Hema committee report : ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയുള്ള കോണ്‍ക്ലേവ് തെറ്റെന്ന് വിഡി സതീശൻ; റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി
Hema Committee report update: പുറത്തുവിട്ട റിപ്പോർട്ടിൽ കൊഗ്നിസിബൾ ഒഫൻസ് ഉണ്ടെങ്കിൽ നടപടി വേണം. ആരെങ്കിലും പരാതിയുമായി മുന്നോട്ടു വന്നാൽ നടപടി എടുക്കുമെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി.
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി (Hema Committee Report) ബന്ധപ്പെടുത്തി കോൺക്ലേവ് സംബന്ധിച്ച് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ രംഗത്ത്. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയുള്ള കോൺക്ലേവ് തെറ്റാണെന്ന് വിഡി സതീശൻ . ഈ റിപ്പോർട്ട് നാലരവർഷം മറച്ചുവെച്ച മുഖ്യമന്ത്രി ചെയ്തത് കുറ്റകരമാണെന്നും ഇരകളായ സ്ത്രീകളെ ചേർത്ത് പിടിക്കാൻ ആരെയും കണ്ടില്ല എന്നും അദ്ദേഹം പ്രതികരിച്ചു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് റിപ്പോർട്ടിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കേസെടുക്കാൻ പറ്റില്ലെന്ന ബെഹ്റയുടെ ഉപദേശം സർക്കാർ ആഗ്രഹിച്ചെന്നും ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഗണേഷ്‌കുമാറിന് പങ്കുണ്ടോയെന്നു അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയമായല്ല, സ്ത്രീവിഷയം ആയിട്ടാണ് ഇതിനെ കാണുന്നത്. സർക്കാർ നടത്തുമെന്നു പറയുന്ന കോൺക്ലേവ് തട്ടിപ്പാണ്. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തി കോൺക്ലേവ് നടത്തിയാൽ തടയുമെന്നും വിഡി സതീശൻ പറഞ്ഞു.
എന്ത് നടപടി സ്വീകരിക്കുമെന്ന് കോടതി
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നശേഷം എന്ത് നടപടി സ്വകരിച്ചു എന്ന് സർക്കാരിനോട് ചോദ്യവുമായി ഹൈക്കോടതി. റിപ്പോർട്ട് പൂർണ രൂപത്തിൽ മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടു. കേസെടുക്കുന്നതിൽ സർക്കാരിന്റെ നിലപാടെന്താണെന്നും കോടതി സർക്കാരിനോട് ചോദിച്ചു. റിപ്പോർട്ടിൽ ഗുരുതര കുറ്റകൃത്യങ്ങളെക്കുറിച്ച് പരാമർശമുണ്ടോയെന്നും ചോദിച്ചതിനൊപ്പം റിപ്പോർട്ടിൽ കുറ്റകൃത്യങ്ങൾ ഉണ്ടെങ്കിൽ അത് കണ്ടില്ലെന്ന് വെയ്ക്കാനാവില്ലെന്നും കോടതി പറഞ്ഞു.
പുറത്തുവിട്ട റിപ്പോർട്ടിൽ കൊഗ്നിസിബൾ ഒഫൻസ് ഉണ്ടെങ്കിൽ നടപടി വേണം. ആരെങ്കിലും പരാതിയുമായി മുന്നോട്ടു വന്നാൽ നടപടി എടുക്കുമെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. വനിതാ കമ്മിഷനെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. കൊഗ്നിസിബിൾ ഒഫൻസ് ഉണ്ടെങ്കിൽ അത് പോക്സോ കേസിലാണെങ്കിൽ നടപടിയെടുക്കാനാകുമെന്നും സർക്കാർ വ്യക്തമാക്കി. മൊഴി നൽകിയവർക്ക് അക്കാര്യങ്ങൾ പുറത്തുപറയാൻ സാധിക്കാത്ത അവസ്ഥയാണെങ്കിലും സ്വകാര്യത സംരക്ഷിച്ചു കൊണ്ട് കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ പറ്റില്ലേ എന്ന് കോടതി ചോദിച്ചിരുന്നു.