 19:55 PM

ഷാഫി പറമ്പിൽ വടകരയിലെത്തിയതിനു പിന്നിൽ പത്മജ വേണുഗോപാലിൻ്റെ ബിജെപി പ്രവേശനമായിരുന്നു. വടകരയിൽ സിറ്റിങ് എംപിയായ കെ മുരളീധരനെത്തന്നെയാണ് കോൺഗ്രസ് ആദ്യം സ്ഥാനാർഥിയാക്കാനിരുന്നത്. എന്നാൽ മുരളീധരൻ്റെ സഹോദരി പത്മജ ബിജെപിയിലെത്തിയതോടെ തൃശൂർ അഭിമാന പ്രശ്നമായി. ഇതോടെ അവസാന നിമിഷം മുരളീധരനെ തൃശൂരിലേക്കും ഷാഫിയെ വടകരയിലേക്കും പാർട്ടി വിട്ടു. വടകര പിടിക്കണമെന്ന ഉറച്ച ലക്ഷ്യത്തോടെയാണ് മുൻ മന്ത്രിയും ജനസമ്മതയുമായ കെകെ ശൈലജയെ ഇടതുപക്ഷം സ്ഥാനാർഥിയാക്കിയത്.

കണക്കുകൂട്ടൽ തെറ്റിച്ച് ഷാഫി എത്തി

ശൈലജയ്ക്ക് മുന്നിൽ മറ്റൊരു മണ്ഡലത്തിൽ നിന്നെത്തിച്ച ഷാഫി നിഷ്പ്രഭനാവുമെന്ന് പൊതുവെ കരുതപ്പെട്ടു. ഇടതുപക്ഷത്തിനും ആ ആത്മവിശ്വാസമുണ്ടായിരുന്നു. പാലക്കാട് എംഎൽഎയായ ഷാഫി പാർലമെൻ്റിലേക്കുള്ള കന്നിയങ്കത്തിന് വടകരയിലെത്തുമ്പോൾ ഇടതുപക്ഷം ട്രോളുകൾ കൊണ്ടാണ് നേരിട്ടത്. പാലക്കാട് മണ്ഡലത്തിൻ്റെ മുക്കും മൂലയും പരിചയമുള്ള, ജനങ്ങളുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ഷാഫിയെ ജനം യാത്രയാക്കിയത് കരഞ്ഞുകൊണ്ടാണ്. ഇതുൾപ്പെടെ ഇടത് സോഷ്യൽ മീഡിയ ഹാൻഡിലുകൾ ട്രോളാക്കി.

വിവാദം വടകരയിലെ പോരാട്ടം ഒന്നും കൂടി ചൂട് പിടിപ്പിച്ചു

എന്നാൽ, ചുറ്റും കൂടുന്നവരെ ഒപ്പം നിർത്താനുള്ള കഴിവ് ഷാഫി വടകര തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പുറത്തെടുത്തതോടെ കളം മാറി. ഷാഫി പോകുന്നിടത്ത് ആള് കൂടി, ആർത്തുവിളിച്ചു. സോഷ്യൽ മീഡിയ പ്രചാരണങ്ങളിൽ ഷാഫിക്ക് കൃത്യമായ മുൻതൂക്കം ലഭിച്ചു. ഷാഫി ഒപ്പം പിടിച്ചു എന്ന് ഇടതുപക്ഷത്തിന് മനസിലായ സമയം. പിന്നീട് ഷാഫിക്കെതിരെ അശ്ലീല വിഡിയോയും കാഫിർ ആരോപണവും വിവാദവുമായി സിപിഎം ഉയർത്തി. എന്നാൽ ഇവയെല്ലാം സിപിഎമ്മിനാണ് ബുമാറാങ്ങായി അടിച്ചത്. ഷാഫിയുടെ ജനസമ്മിതിക്ക് ഇളക്കം തട്ടിക്കാൻ മാത്രം കരുത്തുള്ളതായിരുന്നില്ല ആ ആരോപണങ്ങൾ. എംവി ഗോവിന്ദനും കെകെ ശൈലജ ടീച്ചറും തമ്മിൽ അശ്ലീല വിഡിയോയുടെ കാര്യത്തിലുണ്ടായ അഭിപ്രായ വ്യത്യാസത്തിൽ ഷാഫി സ്കോർ ചെയ്തു.

ALSO READ : Lok Sabha Election Result 2024 : എറണാകുളം കൈവിടാത്ത ഹൈബി ഈഡൻ; പി രാജീവിനെപ്പോലും നിഷ്പ്രഭനാക്കിയ രാഷ്ട്രീയ കൗശലം

ഇടതുപക്ഷം വിജയിക്കുമെന്ന് കരുതപ്പെട്ടിരുന്ന മണ്ഡലത്തിൽ ഷാഫി വിജയിച്ചത് 1,14,506 വോട്ടിൻ്റെ വമ്പൻ ഭൂരിപക്ഷത്തിലാണ്. ഇത്രകാലവും പ്രവർത്തിച്ച മണ്ഡലം വിട്ട്, മത്സരിച്ചവരിൽ വച്ച് ഏറ്റവും ശക്തയായ ഒരാളെ ആധികാരികമായി തോല്പിക്കാനായി എന്നത് ഷാഫി കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന പേരായി എന്നത് തന്നെയാണ് സൂചിപ്പിക്കുന്നത്.

കോൺഗ്രസിൻ്റെ യുവനിരയിലെ പ്രമുഖർ

കെഎസ്‌യുവിലൂടെയാണ് ഷാഫി പറമ്പിൽ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. കോളജ് യൂണിയൻ സെക്രട്ടറിയായിരുന്ന ഷാഫി 2007ൽ കെഎസ്‌യുവിൻ്റെ ജനറൽ സെക്രട്ടറിയും 2009ൽ സംസ്ഥാന പ്രസിഡൻ്റുമായി. 2011ൽ പാലക്കാട് നിന്ന് എംഎൽഎ ആയി വിജയിച്ച ഷാഫി പിന്നീട് തുടരെ രണ്ട് തവണ കൂടി നിയമസഭയിലെത്തി. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായ ഷാഫി 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ ശ്രീധരനെ 3480 വോട്ടുകൾക്കാണ് വീഴ്ത്തിയത്. പാലക്കാട് എംഎൽഎ ആയിരിക്കെയാണ് ഷാഫി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

പട്ടാമ്പി സ്വദേശിയായ ഷാഫിയുടെ പ്രവർത്തന മണ്ഡലം പാലക്കാട് നഗരം കേന്ദ്രീകരിച്ചായിരുന്നു. ശക്തമായി ബിജെപി വേരോട്ടമുള്ള പാലക്കാട് ഷാഫി തൻ്റെ വ്യക്തിമുദ്ര സ്ഥാപിച്ചെടുത്തിരുന്നു. 2021 നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് ബാങ്കും മെട്രോമാൻ്റെ വ്യക്തിപ്രഭാവത്തിന് പോലും ഷാഫിയെ തോൽപ്പിക്കാനായില്ല. എംബിഎ ബിരുദധാരിയാണ് ഷാഫി. ഷാനവാസ് പറമ്പിലും മൈമ്മൂന ഷാനവാസുമാണ് മാതാപിതാക്കൾ. വടകര സ്വദേശിനി അഷീലയാണ് ഷാഫിയുടെ ഭാര്യ. വടകരയുടെ പുയ്യാപ്പിള (മരുമകൻ) എന്ന പേരിലാണ് ഷാഫി ലോക്സഭയിലേക്ക് മത്സരിച്ചത്.