NCERT Text Book: ‘രാജ്യത്തിൻ്റെ ഭാഷാവൈവിധ്യത്തെ തകർക്കുന്നു’; എൻസിഇആർടി പുസ്തകങ്ങൾക്ക് ഹിന്ദി പേര് നൽകിയതിനെതിരെ വി ശിവൻകുട്ടി
V Sivankutty Criticizes NCERT: എൻസിഇആർടിയ്ക്കെതിരെ അതിരൂക്ഷ വിമർശനവുമായി വി ശിവൻകുട്ടി. ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങൾക്ക് ഹിന്ദി പേര് നൽകിയതിനെതിരെയാണ് വി ശിവൻകുട്ടി രംഗത്തുവന്നത്.

എൻസിഇആർടി പുസ്തകങ്ങൾക്ക് ഹിന്ദി പേര് നൽകിയതിനെതിരെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാജ്യത്തിൻ്റെ ഭാഷാവൈവിധ്യത്തെ തകർക്കുന്ന നടപടിയാണ് ഇതെന്ന് മന്ത്രി പറഞ്ഞു. തീരുമാനം പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൻസിഇആർടിയുടെ ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങൾക്കാണ് ഹിന്ദി പേര് നൽകിയത്. ഈ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാണ്.
“എൻസിഇആർടിയുടെ തീരുമാനം ഭരണഘടനയ്ക്കും രാജ്യനയങ്ങൾക്കും എതിരാണ്. സാധാരണ യുക്തിയെ ഹനിക്കുന്നു എന്നത് മാത്രമല്ല, ഒരു പ്രത്യേക സമൂഹത്തിൻ്റെ സംസ്കാരത്തെ അടിച്ചേല്പിക്കുന്നത് കൂടിയാണ്. രാജ്യത്തിൻ്റെ ഭാഷാവൈവിധ്യത്തെ തകർക്കുന്ന നടപടിയാണ് ഇത്. ഈ തീരുമാനത്തിനെതിരെ എല്ലാ സംസ്ഥാനങ്ങളും ഒന്നിച്ചുനിൽക്കണം.”- വി ശിവൻകുട്ടി പറഞ്ഞു.
ഇതുവരെ ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങളുടെ പേരുകൾ ഇംഗ്ലീഷിൽ തന്നെയായിരുന്നു. ആറാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിൻ്റെ പേര് ‘ഹണിബക്കിൾ’ എന്നായിരുന്നു. ഇതിൻ്റെ പേര് ഇപ്പോൾ ‘പൂർവി’ എന്നാക്കി. ഹിന്ദുസ്ഥാനിൻ ക്ലാസിക്കൽ സംഗീതത്തിൻ്റെ ഒരു രാഗമാണ് പൂർവി. ഒന്നാം ക്ലാസിലെ ഇംഗ്ലീഷ് പുസ്തകത്തിൻ്റെ പേര് മൃദംഗ് എന്നും മൂന്നാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിൻ്റെ പേര് സന്തൂർ എന്നുമാണ് മാറ്റിയത്.
Also Read: RN Ravi: വിദ്യാർഥികളെ ‘ജയ് ശ്രീറാം’ വിളിപ്പിച്ച് തമിഴ്നാട് ഗവർണർ; പ്രതിഷേധം ശക്തം
വിദ്യാർത്ഥികളെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ച് തമിഴ്നാട് ഗവർണർ
വിദ്യാർത്ഥികളെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ച് തമിഴ്നാട് ഗവർണർ ആർഎൻ രവി. മധുര ത്യാഗരാജൻ എഞ്ചിനീയറിങ് കോളജിൽ വച്ച് നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. പ്രസംഗം അവസാനിച്ചപ്പോൾ ജയ് ശ്രീറാം വിളിച്ച ഗവർണർ വിദ്യാർഥികളോട് ഏറ്റുവിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഗവർണറുടെ പ്രവൃത്തിയെ ഡിഎംകെ രൂക്ഷമായി വിമർശിച്ചു. ഗവർണറുടെ നടപടി രാജ്യത്തിന്റെ മതേതര മൂല്യങ്ങൾക്ക് എതിരാണെന്ന് ഡിഎംകെ വക്താവ് ധരണീധരൻ ആരോപിച്ചു. എന്തിനാണ് ഗവർണർ വീണ്ടും വീണ്ടും ഭരണഘടന ലംഘിക്കാൻ ശ്രമിക്കുന്നത് എന്നും എന്തുകൊണ്ടാണ് അദ്ദേഹം ഇതുവരെ രാജിവയ്ക്കാത്തത് എന്നും ധരണീധരൻ ചോദിച്ചു.