V Sivankutty: ഹർജി തള്ളിയത് ദുരാരോപണങ്ങളുടെ മുനയൊടിക്കുന്നത്; കുഴൽനാടൻ മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് പറയണമെന്ന് വി ശിവൻകുട്ടി
V Sivankutty Criticizes Mathew Kuzhalnadan: മുഖ്യമന്ത്രിയ്ക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണമാവശ്യപ്പെട്ട ഹർജി ഹൈക്കോടതി തള്ളിയതോടെ മാത്യു കുഴൽനാടനെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയയോട് കുഴൽനാടൻ മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മാത്യു കുഴൽനാടൻ എംഎൽഎയെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളിയത് ദുരാരോപണങ്ങളുടെ മുനയൊടിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. എക്സാലോജിക് – സിഎംആര്‍എല്‍ ഇടപാട് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കുഴൽനാടൻ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
ഹർജി തള്ളിയത് മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരായ ദുരാരോപണങ്ങളുടെ മുനയൊടിക്കുന്നതാണ് എന്ന് ശിവൻകുട്ടി പറഞ്ഞു. ഹർജി നൽകുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാവണമെന്ന് അഭിഭാഷകൻ കൂടിയായ കുഴൽനാടന് അറിയാതിരിക്കില്ല. എന്നിട്ടും വ്യാജ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം ഹർജി നൽകി. ഇത് രാഷ്ട്രീയപ്രേരിതമാണ്. പൊതുപ്രവർത്തകൻ കൂടിയായ മാത്യു കുഴൽനാടൻ കുറച്ചെങ്കിലും ധാർമികത കാണിക്കേണ്ടിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതും അത് നിരന്തരം വാർത്തയാവാനുള്ള സാധ്യത ഉണ്ടാക്കുകയും ചെയ്യുന്നത് ഹീനമാണ്. സ്വന്തം കുടുംബത്തിനെതിരെ ഇത്തരം വ്യാജ ആരോപണങ്ങളുയർന്നാൽ മാത്യു കുഴൽനാടൻ എന്ത് നിലപാടെടുക്കും? ആർക്കെതിരെയും എന്ത് ആരോപണങ്ങളും ഉന്നയിക്കാമെന്ന നിലപാടിനുള്ള തിരിച്ചടിയാണ് ഹൈക്കോടതി വിധി. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയോടും കുടുംബത്തിനോടും മാപ്പ് പറയാൻ കുഴൽനാടൻ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് സിഎംആർഎൽ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകി എന്ന ആരോപണമുയർത്തിയായിരുന്നു പരാതി. പരാതി വിജിലൻസ് കോടതി തള്ളിയതിനെ തുടർന്നാണ് മാത്യു കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചത്. വിധിയിൽ നിരാശയില്ലെന്ന് മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരായ കേസാണ്. എളുപ്പമല്ലെന്നറിഞ്ഞുകൊണ്ട് തന്നെയാണ് പോരാട്ടത്തിനിറങ്ങിയത്. അഴിമതിക്കെതിരെ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഇല്ലാത്ത സോഫ്റ്റ്‌വെയറിന് നൽകിയ സേവനത്തിൻ്റെ പ്രതിഫലമായി വീണയ്ക്കും വീണയുടെ കമ്പനിയായ എക്സാലോജിക്കിനും സിഎംആർഎൽ ഒരു കോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയത്. മാസപ്പടി വാങ്ങാൻ മുഖ്യമന്ത്രിയുടെ മകളെന്ന സ്ഥാനം വീണ ഉപയോഗിച്ചു എന്നും കണ്ടെത്തിയിരുന്നു.