5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vadakara LS Election Result 2024: എക്സിറ്റ് പോൾ ഫലങ്ങൾ ശാസ്ത്രീയമല്ലെന്ന് കെകെ ശൈലജ, മതേതരത്വത്തിന് അനുകൂലമായി ജനങ്ങൾ വിധിയെഴുതുമെന്ന് പ്രതീക്ഷ

വോട്ടെടുപ്പിനു മുൻപ് കെകെ ശൈലജയ്ക്കെതിരെ നടന്ന വ്യാപക സൈബർ അറ്റാക്കിനു പിന്നിൽ ഷാഫി പറമ്പിലാണെന്ന് എൽഡിഎഫ് ആരോപിച്ചിരുന്നു

Vadakara LS Election Result 2024: എക്സിറ്റ് പോൾ ഫലങ്ങൾ ശാസ്ത്രീയമല്ലെന്ന് കെകെ ശൈലജ, മതേതരത്വത്തിന് അനുകൂലമായി ജനങ്ങൾ വിധിയെഴുതുമെന്ന് പ്രതീക്ഷ
Kerala Lok Sabha Election Result 2024
arun-nair
Arun Nair | Published: 04 Jun 2024 09:34 AM

കണ്ണൂർ: മതേതരത്വത്തിന് അനുകൂലമായി ജനങ്ങൾ വിധിയെഴുതുമെന്നാണ് പ്രതീക്ഷയെന്ന് വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ ടീച്ചർ. എക്സിറ്റ് പോൾ ഫലങ്ങൾ ശാസ്ത്രീയമല്ല എന്നും ശൈലജ ടീച്ചർ പറഞ്ഞു. ബിജെപി വോട്ട് യുഡിഎഫിന് അനുകൂലമായോ എന്ന് പരിശോധിക്കുന്നുണ്ടെന്നും ഫലം വരുമ്പോൾ അത് വ്യക്തമാവുമെന്നും ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു.

അതേസമയം, വടകരയിലെ ആദ്യ ഫലസൂചനകൾ വൈകുകയാണ്. മണ്ഡലത്തിൽ വൈകിയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. അതുകൊണ്ട് തന്നെ ഇതുവരെ ആദ്യ ഫലസൂചനകൾ വന്നുതുടങ്ങിയിട്ടില്ല. ഇൻ്റലിജൻസ് റിപ്പോർട്ടുകൾ പ്രകാരം സംഘർഷ സാധ്യത മുന്നറിയിപ്പ് നൽകിയ മണ്ഡലമാണ് വടകര. ശക്തമായ മത്സരമാണ് വടകരയിൽ നടന്നത്.

യുഡിഎഫിലെ പ്രധാന യുവനേതാവും പാലക്കാട് എംഎൽഎയുമായ ഷാഫി പറമ്പിൽ ആണ് മുൻ മന്ത്രി കെകെ ശൈലജയുടെ പ്രധാന എതിരാളി. വോട്ടെടുപ്പിനു മുൻപ് കെകെ ശൈലജയ്ക്കെതിരെ നടന്ന വ്യാപക സൈബർ അറ്റാക്കിനു പിന്നിൽ ഷാഫി പറമ്പിലാണെന്ന് എൽഡിഎഫ് ആരോപിച്ചിരുന്നു. ഷാഫി പറമ്പിൽ വർഗീയ ആരോപണം നടത്തി എന്നും ആരോപണമുയർന്നു. എന്നാൽ, വർഗീയത പറഞ്ഞ് തനിക്ക് ജയിക്കണ്ട എന്നായിരുന്നു ഷാഫിയുടെ നിലപാട്.

വടകരയിൽ എളുപ്പത്തിൽ വിജയിക്കാനാകുമെന്നായിരുന്നു ഷാഫി പറമ്പിലിൻ്റെ അവകാശവാദം. കെകെ ശൈലജ ടീച്ചർക്കെതിരെ വ്യാജ വിഡിയോ ഇറക്കി എന്ന ആരോപണത്തിനു പിന്നിൽ ആരാണെന്ന് കണ്ടെത്തി പൊലീസ് ശിക്ഷിക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞിരുന്നു. ഏറെ വിവാദങ്ങളുണ്ടായതുകൊണ്ട് തന്നെ ജനം ഉറ്റുനോക്കുന്ന മണ്ഡലമാണ് വടകര.

അതേസമയം, തിരുവനന്തപുരത്ത് ലീഡ് നില മാറിമറിയുകയാണ്. തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ആണ് മുന്നിൽ നിന്നത്. എന്നാൽ, ഏറെ വൈകാതെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ലീഡെടുത്തു. നൂറിലധികം വോട്ടുകൾക്ക് മുന്നിൽ നിന്ന രാജീവ് ചന്ദ്രശേഖറിനെതിരെ പിന്നീട് ശശി തരൂർ ലീഡ് തിരിച്ചുപിടിച്ചു. നിലവിൽ ആയിരത്തോളം വോട്ടുകളുടെ ലീഡുമായി ശശി തരൂരാണ് മുന്നിൽ.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇന്ന് രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ ബാലറ്റ് വോട്ടുകളാണ് നിലവിൽ എണ്ണുന്നത്. ഇതിനു ശേഷം വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണി തുടങ്ങുക. പത്തരലക്ഷം കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. രാവിലെ ഒമ്പത് മണിയോടെ ആദ്യഫല സൂചനകൾ വന്ന് തുടങ്ങും. 12 മണിയോടെ ജനവിധിയുടെ ഏകദേശ രൂപം വ്യക്തമാകും.

ഏഴ് ഘട്ടങ്ങളിലായി ഒന്നര മാസം നീണ്ട് നിന്ന രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂർത്തിയായത് ജൂൺ ഒന്നാം തീയതിയായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇത്രയധികം സമയമെടുത്ത് വോട്ടെടുപ്പ് സംഘടിപ്പിച്ചത് ഇത്തവണയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിനോടൊപ്പം ഒഡീഷ, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലവും ഇന്ന് പുറത്ത് വിടും.